മദിരാശിപട്ടണം
Madirashipattanam
ഇപ്പോൾ ചെന്നൈ എന്ന് വിളിക്കുന്ന പഴയ മദ്രാസ് കേന്ദ്രീകരിച്ചാണ് ഈ കഥ നീങ്ങുന്നത്.. കഥ എന്ന് പറയാമോ എന്നറിയില്ല.. 1970കളിലെ കുറേ സംഭവങ്ങൾ വലിയ അടുക്കും ചിട്ടയും ഒന്നുമില്ലാതെ പറയുന്നു എന്ന് കരുതിയാൽ മതി….
പുഴക്കടവിൽ നിന്നും കുളിച്ചു കയറി വരുകയാണ് പത്മ.. ഒരു കൈയിൽ തൂക്കിപിടിച്ചിരിക്കുന്ന ബക്കറ്റിൽ കഴുകിയ തുണികൾ ഉണ്ട്…
കടവിലെ പടവുകൾ കയറി മുകളിൽ എത്തിയപ്പോഴാണ് സുമതി എതിരെ വരുന്നത് കണ്ടത്…
പത്മയുടെ അയൽക്കാരിയാണ് സുമതി.. ഒരേ പ്രായവും..
പത്മയെ കണ്ടതും അവൾ അടുത്തുവന്നു ചോദിച്ചു.
എന്താടീ.. ഇന്നലെ നല്ല ബഹളം കേട്ടല്ലോ…
അത് എന്നും ഉള്ളതല്ലേ.. എവിടുന്നെങ്കിലും അഞ്ചോ പാത്തോ കിട്ടും.. അതിന് മുഴുവൻ ചാരായം കുടിക്കും.. ഞാൻ എന്തു ചെയ്യാനാണ് സുമേ..
നിന്നേ തല്ലിയോടീ ഇന്നലെ..?
എഴുനേറ്റ് നിൽക്കാൻ കെൽപ്പില്ലാതെ വരുന്ന ആളെങ്ങനെ തല്ലാനാണ്.. ചുമ്മാ ഇങ്ങനെ കുറേ തെറി വിളിക്കും ബഹളം വെയ്ക്കും.. അത്ര തന്നെ…
തല്ലിയാലും കുഴപ്പമില്ല സുമേ.. തെറിവിളിയാ സഹിക്കാൻ പറ്റാത്തത്.. പതിനെട്ടും പത്തിനാറും വയസുള്ള രണ്ടു പെൺപിള്ളേർ ഇതൊക്കെ കേൾക്കുമല്ലോ എന്നോർക്കുമ്പോഴാണ് വിഷമം..
സാരമില്ലെടീ.. നിന്റെ കഷ്ടപ്പാട് ഒക്കേ മാറും.. ദൈവം അങ്ങനെ കൈവിടില്ല.. സുമതി പത്മയെ ആശ്വസിപ്പിച്ചു…
ആഹ് നിന്നോട് ഒരു കാര്യം പറയാൻ മറന്നു.. നമ്മുടെ പഞ്ചായത്തിന്റെ കല്യാണ മണ്ഡപത്തിൽ സിനിമാ പിടുത്തക്കാർ വരുന്നുണ്ടന്ന്… അവിടെ ഒരു ആശുപത്രി പോലെയാക്കി ഷൂട്ടിങ് നടത്താൻ പോകുവാ.. രോഗികളായി അഭിനയിക്കാൻ ഏട്ടു പത്ത് പേരെ വേണമത്രേ.. എന്നോട് പൊയ്ക്കോളാൻ ചേട്ടൻ പറഞ്ഞു.. നീ കൂടി വരണം..
അതിന് എനിക്ക് അഭിനയിക്കാൻ അറിയാമോ സുമേ.. ശ്രീകുട്ടിയാണങ്കിൽ നാടകത്തിലൊക്കെ അഭിനയിച്ചു സ്കൂളിൽ നിന്നും സമ്മാനമൊക്കെ വാങ്ങിയതാ…
എടീ അവർക്ക് അഭിനയമൊന്നും വേണ്ട.. വെറുതെ കട്ടിലിൽ കിടന്നാൽ മതി.. പിള്ളേരെ അല്ല വേണ്ടത്.. ഇത്തിരി പ്രായം ഉള്ളവരെയാണ്…
ദിവസം നൂറു രൂപാ തരുമെടീ.. മൂന്നാല് ദിവസം ഷൂട്ടിങ് ഉണ്ടന്നാ പറഞ്ഞത്…