മുന്നിൽ നിവർത്തി വെച്ചിരുന്ന ഓട്ടോഗ്രാഫിലെ അവൾ എഴുതിയ വാചകം ഒന്നുകൂടെ വായിചു. സമയം 4നോട് അടുക്കുന്നു. മുടിവെട്ടാൻ ചെന്നപ്പോൾ മുടിഞ്ഞ തിരക്ക്. ഏഴുമണി ആയി അവിടന്ന് ഇറങ്ങിയപ്പോൾ. വീട്ടിൽ ചെന്ന് നേരത്തെ തന്നെ കിടന്നു. രാവിലെ എഴുന്നേറ്റു അവളെ കൂട്ടാൻ പോവാനുള്ളതല്ലേ.
ആദ്യമായി അലാം ആദ്യ ബെല്ല് അടിച്ചപ്പോഴേ ചാടി എഴുന്നേറ്റു. അഞ്ചു മണി. വേഗം തന്നെ കുളിചു വന്നു. പിന്നെ ഒരു മേള തന്നെ ആയിരുന്നു ഏത് ഷർട്ട് ഇടണം. അവസാനം ഒരു നീല ഷർട്ട് എടുത്തിട്ട് ഇറങ്ങിയപ്പോൾ ആറര ആയി. എന്തായാലും 7 മണിക്ക് തന്നെ റയിൽവേ സ്റ്റേഷനിൽ എത്തി. നമ്മുടെ റെയിൽവേ അല്ലേ ഒരു 15 min ലേറ്റ് ആണ്.
കാത്തിരിപ്പിന് ഒടുക്കം ട്രെയിൻ വന്നു. ഇറങ്ങി വരുന്ന ഓരോ പെൺകുട്ടികളേയും ഞാൻ സസൂഷ്‌മം നിരീക്ഷിച്ചു. ഞാൻ ഒരു വായിനോക്കി ആണെന്ന് അവർ ഓർത്തു കാണണം.
അവസാനം വെളുത്തു നീണ്ട ഒരു പെണ്ണിൽ എന്റെ കണ്ണ് ഉടക്കി. ആമി. അതേ അവൾ തെന്നെ ആണത്. ഒരു വെള്ള ഷർട്ടും ജീൻസും ആണ് വേഷം. മുടി കഴുത്തിനൊപ്പം വെട്ടി നിർത്തി ഇരിക്കുന്നു. സ്വതവേ ചുവന്ന ചുണ്ട് ഒന്നുകൂടി ചുവപ്പിച്ചിട്ടുണ്ട് എന്നൊഴിച്ചാൽ വേറെ മേക്കപ്പ് ഒന്നും ഇല്ല.
അവൾ ഫോൺ എടുത്ത് എന്നെ വിളിച്ചു, ഞാൻ കയ്യുയർത്തി കാണിച്ചപ്പോൾ ആണ് അവൾ എന്നെ കണ്ടത്.
” എടാ, എന്ത് കോലം ആണിത്???, പണ്ടത്തെ വണ്ണം ഒക്കെ പോയി, എല്ലെല്ലാം ഉന്തി ഒരു മാതിരി സോമാലിയ ക്കാരെ പോലെ??, വീട്ടിൽ നിന്ന് ഒന്നും തിന്നാൻ തരൂല്ലേ?? “
അവളെ നോക്കി ചിരിച്ചതല്ലാതെ ഞാൻ ഒന്നും പറഞ്ഞില്ല. എന്തെക്കെയോ അവളോട് ചോദിക്കണം എന്നും പറയണം എന്നും ഉണ്ട് പക്ഷെ ഒന്നും പുറത്തേക്കു വരുന്നില്ല, ഞാൻ അങ്ങനെ അവളെ തന്നെ നോക്കി നിന്നു.
” നിനക്ക് സുഖമാണോ ഡാ?? ”
എന്റെ അവസ്ഥ മനസ്സിലാക്കിയിട്ടാവണം അവൾ അങ്ങനെ ചോദിച്ചത്.
” പിന്നെ സുഖം. ലൈഫ് ജസ്റ്റ് മൂവിങ് ഓൺ, നിന്റെ ബാംഗ്ലൂർ ജീവിതം എങ്ങനെ ഉണ്ട്?? മുടിയൊക്കെ വെട്ടി ആൾ ആകെ മാറിയല്ലോ “
അത് ചോദിച്ചപ്പോൾ അവളുടെ മുഖത്തെ തെളിച്ചം ഒരുനിമിഷം ഒന്ന് മാഞ്ഞോ??
” ഐ ആം ഹാപ്പി. കൂടുതൽ വിശേഷം ഒക്കെ പോകുന്ന വഴിക്ക് പറയാം, നീ വണ്ടി എടുക്ക്”
ഒരു ചിരി വരുത്തിയിട്ട് അവൾ പറഞ്ഞു.
“എവിടേക്ക് ആണ് മേടം നമ്മൾ പോവുന്നെ?? “
“നാട്ടിലേക്ക് “
“ബൈക്കിനോ??? “
“എന്തേയ് ഏതാണ്ട് 50 km അല്ലേ ഉള്ളൂ, കൂടിപ്പോയാൽ ഒന്നര മണിക്കൂർ കൊണ്ട് നമ്മൾ അവിടെ എത്തില്ലേ?? ”
എന്നും പറഞ്ഞ് ആമി ബൈക്കിൽ കയറി ഇരുന്നു.
അമ്മ അല്ലാതെ മറ്റൊരു സ്ത്രീ എന്റെ ബൈക്കിൽ കയറുന്നത് തന്നെ ആദ്യമായി ആണ്. അവൾ എന്റെ വയറിൽ ചുറ്റി പിടിച്ച് തല എന്റെ തോളോട് ചേർത്ത് വെച്ചാണ് ഇരുന്നത്. പോണപോക്കിൽ ഞങ്ങൾ കഴിഞ്ഞ നാല് കൊല്ലങ്ങൾക്കിടയിലെ വിശേഷങ്ങൾ പറഞ്ഞ് തീർത്തു.
നാട് വല്ലാതെ മാറി ഇരിക്കുന്നു. പണ്ട് ഞങ്ങൾ കളിച്ചു തിമിർത്തിരുന്ന പാടവും കുളങ്ങളും എല്ലാം ആധുനികത വിഴുങ്ങി കഴിഞ്ഞു. മുട്ടിനു മുട്ടിനു കെട്ടിടങ്ങൾ, കൊച്ചു പോക്കറ്റ് റോഡുകൾ എല്ലാം രണ്ട് വരി പാതകൾ ആയി മാറി.
“ആമി ആദ്യം എവിടേക്ക് ആ??? “
