ഒന്നിച്ചിരുന്നു ജീവിതത്തിനെ പറ്റി സ്വപ്നങ്ങൾ നെയ്തു മനോഹരമായ നിമിഷങ്ങൾ തന്നു അനുഗ്രഹിച്ച സൃഷ്ടാവിനു നന്ദിപറയുന്നതും പിന്നെ അവളുടെ മടിത്തട്ടിൽ ആ മുഖം കണ്ടു അവൾ പാടിത്തരുന്ന പാട്ടും കേട്ടു കുറച്ചു സമയം മയങ്ങുന്ന ഒരു സ്വപ്നം.അത് കാണുന്ന ദിവസങ്ങളിൽ ഞാൻ പോലുമറിയാതെ എന്റെ ഉള്ളിൽ നിറയാറുള്ള പോസിറ്റീവ് എനർജി ഈ ലോകത്തെ മറ്റേതു കാര്യത്തിനും തരാൻ കഴിയില്ലെന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം.അത് തരുന്ന ലഹരിയിൽ ഈ ലോകം തന്നെ ചുവപ്പും നീലയും പൂക്കളുള്ള ഗുൽമോഹർ നിറഞ്ഞ ആ വഴിത്താരയായി എനിക്ക് അനുഭവപ്പെട്ടിരുന്നു …സത്യത്തിൽ മുഖമറിയാത്ത ആ കുട്ടിക്ക് വേണ്ടിയുള്ള അടക്കാനാകാത്ത ആഗ്രഹമായിരിക്കാം എനിക്ക് കീർത്തനയോടു ഇത്രയും ഇഷ്ടം തോന്നിക്കാനുള്ള കാരണം .ചിലപ്പോൾ ആ ആഗ്രഹം നഷ്ടപ്പെടുമോ എന്നുള്ള ഭയമായിരിക്കാം എന്നെ ഇത്രത്തോളം തകർത്തത്, ചെറുതെങ്കിലും ആർക്കും പറഞ്ഞുകൊടുക്കാൻ കഴിയാത്തവണ്ണം എന്നെ മുന്നോട്ടു പോവാൻ പ്രേരിപ്പിച്ചിരുന്ന എന്തോ ഒരു ശക്തി ആ സ്വപ്നത്തിനുണ്ടായിരുന്നില്ലേ …!!! എന്റെ ആഗ്രഹങ്ങൾക്ക് പഠിക്കുന്നത് ലിറ്ററേച്ചർ കൂടി ആയതുകൊണ്ടുതന്നെ മനസിനെ എളുപ്പത്തിൽ കീഴ്പ്പെടുത്താൻ കഴിഞ്ഞതാണ് ..കണക്കിനെ പേടിച്ചു എടുത്തതാരുന്നെങ്കിലും കോഴ്സിന് ചേർന്ന് ആദ്യ വർഷം കഴിഞ്ഞു വായനയുടെ ലോകത്ത് എത്തിപ്പെട്ടപ്പോൾ ഞാൻ പോലും അറിയാതെ ലിറ്ററേച്ചറിന്റെ മാസ്മരികത ഒരു ലഹരിയായി ആഴ്ന്നിറങ്ങി ..സിൽവിയ പ്ലാത്തും ,ഹെമിങ്വേയും , കീറ്റ്സും ഷെല്ലിയും ഷേക്‌സ്പീയരും എന്നെ ഒന്നോടെ മാറ്റിക്കളഞ്ഞു .കണക്കിൽ നിന്നുള്ള ഒളിച്ചോട്ടം അക്ഷരാർത്ഥത്തിൽ അറിവിന്റെ മറ്റൊരു ലോകത്തേക്ക് പലായനമായിരുന്നു .പക്ഷെ സംഭവിച്ചതിൽ നെഗറ്റീവ് ആയതു ലിറ്ററേച്ചറിലേക്ക് അടുക്കുന്തോറും എന്റെ മനസികനിലയിൽ കാര്യമായ മാറ്റം വന്നതാണ് , ചെറിയ കാര്യങ്ങളിൽ സന്തോഷിക്കാൻ കഴിഞ്ഞ പോലെ തീരെ ചെറിയ കാര്യങ്ങൾ എന്നെ സങ്കടപെടുത്താനും തുടങ്ങി.അതിന്റെയെല്ലാം ആകെത്തുകയായി മാറിയതാവാം ഇന്നത്തെ സംഭവങ്ങളും.
ഇങ്ങനെ ചിന്തിച്ചു ഓരോന്നിനും ഉത്തരങ്ങൾ കണ്ടെത്താൻ തുടങ്ങിയതോടു കൂടി എന്റെ മാനസിക പിരിമുറുക്കം അയഞ്ഞു തുടങ്ങി ..കീർത്തനയല്ല ആ കുട്ടി ഈ ലോകത്തെവിടെയോ എനിക്ക് വേണ്ടി ഉണ്ടാകുമെന്ന് വിശ്വസിക്കാൻ തിരുമാനിച്ചു .ഇനി ആരുടെയും മുഖം അതുമായി മാച്ച് ആക്കുവാൻ മനഃപൂർവം ശ്രമിക്കേണ്ടതില്ലെന്നും എന്നിലേക്ക് ചേരുന്ന ഒന്നാവണം അതെന്നും മനസിനെ പഠിപ്പിക്കുകയാണ് ഇനിയുള്ള ലക്‌ഷ്യം …കാരണം സ്വയം ചികിത്സയേക്കാൾ നല്ലൊരു മരുന്ന് മനസിന് വേറെ കിട്ടാൻ ബുദ്ധിമുട്ടാണ് …
ഇനിയും ഏറെ ദൂരങ്ങൾ താണ്ടേണ്ട ഞാൻ ഇന്നു ചെയ്തത് ന്യായീകരിക്കാൻ പറ്റുന്ന ഒന്നല്ലെന്നും മനസിനെ പറഞ്ഞു പഠിപ്പിക്കാൻ തുടങ്ങി .മനുഷ്യർ എപ്പോളും സ്വാർത്ഥരാണ് , അവർ ഭംഗിയുള്ള എല്ലാം സ്വന്തമാക്കാൻ ആഗ്രഹിക്കും .കീർത്തന ഭംഗിയുള്ള ഒരു റോസാപ്പൂ ആയിരുന്നു , ഭംഗിയിൽ മതിമറന്നതുകൊണ്ടും സ്വപ്നലോകത്തായിരുന്നത്കൊണ്ടും അവൾക്കു ചുറ്റിനുള്ള മുള്ളിന്റെ കവചം ഞാൻ കണ്ടില്ല , ചെറുതായൊന്നു മുറിഞ്ഞപ്പോളേക്കും ഞാൻ ഇത്രയ്ക്കു തകർന്നെങ്കിൽ അതെന്റെ പരാജയം തന്നെയാണ് .
ഇങ്ങനെ ശെരിയും തെറ്റും തമ്മിലുള്ള മൽപ്പിടുത്തം മനസ്സിൽ നടന്നുകൊണ്ടേ ഇരുന്നു , അമ്മ ഇടയ്ക്കു ചോറ് കഴിക്കാൻ വിളിച്ചപ്പോളേക്കും ഞാനേതാണ്ടൊക്കെ സമാധാനപ്പെട്ടിരുന്നു .പോയിരുന്നു കഴിക്കുമ്പോൾ ആരുമൊന്നും സംസാരിച്ചില്ല ..എന്ത് പറയണമെന്നു അറിയാത്തതുകൊണ്ട് കഴിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചു ..തിരിച്ചു റൂമിലേക്ക് കേറുന്നതിനു മുൻപ് അമ്മയോട് ഒരു സോറി മാത്രം പറയാൻ തോന്നി .
