എല്ലാം… ഗീതു അടുത്തൊണ്ടേൽ എന്നെ പോലൊരു മടിയൻ വേറെ കാണൂല… എന്നാൽ കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് അവൾ ഒന്നും എന്റെ കൈയ്യിൽ കൊണ്ട് തരണില്ല. ബാഗ് വരാന്തയിൽ വയ്ക്കും ചോറ് പാത്രം ഞാൻ കാണത്തക്ക രീതീൽ മേശപ്പുറത്ത് വയ്ക്കും ഹെൽമറ്റ് ഞാനിറങ്ങുന്നതിന് മുന്നേ ബൈക്കിൽ കൊണ്ട് തൂക്കിയിടും.
ഇനി അഥവാ ഞാനെന്തെങ്കിലും വിളിച്ച് ചോദിച്ചാൽ അത് മുറീലുണ്ടേട്ടാ, ഫ്രിഡ്ജിന് മുകളിലുണ്ടേട്ടാ, ടി വി യ്ക്ക് സൈഡിലുണ്ടേട്ടാ എന്ന് അടുക്കളയിലോ മുറീലോ നിന്ന് വിളിച്ച് പറയും. ഞാൻ ചോദിക്കുമെന്നൊള്ളോണ്ട് നേരത്തേ തന്നെ അതൊക്കെ യഥാ സ്ഥലത്ത് പ്രതിഷ്ടിച്ചിട്ടാണ് പെണ്ണ് വിളിച്ച് പറയുന്നത്. അപ്പൊ എന്നെ അഭിമുഖികരിക്കണ്ടല്ലോ. വന്ന് എടുത്ത് തരേം വേണ്ട .. മ് നടക്കട്ടെ എത്ര നാളിങ്ങനെ പോവോന്നറിയണമല്ലോ..പിന്നെ ഇങ്ങനെ ഒളിച്ച് കളിച്ചിട്ട് ഏതേലും നിമിഷം പിടിക്കപ്പെടുമ്പോ പെണ്ണിന്റെ മുഖം കാണാനും നല്ല ചന്താ … കവിളൊക്കെ തുടുത്ത് കണ്ണൊക്കെ തിളങ്ങി ഒരാനച്ചന്തം.
ചില നേരത്തെ നാണം കാണുമ്പൊ ഇവളെന്നെ ആദ്യയായിട്ട് കാണുന്ന പോലെ തോന്നും…
ദിവസങ്ങൾ കൊഴിഞ്ഞു … അന്ന് വ്യാഴാഴ്ചയായിരുന്നു. ഇന്ത്യ വെസ്റ്റിഡീസ് ട്വന്റി ട്വന്റി . ഇന്ത്യ അടിച്ച് പറത്തി .രോഹിത്തിന് സെഞ്ച്വറി. മറുപടിയായി വെസ്റ്റ് ഇൻഡീസിന്റെ വെടിക്കെട്ട് കാണാനിരുന്ന ഞാൻ അവരുടെ തുഴയൽ കണ്ട് സോഫയിലിരുന്ന് എപ്പോഴോ ഉറങ്ങി പോയി.
ഗീതു തട്ടി വിളിച്ചപ്പോളായിരുന്നു ഞാൻ ഞെട്ടി ഉണർന്നത്.
“ഗോവിന്ദേട്ടാ …. ഗോവിന്ദേട്ടാ…..”
രഹസ്യം പറയും പോലെയാണ് ഗീതു എന്നെ കുലുക്കിയുണർത്തിയത് :
“എന്താടി…. ആരാ ….എന്താ……”
അവൾടെ ഭാവം കണ്ടപ്പൊ ഞാൻ കരുതി വീട്ടില് കള്ളനെങ്ങാനും കേറിയെന്ന് …..
“ഒന്നൂല്ല… ടി വി മിട്ട് ഇവിടെ കിടന്നുറങ്ങുവാണോ…., ”
“ആഹ് ഞാനൊന്ന് മയങ്ങി പോയ്. സമയമെത്രയായെടി …. ?വെസ്റ്റ് ഇൻഡീസ് കരയ്ക്കടുത്തോ എന്തോ….”
“ഏഹ് … എന്ത്വവാ മനുഷ്യാ നിങ്ങൾക്ക് … മണി 1:30 ആയി……..”
