“കർണാടകയിലെ ദേവദുർഗ.
അവിടെ ഇയാളുടെ ഭാര്യവകയായി കിട്ടിയ ഒരു ഫാം ഉണ്ട്.”
“ശേ……..എനിക്കെന്താ അങ്ങനെ ഒരു റൂട്ട് മനസ്സിൽ വരാഞ്ഞേ.”
“അയാളുടെ ഭാര്യ സൗത്ത് ഇന്ത്യൻ ആണെന്ന് അറിയുന്നത് തന്നെ ഈ അടുത്താ.ഞാൻ അത് പറഞ്ഞപ്പോ ചെട്ടിയാർ അത് വഴി കാര്യങ്ങൾ നീക്കി,സിംപിൾ.”
“എന്റെ ശംഭു മുത്താണ്……….”അത് പറഞ്ഞുതീർന്നതും അവളുടെ ചുണ്ട് അവന്റെ കവിളിൽ പതിഞ്ഞുകഴിഞ്ഞിരുന്നു.
“ഇത്രേ ഉള്ളു…….?”
“ബാക്കി വീട്ടിൽ ചെന്നിട്ട് എനിക്ക് കഥയൊക്കെ പറഞ്ഞു തരുമ്പോൾ.
ഇപ്പൊ മോൻ വണ്ടി ഓടിക്ക് ട്ടൊ.”ഒന്ന് ചിരിച്ചുകൊണ്ട് അവളും.
**
സ്റ്റേഷനിൽ പത്രോസ് എത്തിയിരുന്നു
കൊറിയർ ഡെലിവറി ചെയ്ത ആളെ കൂട്ടിയാണ് പത്രോസ് എത്തിയതും.
രാജീവ് അയാളിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിയുകയാണ്.
“ഇതെവിടുന്നാ വന്നതെന്നും മറ്റും നിങ്ങൾക്ക് അറിയാൻ കഴിയില്ലേ?”
രാജീവ് ചോദിച്ചു.
“അതിന് ഓഫീസ് തുറക്കണം സർ.
ഓഫീസ് മാനേജർക്ക് നോക്കി പറയാൻ കഴിയും.എനിക്ക് ഡെലിവറി മാത്രമെയുള്ളൂ.പാഴ്സൽ കൃത്യമായി അഡ്രസ്സ് നോക്കി എത്തിക്കുന്നു.
അതിനുള്ളിൽ എന്താണെന്ന് പോലും തിരക്കാനോ നോക്കാനോ അവകാശമില്ലല്ലൊ സർ.”
“തന്റെ മാനേജരുടെ നമ്പർ ഇങ്ങെട്.”
രാജീവ് തിരക്കി.കൊറിയർ ബോയ് അത് കൊടുക്കുകയും ചെയ്തു.
അപ്പോഴേക്കും ഫോറൻസിക് വിദഗ്ദരും വന്നുകഴിഞ്ഞിരുന്നു.
സ്റ്റേഷനിൽ ആ ബോക്സും തലയും പരിശോധിച്ചു വേണ്ട സാമ്പിൾ ഒക്കെ എടുത്ത ശേഷം കൊറിയർ ഓഫിസിലേക്ക് രാജീവന്റെ അഭ്യർത്ഥ പ്രകാരം പോവാൻ തീരുമാനിച്ചു. പത്രോസാണ് പോലീസ് സൈഡിൽ നിന്ന് അവരെ നയിച്ചത്.കൊറിയർ ബോയ് ഒപ്പമുണ്ട്.
മാനേജരെ വിളിച്ചു കാര്യങ്ങൾ അറിയിച്ചശേഷം അയാൾ ഓഫിസ് തുറന്നു എന്നും ഉറപ്പിച്ച ശേഷമാണ് പോലീസും വിദഗ്ദ്ധ സംഘവും അങ്ങോട്ട് പോകുന്നത്.
ഇതിനിടക്ക് രാജീവന്റെ ഫോണടിച്ചു നോക്കുമ്പോൾ സാഹിലയാണ്.കാൾ അറ്റൻഡ് ചെയ്തു രാജീവ് അല്പം മാറി നിന്നാണ് സംസാരിച്ചത്.ഇടക്ക് കുറച്ചു ശബ്ദമുയരുന്നത് ഗോവിന്ദൻ ശ്രദ്ധിക്കുകയും ചെയ്തു.
“ഇങ്ങനെ ഒരു സാധനം……ഇന്നേതൊ
ഫ്രണ്ടിന്റെ കൂടെ അവരുടെ വീട്ടിൽ ആണെന്ന്.”കോൾ കട്ട് ചെയ്തു ഗോവിന്ദിനരികിലേക്ക് വന്ന് രാജീവ് പറഞ്ഞു.
“അതിനാണോ ഇത്ര ചൂടാവാൻ.”
“അതല്ല ഗോവിന്ദ്…….ഇന്ന് പിള്ളേർ വീട്ടിലില്ല.എന്റെ വീട്ടിൽ നിന്നവരെ കൂട്ടാൻ പറഞ്ഞിരുന്നു.ചോദിച്ചപ്പോ നാളെ ആവട്ടെ എന്ന്.ഇതിപ്പോ എത് കൂട്ടുകാരി ആണെന്ന് പോലും പറഞ്ഞില്ല.”
“എന്നിട്ട് താനെന്ത് പറഞ്ഞു.”
“ഒടുക്കം സമ്മതിക്കേണ്ടി വന്നു.
സാഹചര്യം അതായിപ്പോയി.ഒരു കണക്കിന് നോക്കിയാൽ അതാണ് നല്ലത്,ഈ തലയുടെ കാര്യത്തിൽ ഒരു തീരുമാനമാക്കി വീട് പിടിക്കുമ്പോൾ ഒരു നേരമാവും.”
