“നീയൊക്കെ കൂട്ടുകാർ ആണെന്നും പറഞ്ഞ് എന്താടാ കാണിക്കുന്നെ…! നിനക്കൊക്കെ ഫ്രണ്ട്ഷിപ്പ്ന്റെ വില എന്താന്ന് അറിയോ…?”, വന്നവഴി റോഷനോടായി, അച്ചു ഗൗരവ്വത്തിൽ ചോദിച്ചു.
കേട്ടതും റോഷൻ ഞെട്ടി… അവന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി… ഇന്നലെ നടന്നത് അഞ്ജു അച്ചുവിനോട് പറഞ്ഞോ…!’, ഒരു നിമിഷത്തിൽ അലവലാതി ചിന്തിച്ച് കൂട്ടി. അവൻ അഞ്ജുവിന്റെ മുഖത്തേക്ക് കണ്ണുകൾ തിരിച്ചു. അവിടെ അവളുടെ മുഖത്തും താൻ അനുഭവിക്കുന്ന അതേ അമ്പരപ്പും ടെൻഷനും അവൻ കണ്ടു.
റോഷന്റെ നോട്ടം വീണ്ടും അച്ചുവിലേക്ക് തന്നെ മടങ്ങിയെത്തി. ഇത്തവണ അവന്റെ നോട്ടം കണ്ടതും, അച്ചു ഗൗരവഭാവം വിട്ട്, തമാശ പോലെ തുടർന്നു.
“ഇതാവണമെടാ കൂട്ടുകാർ… ഇന്നലെ ആപ്പിൾ വേണമെന്ന് പറഞ്ഞു. പറഞ്ഞപോലെ ഇന്നവൾ 2 കിലോ വാങ്ങി വന്നു… വെൽഡൻ ബേട്ടാ…”, അച്ചു അഞ്ജുവിന്റെ മുതുകിൽ, അഭിനന്ദിക്കും പോലെ തട്ടിക്കൊണ്ട്, റോഷനോടായി തുടർന്നു…, “നിങ്ങളും ഉണ്ടല്ലോ… ഇതുവരെ ഒരു ചെറിയ പൈന്റെങ്കിലും വാങ്ങണമെന്ന് തോന്നിയോ…!!! എവിടെ….!!!!”
അച്ചു പറഞ്ഞു നിർത്തവെ, അഞ്ജുവും റോഷനും ഒരുപോലെ ദീർഘശ്വാസം എടുത്ത് വിട്ടു, മുഖത്തെ വിയർപ്പ് തുള്ളികൾ തുടച്ചു. ഒരേ ടൈമിംഗിൽ, കറക്റ്റ് സിങ്കിലുള്ള ഇരുവരുടെയും പ്രവർത്തി കണ്ട അച്ചു, ടോം & ജെറി കാർട്ടൂൺ കാണുന്ന ഭാവത്തിൽ ഇരുവരെയും ഒന്ന് നോക്കി.
അവൻ മുറിച്ച അപ്പിളിന്റെ ഒരു കഷ്ണം റോഷന് നേരെ നീട്ടി… റോഷൻ അത് വാങ്ങുന്നതിനിടെ, അഞ്ജുവിനെ ഒന്ന് ഒളിക്കണ്ണിട്ട് നോക്കി. അവളവനെയും… അച്ചുവിന്റെ മുന്നിൽ വച്ച്, തലേന്നത്തെ കാര്യങ്ങൾ മറച്ചു പിടിച്ച് അഭിനയിക്കാനുള്ള ബുദ്ധിമുട്ട് ഇരുവരിലും ഒരുപോലെ തെളിഞ്ഞ് കാണാമായിരുന്നു.
“എന്നാ ശരി… ഞാൻ ഇറങ്ങാ… വൈകീട്ട് അമ്പലത്തിൽ പോവാനുള്ളതാ…”, റോഷൻ കേൾക്കാനെന്നോണം, അവൾ അച്ചുവിനോടായി യാത്ര പറഞ്ഞു.
“അല്ല… ഇപ്പൊ തന്നെ പോവാണോ…?”, ചോദിക്കവേ, കുറച്ചു നേരം കൂടി ഇരുന്നുകൂടെ എന്ന് റോഷൻ പറയാതെ പറയുന്നുണ്ടായിരുന്നു.
അഞ്ജു റോഷനെ ഒരു നിമിഷം നോക്കി. അവളുടെ ഉള്ളിൽ എന്തെല്ലാമോ ചോദ്യോത്തരങ്ങൾ പുറത്തേക്ക് ഒഴുകാൻ വെമ്പുകയാണെന്ന് ആ നോട്ടത്തിലൂടെ അവൻ തിരിച്ചറിഞ്ഞു.
“ഞാൻ കമ്പനീന്ന് വരുന്ന വഴി ജസ്റ്റ്… ഇവനെ കാണാൻ ഒന്ന് കേറീന്നേ ഉള്ളൂ… പോട്ടെ…”, അവൾ റോഷനോടായി പറഞ്ഞു. അത് പറയവേ, അഞ്ജു വന്നത് അച്ചുവിനെ കാണാനല്ല, മറിച്ചു റോഷനെ മാത്രം കാണാനാനെന്ന് അവളുടെ കണ്ണുകൾ വിളിച്ച് പറഞ്ഞു.
