പകലുകളേക്കാൾ താന്‍ സ്നേഹിച്ച രാത്രിക്ക് ഇപ്പോഴെന്താണ് ഇത്രയും ദൈർഘ്യം?!
ഏറെ വൈകി എപ്പോഴോ അവൾ ഉറങ്ങിപ്പോയി.
കാലത്ത് എഴുന്നേറ്റപ്പോൾ അല്പം വൈകി. ജ്യോതിക്ക് വല്ലാത്തൊരു ക്ഷീണം തോന്നി. ഭയങ്കരമായി തണുക്കുന്നു. തൊണ്ടക്കുഴിയിൽ ഒരു കനം. ശ്വാസത്തിന് നേരിയ ചൂട്.
പണ്ടാരം! പനിയാണ്…!!
അവൾ ഒന്ന് പതിയെ എഴുന്നേറ്റു. രാജി കുളിക്കുകയാണ്. ബാത്റൂമിൽ നിന്ന് ശബ്ദം കേൾക്കുന്നുണ്ട്. എഴുന്നേറ്റ് നടക്കുമ്പോള്‍ ക്ഷീണം തോന്നുന്നുണ്ടായിരുന്നു. അടുക്കളയില്‍ അമ്മ തിരക്കിട്ട പണിയിലാണ്…
“ആഹ്… എണീറ്റോ…! എന്തുപറ്റി മുഖം വല്ലാണ്ടിരിക്കുന്നേ?”
സാമ്പാറിൽ കടുക് താളിച്ചൊഴിക്കുന്നതിനിടെ അമ്മ ചോദിച്ചു.
“വയ്യ… പനിക്കുന്നുണ്ട്.”
ജ്യോതിയുടെ ശബ്ദം അടഞ്ഞിരുന്നു.
അമ്മ വന്ന് നെറ്റിയില്‍ തൊട്ടുനോക്കി. നല്ല ചൂടുണ്ടായിരുന്നു.
“പോയി കിടന്നോ. ഇന്ന് പോണ്ട. കഞ്ഞി എടുത്ത് വെക്കാം. അത് കുടിച്ചിട്ട് പാരസെറ്റമോൾ കഴിച്ച് റെസ്റ്റ് എടുക്ക്.”
“മ്…”
ജ്യോതി തിരിച്ചു നടന്നു. മുറിയിലെത്തിയപ്പോൾ രാജി കുളിച്ചിറങ്ങിയിരുന്നു. അവൾ ഒന്ന് നോക്കിയതുപോലുമില്ല. കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ഈരി കെട്ടുകയായിരുന്നു. ജ്യോതി വന്ന് കിടന്നു. അപ്പോള്‍ മാത്രം രാജി ഒന്ന് നോക്കി. പിന്നെ മുറിയിൽ നിന്ന് തിരക്കിട്ടിറങ്ങി. അമ്മയും രാജിയും എന്തോ സംസാരിക്കുന്ന ശബ്ദം ജ്യോതിക്ക് കേൾക്കാമായിരുന്നു. ജ്യോതി വീണ്ടും വന്ന് കിടന്നതിന്റെ കാരണം തിരക്കുന്നതായിരിക്കും.
ഇപ്പോള്‍ രാജി വരും…. പനി എങ്ങനെയുണ്ടെന്ന് തന്റെ നെറ്റിത്തടത്തില്‍ കൈ വച്ച് നോക്കും…. നനഞ്ഞ തുണിക്കീറും വിക്സും തന്ന് ആശ്വാസമേകും…
ജ്യോതി മനസ്സില്‍ വെറുതെ ഓർത്തു.
അതിന് കാത്തുകിടന്നെങ്കിലും ഉണ്ടായില്ല. അളവില്‍ കവിഞ്ഞ നിരാശയാണ് ജ്യോതിക്ക് അങ്ങനെ കാത്ത് കിടക്കുമ്പോള്‍ തോന്നിയത്. കഞ്ഞി എടുത്ത് വച്ച് അമ്മ വിളിച്ചപ്പോള്‍ എഴുന്നേറ്റ് ചെന്നു. അവിടെ രാജി ഉണ്ടായിരുന്നില്ല. ജ്യോതി പോയി തീൻമേശയിൽ വിളമ്പിവച്ച കഞ്ഞിക്ക് മുന്നിലിരുന്നു. അമ്മയും അച്ഛനും തിരക്കിട്ടിറങ്ങി. അതിനിടയിൽ കഞ്ഞികുടി കഴിഞ്ഞ് മരുന്ന് കഴിച്ചിട്ട് കിടക്കാന്‍ അമ്മ ഒരിക്കല്‍ കൂടി ഓർമ്മിപ്പിച്ചു.
“അമ്മേ… രാജി…?”
വാതിൽക്കൽ നിന്ന് ഹാന്റ്ബാഗ് ഒരിക്കല്‍ കൂടി പരിശോധിക്കുന്നതിനിടയിൽ അമ്മ പറഞ്ഞു,
“അവള് പോയല്ലോ. നിനക്ക് പനിയാണ്, ഇന്ന് പോണില്ലാന്ന് പറഞ്ഞപ്പോ പിന്നെ ഇറങ്ങി. നിന്നോട് പറഞ്ഞില്ലേ?”
