” അത് ……ഞാനും അവളും അടുത്തടുത്ത് ….പിന്നെ ശബരി , അവളുടെ അമ്മ , പിന്നെ നമ്മുടെ അമ്മമാരും.. ….നീ കാര്യം പറ …”
എനിക്ക് കുറേശ്ശെ ദേഷ്യം വരാൻ തുടങ്ങി…ഇവക്കു കാര്യം പറഞ്ഞൂടെ …പക്ഷെ എന്റെ ചോദ്യം കേട്ട് അവൾ പുച്ഛഭാവത്തിൽ എന്നെ നോക്കി അവളുടെ തലക്കു കൈകൊടുത്തു …
” എന്റെ മണ്ടൻകുണാപ്പി മനുവേട്ടാ ….അവളുടെ അമ്മ കേട്ടപ്പോലെ നമ്മുടെ അമ്മമാർ കേട്ടിട്ടുണ്ടാവൂലെ …?? അവരിൽ ഒരാളെങ്കിലും കേക്കാണ്ടിരിക്കുമോ ….?”
അവളുടെ ചോദ്യത്തിൽ ഞാൻ ക്ലീൻ ബൗൾഡ് ആയി……അതിനെപ്പറ്റി അങ്ങനെയൊരു സാധ്യതയെപ്പറ്റി ഞാൻ ചിന്തിച്ചില്ലല്ലോ …..ഇവൾ ശബരിക്ക് പറ്റിയ മുതലാണ്…സംഗതി ശെരിയാണല്ലോ…അമ്മ അങ്ങനെ എല്ലാം എന്നോട് പറയുന്ന സ്വഭാവക്കാരിയല്ല ..ഇനി ഇതൊക്കെ അറിഞ്ഞാലും മനസ്സിൽ വെക്കുകയെ ഉള്ളൂ , അതാണ് പ്രശ്നം…
” അമ്മ അറിഞ്ഞാൽ അത് എന്റടുത്ത് എങ്ങനേലും പുറത്തു ചാടേണ്ടതാണ്….അറിഞ്ഞിട്ടുണ്ടാവാൻ വഴിയില്ല…..നോക്കട്ടെ..”
അവൾ ചൂണ്ടുവിരൽ കൊണ്ട് ചുണ്ടിൽ തട്ടി ആലോചിച്ചുകൊണ്ടു പറഞ്ഞു…..എനിക്ക് അമ്മുവിൻറെ ഭാഗം മുഴുവൻ ക്ലിയർ ആയും എന്റെ ഭാഗത്തേക്ക് നോക്കുമ്പോൾ മുഴുവൻ ഇരുട്ടുമാണ് തോന്നിയത്…അഴിക്കുംതോറും മുറുകുന്ന കുരുക്കാവുമോ എന്തോ…!
” മനുവേട്ടനെന്താ ആലോചിക്കുന്നെ…?? ”
അവൾ തോൾ കൊണ്ട് തട്ടി ചോദിച്ചു…
” എല്ലാം കൂടെ വള്ളിക്കെട്ടാവുമോ എന്ന് ആലോചിച്ചതാ…”
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു…..
” എന്ത് വള്ളിക്കെട്ട്…….ഇത്രേം ഭാഗം ok ആയില്ലേ ..ഇനി ബാക്കികൂടി ആവും….ഒന്നുമില്ലെങ്കിലും അവളുടെ അച്ഛൻ തന്നെ സപ്പോർട്ട് ഇല്ലേ….”
അവൾ ധൈര്യം തന്നു….ഞാൻ തലകുലുക്കി സമ്മതിച്ചു ….
” ദേ ….ഒരാൾ പാളിനോക്കുന്നു ….”
നിത്യ എന്നോട് സ്വകാര്യം പറഞ്ഞു ..നോക്കുമ്പോൾ ഞങ്ങൾക്ക് അഭിമുഖമായി അമ്മുവും ചേച്ചിമാരും ഇരുന്നു സദ്യയുണ്ണുന്നു…എല്ലാം കഴിച്ചു തീരാനായിട്ടുണ്ട് …ഇവരൊക്കെ എപ്പളാണാവോ ഇരുന്നത്…..ഞാൻ ശ്രദ്ധിക്കാതിരുന്നത് കൊണ്ട് ഇടക്കിടെ എന്നെ ഇടംകണ്ണിട്ട് നോക്കുന്നുണ്ട് അമ്മുട്ടി…അതാണ് നിത്യ പറഞ്ഞുതന്നത് …..ഞാൻ ഒരു ചെറുചിരിയോടെ അവൾ കഴിക്കുന്നത് നോക്കി ഇരുന്നു ….ഞാൻ നോക്കുന്നത് കണ്ട് ചെറിയൊരു നാണത്തോടെ അവൾ കഴിക്കൽ തുടർന്നു , ഇടയ്ക്കു അസഹനീയമാകുമ്പോൾ ചുണ്ട് കെറുവിച്ചും , പുരികം പൊക്കിയും അവൾ പ്രതിഷേധമറിയിച്ചു ……എനിക്കിതെല്ലാം കണ്ട് ചിരി വരുന്നുണ്ടെങ്കിലും ഞാൻ പ്രത്യേകിച്ച് ഭാവങ്ങളൊന്നും കാണിക്കാതെ അവളുടെ ഗോഷ്ടികൾ കണ്ട് ഇരുന്നു …..
