അവനാണ് അവളെ ബലാല്‍സംഗം ചെയ്യാനും അബോര്‍ട്ട് ചെയ്യാനും ഡെവിള്‍സിന് കൊട്ടേഷന്‍ നല്‍കിയത് എന്ന് ഡിക്രൂസ് സമ്മതിച്ചു കഴിഞ്ഞു. കബീര്‍ ആണ് ഈ കേസിലെ ഒന്നാം പ്രതി. അവനെ കിട്ടിയില്ല എങ്കില്‍ ഡെവിള്‍സിനെ എന്തെങ്കിലും ചെയ്യാന്‍ പറ്റും എന്ന് ഞാന്‍ കരുതുന്നില്ല..അതുകൊണ്ട് കബീറിനെ കൊല്ലാന്‍ വേണ്ടി ആയിരിക്കണം അവര്‍ അയാളെ ഇറക്കിയത്” പൌലോസ് തന്റെ അനുമാനം ഇന്ദുവിനെ അറിയിച്ചു.
“പക്ഷെ ഇന്ദൂ..വാസുവിന് സെക്യൂരിറ്റി നല്‍കണം..എനിക്ക് ആകെ പേടി തോന്നുന്നു..” ഡോണ ഇടയ്ക്ക് കയറി പറഞ്ഞു.
“അപ്പോള്‍ നിനക്ക് സെക്യൂരിറ്റി വേണ്ടേ? വാസുവിനെക്കാള്‍ നിന്റെ കാര്യമാണ് അപകടത്തില്‍…വാസു ഇത്തരം കാര്യങ്ങള്‍ നേരിടാന്‍ പ്രാപ്തനാണ്. നിന്റെ കാര്യം അതുപോലെയല്ല. വാസുവിന്റെ സാന്നിധ്യം നിന്റെ ഒപ്പം രാത്രിയിലും ഉണ്ടാകണം എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷെ പൌലോസ് പറഞ്ഞത് പോലെ കബീര്‍ ആണ് അയാളുടെ ടാര്‍ഗറ്റ് എങ്കില്‍, നിന്റെ ഇത്ര നാളത്തെയും കഷ്ടപ്പാടുകള്‍ക്ക് പ്രയോജനം ലഭിക്കാതെ പോകും”
“യെസ്..എനിക്കതറിയാം. കബീര്‍ അവളെ പ്രണയിച്ചു ചതിച്ചത് തെളിവ് സഹിതം ബോധ്യപ്പെട്ടാല്‍ മാത്രമേ അനന്തര തെളിവുകള്‍ കോടതി അംഗീകരിക്കൂ. അവളുമായി യാതൊരു ബന്ധവും ഇല്ലാത്ത ഡെവിള്‍സ് ഒരു കാരണവും കൂടാതെ അവളെ തട്ടിയെടുത്ത് ബലാല്‍സംഗം ചെയ്തു എന്ന് കോടതി വിശ്വസിക്കില്ല. പ്രത്യേകിച്ചും ഒരുതവണ കേസ് തീര്‍പ്പായ സ്ഥിതിക്ക്..കബീര്‍ ഒരു കാരണവശാലും മരിക്കാന്‍ പാടില്ല. ഒരു മുംതാസ് മാത്രമല്ല, മരിച്ചുപോയ അസീസിന്റെ ഭാര്യ മീന ഉള്‍പ്പെടെ, മരണത്തിന്റെ വക്കിലെത്തിയ ഷാജിയും അവന്റെ മകളും, അങ്ങനെ എണ്ണമില്ലാത്തത്ര കുറ്റകൃത്യങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഡെവിള്‍സിനെ യാതൊരു പഴുതുമില്ലാതെ പൂട്ടാന്‍ വേണ്ടി മാത്രമാണ് ഞാനിതിന്റെ പിന്നാലെ ഇറങ്ങി തിരിച്ചത്. കൊച്ചി നഗരത്തിലെ അവരുടെ സമാന്തര ഭരണം അവസാനിപ്പിച്ചേ പറ്റൂ..അതുകൊണ്ട് ഇത്രയും അധികം നമ്മള്‍ ഈ കേസില്‍ മുന്നേറിയ സ്ഥിതിക്ക്, കബീര്‍ കൊല്ലപ്പെട്ടാല്‍ എല്ലാം പാഴായിപ്പോകും..” ഡോണ നിരാശയും ഒപ്പം നിശ്ചയദാര്‍ഢ്യവും സ്ഫുരിക്കുന്ന സ്വരത്തില്‍ പറഞ്ഞു.
“അതെ..പക്ഷെ ഡോണ..ഞാന്‍ പറയാന്‍ മറന്നു..വലിയ ഒരു പ്രശ്നം ഇതിനിടെ ഉണ്ടായി..” ഇന്ദു പറഞ്ഞത് കേട്ടു മൂവരും ആകാംക്ഷയോടെ അവളെ നോക്കി.
