എന്നിലെ ഈ താന്തോന്നി സ്വഭാവം പോലും ഒരു എഴുപതു ശതമാനം മാറ്റിയെടുത്തത് തന്നെ റീത്താന്റി തന്നെയാണ്…
പക്ഷെ അത്രയും നാൾ ഈ കോലും പോലത്തെ പെണ്ണിനെ റീത്തന്റി എന്ന എന്റെ സ്റ്റെപ്മോം തന്റെ സ്വന്തം മകളുടെ സ്ഥാനം കൊടുത്ത് ഈ വീട്ടിൽ കൊണ്ടുവന്ന് വാഴിച്ചില്ല എന്നതാണ് എടുത്തു പറയത്തക്കതായ ഒരു കാര്യം.
അത് എന്റെ സ്വൈര്യ ജീവിതത്തെ ബാധിക്കുമെന്ന് തോന്നിയിട്ടാകും എന്നതാണ് സത്യം.
ഒന്ന് രണ്ട് തവണ ഈ വീട്ടിൽ അവൾ വന്നിരുന്നുവെങ്കിലും, ഞാനും അവളും ഒരിക്കലും ഐക്യത്തിലല്ലയിരുന്നു എന്ന് മനസ്സിലാക്കി തന്നെ പിന്നീട് റീത്തന്റി അവളെ ഈ വീട്ടിൽ കൊണ്ടുവന്നില്ല…
ഞാൻ അവളെ അംഗീകരിക്കില്ല എന്ന് മാത്രമല്ല, അവളെ കണ്ടാൽ കടിച്ചു കീറാൻ പാകത്തിന് ഒരു തരം അന്ധമായ ശത്രുത എന്റെ മനസ്സിൽ ഞാൻ കൊണ്ടു നടന്നു…
അത് എന്ത് കൊണ്ടാണ് എനിക്കും അറിയില്ല…
ഒരു പക്ഷെ ചെറുപ്പം മുതൽക്കേ ഒറ്റപെട്ട ജീവിതം.
പിന്നീട് മമ്മയുടെ വേർപാടിന്റെ ദുഃഖം.
കുടുംബത്തിലെ ഏവർക്കുമറിയാം എന്റെ മുഷ്ക്കു സ്വഭാവം, എന്റെ മൂഡ് ശരിയാവുന്നത് വരെ അവരും ക്ഷമയോടെ കാത്തു നിന്നു. അതുവരെ അവളെ അവരുടെ ബന്ധു വീട്ടിൽ നിറുത്തി പഠിപ്പിച്ചു.
എന്റെ മൂഡ് നോക്കി പതുക്കെ എന്നെ പറഞ്ഞ് മനസ്സിലാക്കി, അനുനയിപ്പിച്ച ശേഷം മാത്രമേ റേച്ചൽനെ ഇങ്ങോട്ട് ഈ വീട്ടിൽ കൊണ്ടുവന്നുള്ളൂ.
അതും ഞാനും പപ്പായും റീത്തന്റിയും, പിന്നെ അത്യാവശ്യം ഒഴിച്ചുകൂടാൻ പറ്റാത്ത ചില ബന്ധുക്കളും എല്ലാവരും ചേർന്ന് തന്നെ അവളെ പോയി കൂട്ടി കൊണ്ടുവന്നു…
അന്ന് അവൾ ഒൻപതാം ക്ലാസിൽ പഠിക്കുന്നു… ഒരു വടിയിന്മേൽ തുണി ചുറ്റിയാലെന്ന പോലെ ഒരു സാധനം… എന്നെ കാണുമ്പോൾ പെട്ടെന്ന് ഒളിച്ചു കളയുന്ന പെണ്ണ്, അവൾക്ക് എന്നെ വലിയ പേടിയായിരുന്നു.
