അനന്തരാമന്‍ സീറ്റിലേക്ക് ചാരിയിരുന്ന് അവളെ നോക്കി. ഡോണയുടെ മുഖത്ത് ആശങ്ക പടര്‍ന്നിരുന്നു.
“സര്‍ അപ്പോള്‍ ഒരു നിരപരാധിയെ കള്ളത്തെളിവുകള്‍ കാണിച്ച് ചിലര്‍ കുടുക്കിയാല്‍, അയാളെ രക്ഷിക്കാന്‍ നമുക്ക് കഴിയില്ല എന്നാണോ അങ്ങ് പറയുന്നത്?” നിരാശയോടെ അവള്‍ ചോദിച്ചു.
“ചാണ്ടിക്ക് മുകളില്‍ നല്ല പിടിപാടുണ്ട്..ഡെവിള്‍സിലൂടെ ആണ് ആ പിടിപാടുകള്‍ എല്ലാം..അതുകൊണ്ടുതന്നെ അയാളുടെ ചുമതലയില്‍ നടക്കുന്ന ഒരു കേസില്‍ എന്ത് തെളിവുകള്‍ സ്വീകരിക്കണം എന്നത് അയാളുടെ ഇഷ്ടമാണ്..എന്തെങ്കിലും വിവാദം ഉണ്ടായാല്‍ മാത്രമേ മേലുദ്യോഗസ്ഥര്‍ക്ക് പോലും ഇടപെടാന്‍ പറ്റൂ..ഡോണ ഇതൊരു വിവാദം ആക്കി മാറ്റാന്‍ നോക്ക്..അതിനുള്ള തെളിവുകള്‍ കൈയിലുണ്ട് എന്നല്ലേ പറഞ്ഞത്..അപ്പോള്‍ കാര്യങ്ങളുടെ ഗതി മാറും..ഡെവിള്‍സ് ആണ് ദ്വിവേദിയെ ഇവിടേക്ക് കൊണ്ടുവന്നത് എന്ന് തെളിയിക്കാനും, അയാളെ കൈയില്‍ കിട്ടി കുറ്റം സമ്മതിപ്പിക്കാനും സാധിച്ചാല്‍, പിന്നെ പ്രശ്നമില്ല. അതിനുള്ള മാര്‍ഗ്ഗം ഡോണ നോക്കൂ”
തന്റെ അവസാന ഉപദേശം എന്ന നിലയില്‍ അനന്തരാമന്‍ പറഞ്ഞപ്പോള്‍ ഡോണ തലയാട്ടി. പിന്നെ അവള്‍ എഴുന്നേറ്റു.
“ഓക്കേ സര്‍..താങ്ക് യൂ വെരി മച്ച്”
“ങാ പിന്നെ ഡോണ..ഞാന്‍ ചെറിയ ഒരു സഹായം ഡോണയ്ക്ക് ചെയ്യാം. കസ്റ്റഡിയില്‍ ഉള്ള കുറ്റാരോപിതന്‍ നിരപരാധിയാണ് എന്ന് ഡോണയുടെ സംസാരത്തില്‍ നിന്നും എനിക്ക് ബോധ്യപ്പെട്ടിട്ടുള്ളത് കൊണ്ട്, കേസ് ശാസ്ത്രീയമായി തെളിയിക്കുകയല്ലാതെ അയാളെ മൂന്നാംമുറ ഉപയോഗിച്ച് കുറ്റം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത് എന്ന നിര്‍ദ്ദേശം ഞാന്‍ ചാണ്ടിക്ക് നല്‍കാം. അയാളെ പോലീസുകാര്‍ ഉപദ്രവിക്കില്ല എന്ന ഉറപ്പ് ഞാന്‍ ഡോണയ്ക്ക് നല്‍കുന്നു..ബിക്കോസ് യു ആര്‍ ലൈക്ക് മൈ ഡോട്ടര്‍…”
ഡോണ ചെറിയ ആശ്വാസത്തോടെ കൈകള്‍ കൂപ്പി.
“താങ്ക്സ് എഗൈന്‍ സര്‍…” അവള്‍ പറഞ്ഞു.
“ആള്‍ ദ ബെസ്റ്റ് ഡോണ”
അയാള്‍ പറഞ്ഞതിന് മറുപടി നല്‍കാതെ, മുഖത്തൊരു പുഞ്ചിരി വരുത്തിയ ശേഷം അവള്‍ പുറത്തേക്ക് ഇറങ്ങി.
———————
ഡോണയ്ക്ക് വേണ്ടി അന്ന് ഇന്ദു അവധിയെടുത്തു. മാനസികമായി ആകെ തകര്‍ന്നു പോയിരുന്ന തന്റെ കൂട്ടുകാരിയെ ആശ്വസിപ്പിക്കാന്‍ വേണ്ടിയാണ് ഇന്ദു അങ്ങനെ ചെയ്തത്. ഇരുവരും ഇന്ദുവിന്റെ വീട്ടില്‍ അവളുടെ സ്വകാര്യ മുറിയില്‍ ആയിരുന്നു.
