” എന്ത് പറഞ്ഞ പെണ്ണെ ഞാൻ നിന്നെ സമാധാനിപ്പിക്കുക… ”
ഞാനവളുടെ ഇരു കൈകളിലും എന്റെ കൈകളിൽ മുറുകെ പിടിച്ചിരുന്നു… ഒരു ഉറപ്പെന്നവണ്ണം.
” നീ ഇന്നെന്നെ എത്രത്തോളം സ്നേഹിക്കുന്നുവോ അത്രത്തോളം ഞാൻ നിന്നെയും സ്നേഹിക്കുന്നുണ്ട്.. ഇത് വെറും തമാശ അല്ല. സത്യം ..ആണ് .. ! അച്ഛനെന്നല്ല ആര് വന്നാലും എന്റെ ദേവുവിനെ ഇനി ആർക്കും വിട്ടുകൊടുക്കാൻ ഞാനൊരുക്കമല്ല…..അത് കൊണ്ടാണ് അതുകൊണ്ട് മാത്രമാണ് ഞാനപ്പോൾ അങ്ങനെ ഒക്കെ പറഞ്ഞത്. .. അല്ലാതെ എനിക്ക് നിന്നെ ഇഷ്ടം അല്ലാഞ്ഞിട്ടോ അച്ഛനെ കണ്ടു പിടിക്കാൻ കഴിയാഞ്ഞിട്ടോ അല്ല… ”
ഞാൻ അവൾക്കു നൽകിയ എന്റെ ഉറച്ച വാക്കുകളത്രയും വിശ്വസിക്കാനാവാതെ അവളെന്റെ കണ്ണുകളിലേക്കു നോക്കി… അവളുടെ മിഴികളിലൂടെ അപ്പോഴും കണ്ണുനീർ കണങ്ങൾ ധാരയായി ഒഴുകുന്നുണ്ടായിരുന്നു..
” തനിക്കിനിയും എന്നെ വിശ്വാസമായില്ലേ ദേവു. ”
അപ്പോളും അവൾ ഒരു സ്വപ്നലോകത്തെന്ന പോലെ എന്നെ തന്നെ നോക്കി നിക്കയായിരുന്നു…. അവളുടെ കൈക്കുള്ളിൽ എന്തോ തടയുന്നതു പോലെ തോന്നിയാണ് വേഗം ഞാൻ അവളുടെ വലതു കരം പിടിച്ചു നിവർത്തി നോക്കിയത്.
താലി.. ! ഞാനവളുടെ കഴുത്തിൽ അന്ന് കെട്ടിയ.. അവൾ പാതിമനസോടെ വേണ്ടെന്നു വച്ച താലി മാല…..
” ദേവു ഇത്….. ”
” നന്ദുവേട്ടനിപ്പോളും എന്നെ കളിപ്പിക്കാൻ പറയണതല്ലേ…. ? ”
എന്റെ ചോദ്യം കേൾക്കാത്തതെന്ന പോലെ
നിറഞ്ഞ കണ്ണുകൾക്ക് ഉള്ളിലും സ്നേഹം നിറച്ചവൾ ചോദിച്ചു….
” എന്ത് ചെയ്താലാ ദേവു… ഞാൻ… ഇനി നിന്നെ ഒന്ന് വിശ്വസിപ്പിക്കുക.. ? ”
പറഞ്ഞു മനസിലാക്കുന്നതിനേക്കാൾ എത്രയോ നല്ലതാണു പ്രവൃത്തിച്ചു തെളിയിക്കുക എന്നെനിക്കു തോന്നി.
