അല്പനേരം കഴിഞ്ഞപ്പോൾ തുറന്നു കിടന്ന ജനലിനരികിൽ നിന്ന് ആരോ തന്നെ നോക്കുന്നപോലെ അവനു തോന്നി. ഞെട്ടിത്തിരിഞ്ഞ് നോക്കുമ്പോൾ ഒരു നിഴൽ തെന്നി മാറിയപോലെ തോന്നി.അവൻ എഴുനേറ്റു ജനലിനരികിൽ പോയി പുറത്തേക്ക് നോക്കി.
വടക്കേ മുറ്റത്തെ മാവിൻ ചുവട്ടിലൂടെ വേഗത്തിൽ നടന്നു പോകുന്ന അമ്മ. പുറംകൈകൊണ്ടു കണ്ണുകൾ തുടച്ചുകൊണ്ട് ….എവിടേക്കാണ്..?
പുഴയുടെ നേർക്കാണല്ലോ പോകുന്നത്. മനസ്സിൽ അപകടമണി മുഴങ്ങി.
മുറിയിൽ നിന്നും വെളിയിലേക്ക് കുതിച്ചു.
“അമ്മേ…..അവിടെ നിൽക്കമ്മേ…”
അവൻ അലറി വിളിച്ചു.
നിലവിളി കേട്ട് അവൾ ഒരുനിമിഷം തിരിഞ്ഞു നോക്കി. അവനെ കണ്ടതും അവൾ അതിവേഗത്തിൽ നടപ്പ് തുടർന്നു. പെട്ടെന്ന് മൂടിക്കെട്ടിയ ആകാശം ഒന്നാകെ താഴേക്ക് പതിച്ചതുപോലെ മഴ ഇരച്ചു വീണു. അവൻ അവളുടെ പിന്നാലെ കുതിച്ചു.വെള്ളം വീണു വഴുക്കൽ നിറഞ്ഞ മണ്ണിൽ ചുവടു തെന്നി അവൻ തെറിച്ചു വീണു. അവിടെനിന്നും ചാടിയെഴുന്നേറ്റു നോക്കുമ്പോഴേക്കും അവൾ അകലെ പുഴയിലേക്കുള്ള പടികൾ ഇറങ്ങി തുടങ്ങിയിരുന്നു.
“അമ്മേ. …”
അലറി വിളിച്ചുകൊണ്ട് അവനോടി. കുളിക്കടവിലെ പടികൾക്ക് മുകളിൽ എത്തുമ്പോഴേക്കും അവൾ പുഴയിലേക്ക് ഇറങ്ങിയിരുന്നു.
” രേവൂട്ടീ …..”
അവൻ നിലവിളിച്ചു. അവന്റെ ശബ്ദം പുഴക്കക്കരെ എത്തി പ്രതിധ്വനിച്ചു .
അവൾ അവസാനം എന്നപോലെ തന്റെ മകനെ ഒന്ന് തിരിഞ്ഞു നോക്കി.വിതുമ്പുന്ന ചുണ്ടുകൾ മന്ത്രിച്ചു.
“മോനേ… മാപ്പ്”
എന്നിട്ട് മുഖം തിരിച്ച് പുഴയിലേക്ക് നോക്കി. എല്ലാം ഇവിടെ അവസാനിക്കുകയാണ്. തന്റെ മകന് തന്നെ വേണ്ടാ. താലികെട്ടിയ പുരുഷൻ എന്നോ മനസ്സുകൊണ്ട് തന്നെ ഉപേക്ഷിച്ചുകഴിഞ്ഞു.ഇപ്പോൾ ദേ മകനും… ഇനി ആർക്കുവേണ്ടി താൻ ജീവിക്കണം ?.ഒരു നിമിഷം കൈകൾ കൂപ്പി അവൾ പ്രാർത്ഥിച്ചു, തന്റെ മകനെ കാക്കണമേ എന്ന്. അവൻ പടിക്കെട്ടുകൾ ഓടിയിറങ്ങി. തൊട്ടു പിന്നിൽ എത്തിയപ്പോഴേക്കും അവൾ പുഴയിലേക്ക് ചാടി.
