“അതെ..എങ്കിലും അവന്റെ ഫോട്ടോയോ തിരിച്ചറിയാന്‍ പറ്റിയ വല്ലതുമോ കിട്ടിയാല്‍ നമുക്ക് എളുപ്പമായിരിക്കുമല്ലോ. അതേപോലെ തന്നെ മീനയെ കൊന്ന, അസീസിനെ കൊല്ലാന്‍ ശ്രമിച്ച ആ വണ്ടിക്കാരനെയും എനിക്ക് കണ്ടെത്തണം. ഞാന്‍ അസീസിനെ ഒന്ന് ചോദ്യം ചെയ്യാന്‍ പോകുകയാണ് മാഡം”
“ഒകെ ദെന്‍..യു പ്രൊസീഡ്”
പൌലോസ് എഴുന്നേറ്റ് സല്യൂട്ട് നല്‍കിയ ശേഷം പുറത്തേക്കിറങ്ങി. അവിടെയുണ്ടായിരുന്ന വാസുവിന്റെ അരികില്‍ അയാളെത്തി അവന്റെ തോളില്‍ കൈവച്ചു.
“വാസൂ..അന്ന് നീ എന്നോട് പറഞ്ഞത് ഇന്നാണ് എനിക്ക് മനസിലായത്. അയാം സോറി..” അയാള്‍ പറഞ്ഞു.
“അയ്യോ സാറ് സോറി ഒന്നും പറയല്ലേ..അതൊന്നും അവള്‍ മൈന്‍ഡ് ചെയ്തിട്ടുപോലുമില്ല സര്‍…”
“അതെ..പക്ഷെ അവളെന്നെ ഇന്ന് തോല്‍പ്പിച്ചു കളഞ്ഞു…തോല്‍പ്പിച്ചു നിലം പരിശാക്കി….”
ഒരു ദീര്‍ഘനിശ്വാസത്തോടെ അങ്ങനെ പറഞ്ഞിട്ട് പൌലോസ് ചെന്നു വണ്ടിയില്‍ കയറി. അത് റോഡിലേക്ക് ഇറങ്ങുന്നത് വാസു നോക്കിനിന്നു.
“എന്താടി നിനക്ക് പൌലോയോട് ഒരു സോഫ്റ്റ് കോര്‍ണര്‍? ആദ്യമായി പ്രേമമോ മറ്റോ ഉടലെടുത്തോ മനസ്സില്‍?” ഇന്ദുലേഖ ഡോണയോട് ചോദിച്ചു.
“പോടീ..അങ്ങേര്‍ ഈഗോയുടെ രാജാവാണ്..പക്ഷെ ആത്മാര്‍ഥതയും കഴിവും തന്റേടവും ഉള്ള ഒരു ഉത്തമപുരുഷനും ആണ്. ആദ്യം കണ്ട സമയം മുതല്‍ എപ്പോള്‍ കണ്ടാലും പുള്ളി എന്നെ അധിക്ഷേപിച്ചു മാത്രമേ സംസാരിച്ചിട്ടുള്ളൂ. ഒരു പുഴുവിന് നല്‍കുന്ന പരിഗണന പോലും ആ മനുഷ്യനെനിക്ക് നല്‍കിയിരുന്നില്ല. പക്ഷെ എന്നിട്ടും എനിക്കയാളെ വെറുക്കാന്‍ കഴിഞ്ഞില്ല.. എന്താണെന്നറിയില്ല.. അയാളുടെ ആ തല തിരിഞ്ഞ പെരുമാറ്റം കൊണ്ടാണോ അതോ മറ്റുവല്ലതും കാരണമാണോ എന്നും അറിയില്ല.. അയാളോട് ഒരിഷ്ടം മനസ്സില്‍ എവിടെയോ തോന്നിപ്പോയി.. അത്രേയുള്ളൂ…” ഡോണ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.. നീ ആരെയാകും കല്യാണം കഴിക്കുക എന്ന്. കാരണം നിന്റെ സ്വഭാവവും ജീവിതരീതികളും എനിക്ക് നന്നായി അറിയാമല്ലോ. കോടീശ്വരനായ അപ്പന്റെ ആഡംബര കാറുകള്‍ വേണ്ടെന്ന് വച്ച് തുരുമ്പെടുത്ത ഒരു പഴയ കാറില്‍ സഞ്ചരിക്കുന്ന നിന്റെ ലാളിത്യം..നിന്റെ സാമൂഹിക പ്രതിബദ്ധത..നീതിക്ക് വേണ്ടിയുള്ള പോരാട്ടം..നിഷ്കളങ്ക സ്നേഹം തുടങ്ങിയവ ഒക്കെ മനസിലാക്കാനും, അത് ഉള്‍ക്കൊണ്ട് നില്‍ക്കാനും കഴിവും ഭാഗ്യവുമുള്ള ആ വ്യക്തി ആരായിരിക്കും എന്ന് ഞാന്‍ പലവുരു ആലോചിച്ചിട്ടുണ്ട്..പക്ഷെ ഇപ്പോള്‍ എനിക്ക് തോന്നുന്നു..ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പൌലോസില്‍ ഉണ്ടെന്ന്..അയാളും നിന്നെപ്പോലെ പണമുള്ള ഒരു വീട്ടിലെ അംഗമാണ്. സോഷ്യല്‍ സര്‍വീസ് എന്ന ഏക ലക്ഷ്യത്തിനു വേണ്ടി പോലീസ് ആയതാണ് അയാള്‍..”
ഡോണ അത്ഭുതത്തോടെ അവളെ നോക്കി.
“തല്‍ക്കാലം നീ എന്നോട് പറഞ്ഞതിരിക്കട്ടെ..വേറെ ആരോടും ഇത് പറയണ്ട… അവള്‍ എസിപി കസേരയില്‍ ഇരുന്നുകൊണ്ട് മാമാപ്പണി ചെയ്യുന്നു”
“ദേ ഞാന്‍ ഒരൊറ്റ ഇടി തരും കേട്ടോ..” ഇന്ദുലേഖ കൈ ചുരുട്ടി.
“യ്യോ വേണ്ട..മോള്‍ടെ കൈ വേദനിക്കും. ഞാന്‍ പോട്ടെ..തല്‍ക്കാലം പൌലോസ് സാറിന്റെ ഇന്നത്തെ പരാക്രമങ്ങള്‍ ഒന്ന് എയര്‍ ചെയ്യാനുള്ള ഏര്‍പ്പാടുകള്‍ ഉണ്ടാക്കട്ടെ”
