“ദെന്‍ ഡോണ്ട് വറി പപ്പാ..ഞാന്‍ തിന്മ ചെയ്യാനല്ല പോകുന്നത് എന്ന് പപ്പയ്ക്ക് അറിയാമല്ലോ? മൃഗീയമായി ബലാല്‍സംഗം ചെയ്യപ്പെട്ട അതേത്തുടര്‍ന്ന് ജീവന് ഹോമിച്ച ഒരു പാവം പെണ്‍കുട്ടിക്ക് നീതി വാങ്ങി കൊടുക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.. അവര്‍ക്ക് നിയമത്തെ വിലയ്ക്ക് എടുക്കാന്‍ സാധിച്ചു.. പക്ഷെ സകല നിയമങ്ങളുടെയും ഉടമയായ ദൈവത്തെ അവര്‍ക്ക് വിലയ്ക്ക് കിട്ടില്ല…ദൈവം എന്റെ കൂടെയുണ്ട് പപ്പാ..അതാണെന്റെ ധൈര്യം..പപ്പാ പേടിക്കാതെ പൊക്കോ..ഞാന്‍ വീട്ടില്‍ എത്തും….”
മകളുടെ വാക്കുകള്‍ പുന്നൂസിന് വല്ലാത്ത ആത്മവിശ്വാസം നല്കി. വാസു ജീന്‍സും ഷര്‍ട്ടും ധരിച്ചു വന്നു. പുന്നൂസ് നല്കിയ റിവോള്‍വര്‍ അവന് ഡോണയുടെ കൈയില്‍ നല്കി.
“കൊച്ച് ഇത് വച്ചോ…തിരിച്ചു വരുമ്പോള്‍ തന്നാല്‍ മതി” അവന് പറഞ്ഞു.
“ഏയ്..വാസു തന്നെ വച്ചോ അത്..എനിക്കിത് ഉപയോഗിക്കാന്‍ അറിയില്ല…” അവള് അത് വാങ്ങാന്‍ വിസമ്മതിച്ചു.
“ഞാന്‍ പിന്നെ ചരല് വാരാന്‍ പോയിടത്ത് ഇത് വച്ച് വെടിപൊട്ടിച്ചു കളിക്കുവല്ലാരുന്നോ? ഇതങ്ങോട്ട് പിടി കൊച്ചെ” അവന് നിര്‍ബന്ധിച്ച് അവളുടെ കൈയില്‍ അതുകൊടുത്തു. പുന്നൂസ് അതുകണ്ട് തൃപ്തിയോടെ പുഞ്ചിരിച്ചു.
“അതെ..അത് മോള് കൈയില്‍ വച്ചോ..അത്യാവശ്യം നേരിട്ടാല്‍ മാത്രം എടുത്താല്‍ മതി” അയാള്‍ പറഞ്ഞു.
ഡോണ അത് അവളുടെ ഷര്‍ട്ടിന്റെ അടിയില്‍ പിന്നിലായി തിരുകി.
“ഒരു മിനിറ്റ്..”
വാസു വേഗം അടുക്കളയിലേക്ക് ചെന്ന് ഗ്ലാസില്‍ ബാക്കി ഉണ്ടായിരുന്ന മദ്യം ഒരു വലിക്ക് കുടിച്ചു. പിന്നെ ഒരു വട എടുത്ത് അതേപടി കഴിച്ചിട്ട് പുറത്ത് വന്നു.
“പോകാം” അവന് ഡോണയോട് ചോദിച്ചു.
അവള് പുന്നൂസിനെ നോക്കി. അയാള്‍ തലയാട്ടി. വാസു ചെന്നു പുന്നൂസിന്റെ പാദങ്ങളില്‍ തൊട്ടു.
