വിറയലോടെ അനന്തു വിക്കി വിക്കി പറഞ്ഞു. അവന്റെ ഭയം കണ്ടതും ശങ്കരൻ അവന്റെ ചുമലിൽ കൈവച്ചു.
“മോനെ നീ പേടിക്കണ്ടാ ഇത് നിന്റെ തെറ്റല്ലല്ലോ.. വെള്ളം മുഖത്തു തളിക്കുമ്പോൾ ലക്ഷ്മിക്ക് ബോധം വന്നോളും. ”
മുത്തശ്ശൻ അവനെ ആശ്വസിപ്പിക്കുവാനായി പറഞ്ഞു. എങ്കിലും അനന്തുവിന്റെ മനസ് പ്രക്ഷുബ്ധമായ കടലിനു തുല്യമായിരുന്നു.
അവൻ പതിയെ ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് മനസ്സിനുള്ളിലെ സംഘർഷം ലഘൂകരിക്കുവാൻ ശ്രമിച്ചു.
ഷൈല ജഗ്ഗിൽ നിറച്ചു വെള്ളം കൊണ്ടു വന്നു ബലരാമന് കൈ മാറി. ലക്ഷ്മിയുടെ മുഖത്തേക്ക് ബലരാമൻ കൈക്കുമ്പിലേക്ക് വെള്ളം പകർന്നു ശക്തിയിൽ തളിച്ചു.
രണ്ടാമതും വെള്ളം മുഖത്തേക്ക് തളിച്ചപ്പോൾ ലക്ഷ്മി ഞരക്കത്തോടെ കണ്ണുകൾ ചിമ്മി തുറന്നു. എല്ലാവരും സമാധാനത്തോടെ അവളെ നോക്കി.
കണ്ണുകൾ തുറന്നതും സീതയുടെ മുഖമാണ് അവൾ ആദ്യം ദർശിച്ചത്. ലക്ഷ്മി വിവശതയോടെ എണീക്കാൻ ശ്രമിച്ചു. മാലതി അവളുടെ കയ്യിൽ പിടിച്ചു സഹായിച്ചു.
സീതയുടെ നെഞ്ചിലേക്ക് അവൾ ചാഞ്ഞിരുന്നു. എന്തൊക്കെയോ ഭാവങ്ങൾ അവളുടെ കണ്ണിലൂടെ മിന്നി മറഞ്ഞു.
“ഞാൻ എങ്ങനാ ഇവിടെത്തിയെ? ”
ഒന്നും മനസ്സിലാവാതെ മുഖത്തു പറ്റിപ്പിടിച്ചിരിക്കുന്ന വെള്ളത്തുള്ളികൾ തുടച്ചു മാറ്റിക്കൊണ്ട് ലക്ഷ്മി ചോദിച്ചു.
“അതൊക്കെ പിന്നീട് പറയാം.. ആദ്യം നിനക്ക് എന്താ സംഭവിച്ചേ.. നീ എന്തിനാ കുളത്തിലേക്ക് പോയെ ? ”
മാലതി അവളുടെ മുഖത്തേക്ക് ഉതിർന്നു കിടക്കുന്ന മുടിയിഴകൾ കോതിയൊതുക്കിവച്ചുകൊണ്ട് ചോദിച്ചു.
“മാലതി ഞാൻ കുളിക്കാൻ വേണ്ടി കുളത്തിലേക്ക് പോയതാ.. എന്നിട്ട് ആ പടവിൽ ഇരുന്ന് എന്തോ ആലോചിക്കുവായിരുന്നു.. അപ്പൊ..”
ലക്ഷ്മി ഒന്ന് പറഞ്ഞു നിർത്തി എല്ലാവരെയും നോക്കി.
“അപ്പൊ? ”
ബലരാമൻ അറിയാനുള്ള ആകാംക്ഷയോടെ അവളെ നോക്കി.
“ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്ന് അറിഞ്ഞൂടാ ”
“നീ പറ പെണ്ണെ.. എന്താ ഉണ്ടായേ? ”
സീത അവളുടെ നെറുകയിൽ പതിയെ തലോടി.
“ആ സമയം കുളത്തിന്റെ നടുക്ക് വെള്ളത്തിനടിയിൽ നിന്നും ദേവേട്ടൻ പൊന്തിവന്നു.. ഞാൻ ശരിക്കും ഞെട്ടിപ്പോയി. അതേ കണ്ണുകൾ അതേ മുഖം. ഹോ ശരിക്കും ന്റെ മുൻപിൽ വന്നു നിന്ന പോലത്തെ ഒരു ഫീൽ ആയിരുന്നു എനിക്ക് ”
അമ്പരപ്പോടെ ലക്ഷ്മി തന്റെ അനുഭവം വിവരിച്ചു. അവൾ കൈകൾ കൊണ്ടു മുഖം മറച്ചതും എല്ലാവരുടെയും കണ്ണുകൾ പൊടുന്നനെ പിറകിൽ നിൽക്കുന്ന അനന്തുവിലേക്ക് പാറി വീണു.
എല്ലാ കണ്ണുകളും തന്നെ തുറിച്ചു നോക്കുവാണെന്നു അനന്തുവിന് മനസ്സിലായി. അവൻ ചളിപ്പോടെ മുഖം താഴ്ത്തി.
ശങ്കരൻ അവൾക്ക് സമീപം വന്നു നിന്നു അവളുടെ തലയിൽ പതിയെ തലോടിക്കൊണ്ടിരുന്നു.
“ദേവേട്ടനെ കണ്ണു നിറച്ചും കാണാൻ പറ്റിയില്ല അച്ഛാ.. ഒരു നോക്ക് കണ്ടപ്പോഴേക്കും പെട്ടെന്നു എന്റെ ബോധം പോയി ”
