“ഇവന് ആവശ്യത്തിലേറെ കിട്ടി..വൃത്തികെട്ടവന്‍. വിട്ടേക്ക് മോളെ..ഇവനെ ഇതില്‍കൂടുതല്‍ ഒന്നും പോലീസും ചെയ്യാന്‍ പോകുന്നില്ല. എന്തായാലും അവനെ നീ രണ്ടാമത് കണ്ടത് ഇങ്ങനെയൊരു സാഹചര്യത്തില്‍ ആണല്ലോ; അത് നന്നായി..അവന്റെ മുഖം നോക്കി ഒരു ചവിട്ടു കൊടുത്തേക്ക്..ദാറ്റ് വില്‍ ഇറേസ് യുവര്‍ ഐര്‍ ഫോറെവര്‍..” മുതലാളി പറഞ്ഞു. പെണ്‍കുട്ടി അവന്റെ നെഞ്ചിനു തന്നെ ആഞ്ഞൊരു ചവിട്ടു കൊടുത്തു. പിന്നെ വെറുപ്പോടെ അവന്റെ മുഖത്തേക്ക് തുപ്പി.
“ആരാണ്..ആരാണിവനെ കൈകാര്യം ചെയ്തത്..” ചുറ്റും നോക്കിക്കൊണ്ട് മുതലാളി ചോദിച്ചു. ജനക്കൂട്ടം ഗോപിയെ തിരഞ്ഞ് പിന്നിലേക്ക് നോക്കി.
“ചെല്ലടാ..ചെന്നു പറ നീയാണെന്ന്..” ഗീത ഗോപിയെ പിന്നോട്ട് വലിച്ചുകൊണ്ട് പറഞ്ഞു. അവന്‍ പോകാന്‍ തുടങ്ങുകയായിരുന്നു.
“എന്തിനാടി..നമുക്ക് പോകാം” അവനവളുടെ കൈ പിടിച്ചു മാറ്റി.
“എടാ അയാള്‍ ആരാണെന്ന് നിനക്കറിയാമോ? ചെന്നു കാണെടാ..അതാണ് കരുണകരന്‍ മുതലാളി” ഗീത അവന്റെ കാതില്‍ മന്ത്രിച്ചു. മുതലാളിയും പെണ്ണും തങ്ങളെ നോക്കുന്നത് കണ്ടപ്പോള്‍ ഗീത ഗോപിയെ വിട്ടു.
“അച്ഛാ ദാ അയാളാണ്” പെണ്‍കുട്ടി ഗോപിക്ക് നേരെ വിരല്‍ ചൂണ്ടി.
“ഏയ്..ഒന്നിങ്ങു വന്നെ..” മുതലാളി അവനെ നോക്കി ഉറക്കെ വിളിച്ചു.
ഗോപി അയാളുടെ അരികിലേക്ക് ചെന്നപ്പോള്‍ ഗീതയും അകലം വിട്ട് അവന്റെ പിന്നാലെ ചെന്നു.
“താങ്കളാണോ ഇവനെ തല്ലിയത്..” മുതലാളി സുസ്മേരവദനനായി ചോദിച്ചു.
“അത്…”
“അതെ അച്ഛാ ഞാന്‍ കണ്ടതല്ലേ..” അങ്ങനെ പറഞ്ഞിട്ട് അവള്‍ ഗോപിയെ നോക്കി “എന്താ പേര്?”
“ഗോ..ഗോപി..”
“ഗോപി..ഇവനൊരു വൃത്തികെട്ടവനാണ്..ഒരിക്കല്‍ എന്റെ മോളെ ശല്യപ്പെടുത്തിയവന്‍. അന്നിവനെ ഞങ്ങള്‍ക്ക് കിട്ടിയില്ല..പക്ഷെ ഇവന്റെ ചീഞ്ഞ മുഖം എന്റെ മോള്‍ ഓര്‍ത്ത് വച്ചിരുന്നു..എന്നെങ്കിലും കണ്ടാല്‍ പകരം ചോദിക്കാന്‍. ഇന്ന് ഞങ്ങള്‍ക്ക് വേണ്ടി നിങ്ങളത് ചെയ്തു..വളരെ നന്ദി” മുതലാളി അവന്റെ തോളില്‍ തട്ടി അഭിനന്ദിച്ചു.
“ശരി..” അത്രയും പറഞ്ഞിട്ട് ഗോപി തിരികെ നടക്കാനാഞ്ഞപ്പോള്‍ മുതലാളിയുടെ മകള്‍ അവനെ വീണ്ടും വിളിച്ചു.
“മിസ്റ്റര്‍ ഗോപി..എന്റെ പേര് ശ്രുതി…ദിസ് ഈസ് മൈ കാര്‍ഡ്..താങ്കള്‍ എന്നെ സൗകര്യം പോലെ വന്നൊന്ന് കാണണം..അയാളെ കാലുമടക്കി അടിച്ച ആ സീന്‍, എനിക്കൊരിക്കലും മറക്കാന്‍ പറ്റില്ല..ഐ റിയലി ലവ്ഡ് ഇറ്റ്..യു ആര്‍ എ റിയല്‍ ഹീറോ” അവള്‍ നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു.
ഗോപി തലയാട്ടിയ ശേഷം വേഗം ഗീതയുടെ അരികിലേക്ക് ചെന്നു.
“സ്ട്രെയ്ന്ച് ഫെലോ” അങ്ങനെ പറഞ്ഞിട്ട് ശ്രുതി ചെന്നു കാറില്‍ കയറി. വണ്ടി മുന്‍പോട്ടു നീങ്ങുമ്പോഴും ആള്‍ക്കൂട്ടത്തിലൂടെ നടന്നു പോകുന്ന ഗോപിയുടെ മേലായിരുന്നു അവളുടെ കണ്ണുകള്‍.
