” മ്… കണ്ടാൽ മതി “
അവനൊന്നാക്കിയ പോലെ പറഞ്ഞു നിർത്തി
” പോകുന്നതിന് മുൻപ് നമുക്കാ രാഘവനെ ഒന്ന് കാണണ്ടേ ഹരി ? അയാളെ ഒതുക്കണം നമുക്കു .. “
” എന്തിന് നിനക്ക് ഭ്രാന്തുണ്ടോ? “
ഹരി എന്റെ അഭിപ്രായത്തോട് എതിർപ്പ് പ്രകടിപ്പിച്ചു…..
” പിന്നെ വീട് വരെ കേറിവന്നു ഭീഷണിപെടുത്താൻ അവനു ധൈര്യമുണ്ടെങ്കിൽ വീട്ടിൽ കയറി രണ്ടെണ്ണം പൊട്ടിക്കാൻ നമുക്കും ഉണ്ട് ധൈര്യം എന്ന് കാണിച്ചു കൊടുക്കണ്ടേ? “
” എന്റെ പൊന്നനന്ദു ചുമ്മാ ഗ്രൗണ്ടിൽ ഇറങ്ങി സിക്സ് അടിക്കുന്ന പോലെ അത്ര എളുപ്പം അല്ലാട്ടോ ഒരാളെ തല്ലാൻ ഒക്കെ. അതൊക്കെ വലിയ വിഷയം ആകും. നീ ആദ്യം പോയിട്ട് വാ എന്നിട്ട് നമുക്കിതിനെ കുറിച്ചാലോചിക്കാം….. “
അവൻ പറഞ്ഞതെനിക്ക് ബോധിച്ചില്ലെങ്കിലും ഞാൻ അത് അംഗീകരിച്ചു…
” പൊള്ളാച്ചിക്ക് ഇവിടെ നിന്നും എത്ര ദൂരം ഉണ്ട് ? “
കട്ടിലിനു താഴെ തറയിൽ കിടന്നു കൊണ്ടവൾ സംശയങ്ങൾ ചോദിച്ചു.
” ഒരു നൂറ്റമ്പത് അടുത്തുണ്ടാകും “
” അതിനാണോ ഈ രണ്ടു ദിവസത്തെ യാത്ര ? ഒറ്റ ദിവസം പോരെ ? “
അച്ഛനെ കാണാൻ പോകുന്നതിന്റെ ആകാംക്ഷയിലാണ് അവൾ. എത്രയും വേഗം അച്ഛനെ കാണുക .. നടന്നതെല്ലാം പറയുക… അച്ഛന്റെ ഒപ്പം കൂടുക. അത് മാത്രമാണിപ്പോൾ ദേവുവിന്റെ മനസ്സിൽ എന്നെനിക്ക് തോന്നി. ….
