എന്റെ തോളിലേക്ക് താടിയെല്ല് അമർത്തി ഇരുന്ന് അവൾ പറഞ്ഞു.
“വേണ്ടടാ.. നമുക്ക് നേരെ വീട്ടിൽ പോകാം. ഞാൻ രാത്രി എന്തെങ്കിലും ഉണ്ടാക്കിക്കൊള്ളാം.”
ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.
പിന്നും ദേവു നിശ്ശബ്ദതയായി. ഞാൻ ഗ്ലാസിൽ കൂടി എന്റെ തോളിൽ അമർന്നിരിക്കുന്ന ദേവുവിന്റെ മുഖം നോക്കുമ്പോൾ അവൾ മറ്റേതോ ലോകത്താണ്.
“ദേവു..”
അവൾ പെട്ടെന്ന് ഞെട്ടി കൊണ്ട് ഒന്ന് മൂളി.
“എന്ത് പറ്റി നിനക്ക്?”
“ഒരു കാര്യം ഉണ്ട്.. ഞാൻ വീട്ടിൽ എത്തിയിട്ട് പറയാം എന്നും വിചാരിച്ച് ഇരിക്കുകയായിരുന്നു.”
“എന്താ കാര്യം.. നീ ഇപ്പോൾ തന്നെ പറഞ്ഞോ..”
അവൾ എന്നിലേക്ക് ഒന്നുകൂടി ചേർന്ന് ഇരുന്നുകൊണ്ട് പറഞ്ഞു.
“അഭിലാഷേട്ടൻ ഇന്ന് ട്രെയിനിൽ വച്ച് എന്നോട് പറഞ്ഞു… പുള്ളിക്കാരന് എന്നെ ഇഷ്ട്ടമാണ്. ഡിവോഴ്സ് ആയതൊന്നും ആൾക്ക് കുഴപ്പമില്ലെന്ന്.”
ഞാൻ ഒന്ന് മൂളി.
“അഭിലാഷേട്ടൻ ഇത്രയും നാൾ ചില സൂചനകളൊക്കെ തന്ന് കിടന്ന് കറങ്ങുന്നുണ്ടായിരുന്നെങ്കിലും തുറന്നുള്ള ഒരു പറച്ചിൽ ഇന്ന് ആദ്യമായിട്ടായിരുന്നു.”
“എന്നിട്ട് നീ എന്ത് പറഞ്ഞു.”
“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുള്ളിക്കാരൻ എന്റെ കാര്യത്തിൽ ഇത്തിരി സീരിയസ് ആണെന്ന് എനിക്ക് തോന്നിയിരുന്നു. അതുകൊണ്ട് തന്നെ ഞാൻ എന്റെ എല്ലാ കാര്യങ്ങളും ഇന്നത്തെ പ്രൊപ്പോസിങ്ങിന് മുൻപ് ആളോട് പറഞ്ഞിട്ടുണ്ടായിരുന്നു.”
“ഇന്നിപ്പോൾ പ്രൊപ്പോസ് ചെയ്തപ്പോൾ നീ എന്താ പറഞ്ഞത്.”
“നിന്റെ നമ്പർ കൊടുത്തു. നിന്നോട് എന്താണ് വച്ചാൽ സംസാരിച്ചോളാൻ പറഞ്ഞു.”
“നമ്പർ കൊടുത്തല്ലോ.. അപ്പോൾ പിന്നെ എന്നെ വിളിച്ചോളും.. നീ അതിനെന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്.”
അവൾ കുറച്ച് നേരം മിണ്ടാതിരിന്നിട്ട് പറഞ്ഞു.
“അഭിലാഷേട്ടൻ പ്രൊപ്പോസ് ചെയ്തപ്പോൾ എനിക്ക് പെട്ടെന്ന് ബിബിനെ ഓർമ വന്നു. അവനും ഇതുപോലെ തന്നെ ഡിവോഴ്സ് ആയതൊന്നും പ്രശ്നമില്ല എന്നും പറഞ്ഞല്ലേ പ്രൊപ്പോസ് ചെയ്തത്.”
“എല്ലാരും അവനെ പോലെ ആകണമെന്നില്ലല്ലോ ദേവു.”
അവൾ പിന്നെ ഒന്നും മിണ്ടിയില്ല.
