കയ്യിലുള്ള 600 രൂപ തീർക്കാൻ മനസ്സ് വരുന്നില്ല. എടുത്തിറങ്ങിയ 3 ഡ്രസ്സുകളും മുഷിഞ്ഞു. നാട്ടിലെ അവസ്ഥ എന്താണെന്ന് എനിക്കറിയില്ല. ഒരു പക്ഷേ, എന്നെ കാണാനില്ല എന്നമ്മ പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തിട്ടുണ്ടെങ്കിൽ, ഉറപ്പായും പോലീസ് എന്നെ കണ്ടെത്തി നാട്ടിലെത്തിക്കും. അങ്ങനെയും സംഭവിച്ചേക്കാം. അവരോടൊന്ന് മിണ്ടാനെങ്കിലും പറ്റിയിരുന്നേൽ അല്പം വിഷമം കുറഞ്ഞേനേ. ഫോൺ വിളിച്ചാലോ ചേച്ചിയെ..?? വേണ്ട..
വീണ്ടും വീണ്ടും ആലോചിച്ചങ്ങനെ ഇരുന്നു. എന്തുതന്നെയായാലും ചേച്ചിയെ ഒന്ന് വിളിക്കാം എന്ന് ഒടുവിൽ തീരുമാനിച്ചു. അടുത്തിരുന്ന ആ അപരിചിതന്റെ കയ്യിൽ നിന്നും അറിയാവുന്ന ഭാഷയിൽ പറഞ്ഞു മനസ്സിലാക്കി അയാളുടെ മൊബൈൽ ഫോൺ ഒരു കോൾ ചെയ്യാനായി വാങ്ങി. മനസ്സിൽ ഉണ്ടായിരുന്ന ചേച്ചിയുടെ നമ്പർ ഓർത്തെടുത്തു. കോൾ ചെയ്തു.
ബെല്ലുണ്ട്. മൂന്നാമത്തെ ബെല്ല് തീർന്നപ്പോൾ ചേച്ചി ഫോണെടുത്തു.
“ഹലോ.. ഹലോ.. – എൻറെ ചേച്ചിയുടെ ശബ്ദം. അത് കേട്ടപ്പോൾ തന്നെയെനിക്ക് പകുതി ആശ്വാസമായി, ഒപ്പം കരച്ചിലും. ഞാനൊന്നും മിണ്ടിയില്ല.
“ഹലോ ആരാണ്.. ചേച്ചി വീണ്ടും വീണ്ടും ചോദിച്ചു.
“ആരാടി.. അവനാണോ.. പതിഞ്ഞ സ്വരത്തിൽ അമ്മയുടെ ശബ്ദവും കേൾക്കാം..
അതെല്ലാം ഒരു മുള്ള് പോലെ എന്റെ ശരീരത്തിൽ എവിടെയൊക്കെ കൊള്ളുന്നു..
“ചേച്ചി.. -ഞാൻ പതിയെ വിളിച്ചു.
“മോനെ.. എടാ.. മനു കുട്ടാ.. നീ എവിടെയാണ്.. എത്ര ദിവസമായി.. – അതും പറഞ്ഞു ചേച്ചി കരച്ചിലായി. പെട്ടന്ന് അമ്മ ഫോൺ തട്ടിപ്പറിച്ചു, ഉറക്കെ കരഞ്ഞുകൊണ്ട് ഫോണിലൂടെ പറഞ്ഞു,
“എൻറെ പൊന്നുമോനെ.. നീ ഇങ്ങു വാടാ.. ഞങ്ങൾക്ക് വേറെ ആരും ഇല്ലടാ.. മോനെ നീ ഒന്നും ചെയ്യല്ലേ.. അമ്മ അല്ലേടാ പറയുന്നത്.. വേഗം വാടാ..
“അമ്മേ.. -എൻറെ സകല വിഷമങ്ങളും മാറ്റി ഞാൻ വിളിച്ചു.
“എന്റെ പൊന്നുമോനെ നീയിങ്ങു വാടാ.. അമ്മക്ക് നീയേ ഉള്ളേട.. പൊന്നുമോനെ വാടാ..
അമ്മയുടെ കരച്ചിലും വിളിയും എന്നെ കൂടുതൽ വിഷമത്തിലാക്കി.. ഒന്നും ആലോചിക്കാതെ ഞാൻ പറഞ്ഞു:
“ഞാൻ വരാം.. ഇത്രയും പറഞ്ഞു ഫോൺ കട്ടാക്കി. എൻറെ ശരീരമാകെ വിയർത്തു. എങ്ങനെയെങ്കിലും നാട്ടിലെത്തണം.
നാട്ടിലേക്കിനിയുള്ള അടുത്ത ട്രെയിൻ വൈകുന്നേരം 3 മണിക്കാണ്. ഇപ്പൊ സമയം 1 കഴിഞ്ഞതേയുള്ളൂ.. 345 രൂപയാണ് ടിക്കറ്റ്.. എന്തായാലും ബാക്കി പൈസക്ക് ഒരു മീൽസ് വാങ്ങി കഴിച്ചു. വിശന്നിരുന്നതുകൊണ്ടാകാം, നല്ല രുചിയുണ്ട്.
