“അതറിയില്ലമ്മേ”
അതു പറയുമ്പോഴേക്കും അനന്തുവിന്റെ മുഖം വാടിയിരുന്നു.
“നീയവളെ വളച്ചെടുക്കെടാ ചെക്കാ എന്നിട്ട് എന്റെ മരുമോളെ ഇങ്ങോട്ട് കൊണ്ടു വായോ”
മാലതി പറയുന്നത് കേട്ട് അനന്തുവിന് തുള്ളി ചാടാൻ തോന്നി.
“ഞാൻ കൊണ്ടു വരാം അമ്മേ”
“എനിക്കും കാണണം ഏട്ടത്തിയെ”
ശിവ അവനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.
“കൊണ്ടു വരാടി പെണ്ണെ”
അനന്തു അവൾക്ക് വാക്ക് കൊടുത്തു.
അൽപ നേരം അവർ മൂവരും മറ്റെന്തൊക്കെയോ സംസാരങ്ങളിൽ മുഴുകി.
അതിനു ശേഷം അനന്തുവും ശിവയും മാലതിയുടെ മടിയിൽ കിടന്ന് ഉറക്കം പിടിച്ചു.
മക്കളുടെ ഉറക്കം കണ്ട് മാലതിയുടെ കണ്ണുകളും പതിയെ അടഞ്ഞു തുടങ്ങിയിരുന്നു.
ഈ സമയമാണ് മാലതിയുടെ മുറിയിലേക്ക് കുലശേഖരൻ തൊടുത്തു വിട്ട തീ നാമ്പുകൾ കൊതുകുകളെയും റാഞ്ചി ക്കൊണ്ട് വന്നത്.
ജനൽ പാളികളിലൂടെ കടന്നു വന്ന ശേഷം അവറ്റകൾ ആ മുറിയിലാകെ വലം വച്ചു പറന്നു കൊണ്ടിരുന്നു.
ആ തീ നാമ്പുകളുടെ ലക്ഷ്യം അനന്തു തന്നെയായിരുന്നു.
സാവധാനം താഴേക്ക് പാറി വന്ന് അവ രണ്ടും അനന്തുവിന്റെ മുഖത്ത് വന്നിരുന്നു.
ഒരു നാമ്പ് അനന്തുവിന്റെ കവിളിലെ താടി രോമങ്ങള്ക്കിടയിലും മറ്റൊന്ന് പുരികത്തിന് തൊട്ടു മുകളിലും ആയിട്ടായിരുന്നു സ്ഥാനം പിടിച്ചത്.
ഒട്ടും സമയം കളയാതെ ആ നാമ്പുകൾ ചെലുത്തിയ സമ്മർദ്ദത്തിന്റെ ഫലമായി ഇരു കൊതുകുകളും ഒരേ പോലെ കൊമ്പുകളാഴ്ത്തി അനന്തുവിന്റെ ഓരോ തുള്ളി ചുടു ചോര വീതം ഊറ്റിയെടുത്തു.
ഏറ്റെടുത്തു വന്ന കർത്തവ്യം പൂർത്തിയായതും തീ നാമ്പുകൾ ഗർഭിണികളെ പോലെ വീർത്ത വയറുള്ള കൊതുകുകളെയും കൊണ്ട് തിരികെ പറന്നു.
കുലശേഖരന് ചാരത്തേക്ക്. . . ആളി കത്തുന്ന ഹോമ കുണ്ഠത്തിനു മുന്നിൽ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു കുലശേഖരൻ.
സമയം യുഗങ്ങൾ പോലെ നീങ്ങിക്കൊണ്ട് തന്നെ പരീക്ഷിക്കുകയാണെന്ന് അയാൾക്ക് തോന്നിപോയി.
അൽപ നേരം കഴിഞ്ഞതും ഔട്ട് ഹൗസിന്റെ മധ്യത്തിലേക്ക് കൊതുകുകളെയും കൊണ്ട് തീ നാമ്പുകൾ പറന്നെത്തി.
അതു കണ്ടതും അയാളുടെ മുഖത്ത് ക്രൂരമായ പുഞ്ചിരി വിടർന്നു.
അതിലൊരു നാമ്പ് കൊതുകിനെ സ്വർണ തളികയിലും മറ്റൊരു നാമ്പ് കൊതുകിനെ ചില്ലു തളികയിലും നിഷേപിച്ചു.
