“അത് ഞാനുമാലോചിക്കാതെയില്ല.
മോളുടെ അച്ഛനെ ഞാനൊന്ന് കാണുന്നുണ്ട്, വൈകാതെ തന്നെ.”
“അത് പറഞ്ഞപ്പോഴാ ഓർത്തത്. നാളെ വീണയൊന്ന് തറവാട്ടിലേക്ക് പോകും.അമ്മക്ക് കാണാൻ കൊതി തോന്നും, അതുകൊണ്ടാ ഇപ്പൊ ഈ പോക്ക് പോലും.അവിടുന്ന് വിളിക്കുകയും ചെയ്തു.”
“മ്മ്മ്…….അധികം യാത്ര വേണ്ട എന്ന് പറയ് മോളോട്.എന്നാലും ചിലത് ഒഴിവാക്കാൻ പറ്റില്ലല്ലൊ.സൂക്ഷിച്ചു പെരുമാറേണ്ട സമയമാണ്.ശ്രദ്ധിച്ചു കൊണ്ട് പോകാൻ പറയ് ശംഭുവിനോട്.”
“അതൊക്കെ അറിയാം മാഷെ. അവിടുത്തെ അമ്മക്ക് യാത്ര പറ്റില്ലല്ലൊ.ഒരാഗ്രഹം പറയുമ്പോൾ എങ്ങനെയാ.ഈ സന്തോഷത്തിൽ മോളെ കാണാൻ കൊതിയുണ്ടാവില്ലെ?”
“മ്മ്മ്മ്……… അവര് പോയി വരട്ടെ.
പിന്നെ നമുക്കും അവിടെവരെ ഒന്ന് പോകണം.പിള്ളേര് പോയിവന്നിട്ട് മതി.നാടറിഞ്ഞുള്ള കെട്ടും,കൂട്ടി കൊണ്ടുപോകുന്ന ചടങ്ങും എല്ലാം ഒന്ന് തീരുമാനിക്കണം.”
“മാഷെ………..എന്നാലും ഒരു പ്രശ്നം”
“അത് ഞാൻ പരിഹരിക്കും സാവിത്രി, അവര് ജീവിച്ചുതുടങ്ങിയതിനിടയിൽ തടസങ്ങൾ പാടില്ല.”ഗോവിന്ദിനെ ആണ് സാവിത്രി ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കിയ മാധവൻ മറുപടി കൊടുത്തു.
അപ്പോഴും മാധവനെ കുഴക്കുന്ന ഒരു പ്രശ്നം അയാളുടെ മനസ്സിലുണ്ടായിരുന്നു.”ചന്ദ്രചൂഡൻ”
അയാളെ എങ്ങനെ എതിരിടുമെന്നത് അല്ലായിരുന്നു മാധവന്റെ പ്രശ്നം. വിജയം തനിക്കാവും എന്ന് മാധവന് ഉറപ്പുമുണ്ടായിരുന്നു.പക്ഷെ സാവിത്രിയെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നത് അയാളുടെ വഴിയിലെ മുള്ളായിരുന്നു.ആ മുള്ള് ഇലക്ക് കേടില്ലാതെ എടുത്തുമാറ്റാൻ ഒരു ഉപായം മാധവൻ തിരഞ്ഞുകൊണ്ടിരുന്നു.
*****
അന്ന് രാത്രിയിൽ പോലീസ് സ്റ്റേഷൻ പരിസരം.ലോക്കപ്പിന്റെ ഒരു മൂലക്ക് ചുരുണ്ടുകൂടിയിരിക്കുകയാണ് വാസു
ലോക്കപ്പിന് പുറത്ത് ഒന്നുരണ്ട് പോലീസ് ഏമാൻമാർ ഓഫീസ് കാര്യങ്ങളും നോക്കി തങ്ങളുടെ സീറ്റിലിരിക്കുന്നു.ഒരാൾ പാറാവിന് നിൽക്കുന്നുണ്ട്.എട്ടുമണി കഴിഞ്ഞ സമയം.പെട്രോളിങിന് രണ്ട് വണ്ടി കുറച്ചു മുന്നേ പോയതേയുള്ളൂ.
ലോക്കപ്പിനുള്ളിൽ എന്തോ ഓർത്ത് ഇരിക്കുകയാണ് വാസു.താൻ ചെയ്യേണ്ട കാര്യങ്ങൾ അയാൾ മനസ്സിൽ ഒന്ന് ഊട്ടിയുറപ്പിക്കുന്ന സമയം.സാഹചര്യം അനുകൂലമായി വരുമ്പോൾ തനിക്കുള്ള സഹായം എത്തുമെന്നാണ് ഡ്യുട്ടി കഴിഞ്ഞു പോകുന്നതിന് മുൻപ് ദാമോദരൻ തന്നോട് പറഞ്ഞതെന്ന് അയാൾ ഓർത്തു.
അങ്ങനെയോരോന്നും ആലോചിച്ചു കൊണ്ടിരിക്കെ സെൽ തുറക്കുന്ന ശബ്ദം കേട്ട് വാസു അങ്ങോട്ടേക്ക് നോക്കി.ഏതോ ഒരു പോലീസ് കോൺസ്റ്റബിൾ തനിക്കുള്ള ഫുഡ് കൊണ്ടുവന്നതാണ്.”പത്രോസ് സർ പ്രത്യേകം പറഞ്ഞിരുന്നു ഭക്ഷണം എത്തിച്ചു തരണമെന്ന്.ജങ്ക്ഷനിലെ കടയിൽ പറഞ്ഞേൽപ്പിച്ചിട്ടാ പോയതും.ഞാൻ പോയി വാങ്ങി വന്നു എന്ന് മാത്രം.ഇന്നാ കഴിക്ക് ”
