ധിക്കരിക്കുന്നത് ശരിയല്ല എന്ന് രഘുവരന് തോന്നി.
എങ്കിലും തന്റെ മകളെ ഒരു ആവശ്യ ഘട്ടത്തിൽ കയ്യൊഴിയാതെ സഹായിച്ച ദേവനെ തള്ളി പറയാൻ അയാൾക്കും ആയില്ല.
എങ്കിലും ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണണമെന്ന് അയാൾ ദൃഢ നിശ്ചയം എടുത്തു.
“ചേച്ചി ഒന്നുമില്ലേലും ഞാനല്ലേ പറയുന്നത് അയാളെ വെറുതെ വിടാൻ.. എന്നെ കരുതിയെങ്കിലും അയാളെ വെറുതെ വിടണം ”
രഘുവരൻ അപേക്ഷയുടെ സ്വരത്തിൽ സ്വന്തം സഹോദരിയുടെ മുൻപിൽ നിന്ന് കേണു.
“എങ്കിലും മോനെ രഘു …..”
ലീല പറഞ്ഞു മുഴുവിപ്പിപ്പിക്കും മുൻപേ രഘുവരൻ ഇടപെട്ടു.
“ഞാൻ എന്റെ മോൾക്ക് വാക്ക് കൊടുത്തു പോയി ചേച്ചി.. നിങ്ങൾ ഞങ്ങളെ നിരാശപ്പെടുത്തല്ലേ ”
രഘുവരന്റെ താഴ്മയോടെയുള്ള അപേക്ഷ കേട്ട് ആ സഹോദരിയുടെ മനസ്സലിഞ്ഞു. അവർ തലയാട്ടിക്കൊണ്ട് രുദ്രൻ തിരുമേനിയെ കണ്ണുകൾ കൊണ്ട് പരതി കണ്ടു പിടിച്ചു.
“മോനെ രുദ്രാ.. അവനെ വിട്ടേര് ”
“എന്നാലും ചേച്ചി ”
രുദ്രൻ വിടാൻ താല്പര്യമില്ലാത്ത മട്ടിൽ ഒഴിഞ്ഞു മാറാൻ നോക്കി.
എന്നാൽ ആജ്ഞയുടെ സ്വരത്തിൽ ആ സ്ത്രീ ഒന്നിരുത്തി മൂളിയതും രുദ്രൻ അനുസരണയോടെ മുറ്റത്തു നിക്കുന്ന തിരുവമ്പാടിക്കാരുടെ ശിങ്കിടികളോടും പണിക്കാരോടും മാറി പോകാൻ ആംഗ്യം കാണിച്ചു.
ദേവൻ ഒരു ചിരിയോടെ കയ്യിലെ പൊടി തട്ടി കളഞ്ഞു കൊണ്ട് ബുള്ളെറ്റിലേക്ക് പതിയെ കയറിയിരുന്നു.
“ഭൂമി പൂജ വരേയുള്ളു നിന്റെയീ അഹന്ത. ആ ദിവസം ഞങ്ങടെ ജയശങ്കർ നിന്നെ ഗോദയിൽ വച്ചു അവന്റെ കൈകൾ കൊണ്ട് ഞെരിച്ചു ഇല്ലാതാക്കും ”
രുദ്രൻ തിരുമേനി മുഷ്ടി ചുരുട്ടി പിടിച്ച ശേഷം പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു.
“ഉവ്വ.. കാണാം. ”
മിററിലൂടെ കാണുന്ന പ്രതിബിംബം നോക്കിക്കൊണ്ട് മീശ പതുക്കെ പിരിച്ചു വച്ച ശേഷം ദേവൻ ബുള്ളറ്റ് ചവിട്ടി ഓൺ ചെയ്തു.
ഉറക്കം വിട്ടെണീറ്റ അവന്റെ പട കുതിരയുടെ ആർത്ത നാദം കേട്ട് എല്ലാവരും ചെവി കൈകൾ കൊണ്ട് പൊത്തി വച്ചു.
ആക്‌സിലേറ്റർ തിരിച്ചു കൊണ്ട് അവരെ ഒന്ന് പേടിപ്പിച്ച ശേഷം അവൻ ഒറ്റ കാലിൽ നിന്ന് ബാലൻസ് ചെയ്തു കൊണ്ട് ബുള്ളറ്റ് കറക്കിയെടുത്തു.
നേരെ പടിപ്പുരയിലേക് വെടിച്ചില്ലു പോലെ പായിച്ച അവൻ റോഡിലേക്ക് കയറിയ ശേഷം തറവാട് ലക്ഷ്യമാക്കി അടിച്ചു വിട്ടു.
ദേവൻ ദൂരേക്ക് പോയി മറയുന്നത് നോക്കി നിന്ന ശേഷം ചുണ്ടിൽ ഒരു പുഞ്ചിരിയോടെ ആരാധന നിറഞ്ഞു നിൽക്കുന്ന കണ്ണുകളോടെ മുത്തുമണി അച്ഛന്റെ കൂടെ അകത്തളത്തിലേക്ക് പോയി.
•••••••••••••
ഡയറിയിൽ നിന്നും കണ്ണെടുത്ത അനന്തു ഒന്ന് നെടുവീർപ്പെട്ടു.വല്ലാത്തൊരു സുഖാനുഭൂതി അവന്റെ മനസിലാകെ നിറഞ്ഞു നിന്നു.
ഡയറി താളുകളിൽ ഓരോ വരികളിലൂടെ സഞ്ചരിക്കുമ്പോൾ ഒരു സിനിമ കാണുന്ന പ്രതീതി ആയിരുന്നു അവന്.
