“സന്തോഷ് ചേട്ടാ!!”
അയാൾക്ക് മുമ്പിലെത്തി നെൽസൺ ഉറക്കെ വിളിച്ചു.
വീരപ്പൻ സന്തോഷ് പെട്ടെന്ന് കണ്ണുകൾ തുറന്നു.
അൻപത് വയസ്സിനു മേൽ പ്രായമുള്ള കട്ടിപുരികങ്ങളുള്ള കരുത്തൻ.
വളരെ ശാന്തതയോടെ അയാൾ എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു.
“പറ!”
അയാൾ ആവശ്യപ്പെട്ടു.
“സന്തോഷ് ചേട്ടാ…”
അയാൾ വീണ്ടും കിതച്ചു.
വീരപ്പൻ സന്തോഷും ചുറ്റും നിന്ന കൂട്ടാളികളും അയാൾ എന്താണ് പറയാൻ പോകുന്നതെന്ന് കേൾക്കാൻ ആകാംക്ഷയോടെ കാത്തിരുന്നു.
“സന്തോഷ് ചേട്ടാ…ജോയലിനെ …”
“ജോയലിനെ?”
കൂടി നിന്നവർ ഭയത്തോടെ ചോദിച്ചു. എന്നാൽ അവരുടെ മുഖത്തെ ഭയം വീരപ്പൻ സന്തോഷിൻറെ മുഖത്ത് ദൃശ്യമായില്ല.
“സർക്കിൾ ഇൻസ്പെക്റ്റർ യൂസുഫ് അദിനാനും സംഘവും ജോയലിനെയും കൂടെയുള്ളവരെയും പിടിച്ചു…”
ചുറ്റും നിന്ന കൂട്ടാളികൾ തങ്ങൾ ഇതുവരെ കേട്ട ഏറ്റവും ഭീതിദമായ ആ വാർത്തയ്ക്ക് മുമ്പിൽ തരിച്ചിരുന്നു.
“കൂടെയുള്ളവരുടെ കൂടെ നീയുമുണ്ടായിരുന്നല്ലോ?”
സ്വതേയുള്ള പരുക്കൻ സ്വരത്തിൽ സന്തോഷ് ചോദിച്ചു.
നെൽസൺന്റെ മുഖം വിവർണ്ണമായി.
“ഞാൻ ഒരു വിധത്തിൽ രക്ഷപ്പെട്ടു…”
നെൽസൺ തുടർന്ന്പറഞ്ഞു.
“എന്നിട്ട് സന്തോഷ് ചേട്ടനെ വിവരമറിയിക്കാൻ കാടുമുഴുവൻ ഓടി വരികയായിരുന്നു…”
“ഗുഡ്..!”
സന്തോഷ് നെൽസൺന്റെ കണ്ണുകളിൽ നോക്കി ചിരിച്ചു.
“നിനക്ക് നല്ല ഒരവാർഡ് തരണം!”
സന്തോഷ് തന്റെ ചുറ്റും നിൽക്കുന്ന കൂട്ടുകാരെ നോക്കി.
“നമ്മുടെ സര്ക്കാര് …അല്ല നമ്മുടെ സർക്കാരല്ല ..നമുക്കെവിടെയാ സർക്കാര്? അവമ്മാര് കൊടുക്കുന്നത് പോലെ ഭരത് അവാർഡ് ..അല്ല പത്മശ്രീ ..അല്ലല്ലോ ധീരതയ്ക്കുള്ള അവാർഡ്…അതുപോലത്തെ ഒരു അവാർഡ് നിനക്കും തരണം നെൽസാ, ഈ കഷ്ടപ്പാടും ചങ്ക് കഴപ്പും ഒക്കെ അനുഭവിച്ച് ഇക്കണ്ട മലേം കാടും കടന്ന് ഓടി ഇവിടെ വന്ന് ഇക്കാര്യം പറഞ്ഞതിന് …”

Comments are closed.