ചിരിയുടെ ഒപ്പം ആളുടെ വക ഒരു കടി കൂടി തോളത്തു കിട്ടി.
“ഗംഗയുടെ കൂട്ട് കൂടി നീയും തുടങ്ങിയോ ഉപദ്രവം.”
“ആഹ് സഹിച്ചോ എനിക്ക് തോന്നുമ്പോളൊക്കെ ഞാൻ തരും….ഹിഹി..”
ചിരിച്ചും കളിച്ചും ഹോസ്പിറ്റലിൽ എത്തി അവളെ ഇറക്കി .ഇറങ്ങുമ്പോൾ വിളിക്കാൻ പറഞ്ഞു ഞാൻ തിരികെ പോന്നു.
***************************************************
ജയിലിൽ തനിക്ക് കാവൽ മാലാഖയായി മാറുമെന്ന് കരുതി വിജയ് കൂടെക്കൂട്ടിയ രാമേട്ടൻ അവന്റെ ചെകുത്താനായി മാറുകയായിരുന്നു, ജയിലിൽ ആർക്കെങ്കിലും കിട്ടാനിരിക്കുന്ന വെറുതെ പോവേണ്ട ഒരടി പോലും പാഴാക്കാതെ രാമേട്ടൻ കഷ്ടപ്പെട്ട് എങ്ങനെ എങ്കിലും അത് വിജയ്ക്ക് വാങ്ങി കൊടുക്കും.
ആദ്യത്തെ മൂന്ന് മാസത്തെ ജയിൽ ജീവിതത്തെക്കാൾ അടി രാമേട്ടന്റെ ഒറ്റ കഴിവ് കൊണ്ട് ആഹ് ഒരു മാസം കൊണ്ട് വിജയ് വാങ്ങി കൂട്ടി.
“ഹൂ യ്യോ ഹാ……”
“നിനക്ക് എന്തേലും നേർച്ച ഉണ്ടോടാ കൊച്ചനെ ഇങ്ങനെ എല്ലാ ദിവസോം തല്ലു വാങ്ങിച്ചോളാമെന്ന്. ഇന്നെന്തിനായിരുന്നു.”
രാമേട്ടൻ വഴി ഇന്ന് കിട്ടിയ തല്ല് കഴിഞ്ഞു വയറും പൊത്തിപ്പിടിച്ചു കരയുന്ന വിജയ്യോട് ഞാൻ ഒന്നും അറിഞ്ഞട്ടില്ല എന്ന ഭാവത്തിൽ രാമേട്ടൻ ചോദിച്ചു.
“എനിക്കുപോലും അറിയില്ല ചേട്ടാ ആഹ് കഞ്ചാവടിച്ചു കിറുങ്ങി നടക്കണ ചൂളി മാർട്ടിൻ അവനെ ഞാൻ ഒറ്റീന്നും പറഞ്ഞാ വന്നെന്റെ നെഞ്ചത്തു വയറ്റിലും ഇടിച്ചത്….”
“ഈ പോക്ക് പോവുവാണേൽ നീ മൂന്ന് പോയിട്ട് ഒരു കൊല്ലം ഇതിനകത്തു തികക്കുകേല……….. എന്തേലും വഴിയുണ്ടെൽ ഇവിടുന്നു പുറത്തു ചാടാൻ വഴി നോക്കടാ ……നിന്നെ ഇതിനകത്തു കേറ്റീലെ അവന്മാരോട് എങ്ങനേലും രക്ഷപെടുത്താൻ പറ….”
“ജയിലിൽ ആയെ പിന്നെ ആഹ് പോലെയാടി മക്കൾ എന്നെ തിരിഞ്ഞ് നോക്കീട്ടില്ല ആഹ് നായിന്റെ മക്കൾക്ക് വേണ്ടിയാ ഞാൻ കണ്ട ചെറ്റത്തരം മുഴുവൻ ചെയ്തത്. ഇവിടുന്നിറങ്ങാൻ പറ്റിയാൽ ഒന്ന് പോയി കാണും ഞാൻ……. ”
“അതിനാദ്യം ഇവിടുന്നിറങ്ങണ്ടേ……… അതിനുള്ള വല്ല വഴിയും നോക്ക്…….ഇനി ഇറങ്ങിയിട്ട് നേരെ ചെന്ന് അവന്മാരുടെ ഇടയിലേക്ക് കേറി ചെന്നാൽ ചിലപ്പോ നിന്നെ അവന്മാരു തന്നെ തീർക്കും…”
“ചിലപ്പോ അല്ല രാമേട്ടാ അവന്മാരുടെ വഴിക്ക് വട്ടം നിന്നാൽ അവന്മാർ തീർക്കും എനിക്കുറപ്പാ……..”
“അപ്പൊ നിനക്ക് പുറത്തും രക്ഷ ഇല്ല അല്ലെ…..”
“ഏയ് ജയിലിൽ ഇനി എനിക്ക് വയ്യ എന്തേലും വഴി കിട്ടിയാൽ ഞാൻ ഇറങ്ങും പിന്നെ ജീവനുണ്ടെൽ ഇങ്ങോട്ടേക്ക് വരില്ല.”
താൻ വിചാരിച്ച വഴിക്ക് അവൻ വന്നതിന്റെ ചിരി അപ്പോൾ രാമേട്ടന്റെ മുഖത്തുണ്ടായിരുന്നു.
*********************************************************
ഒന്ന് പുറത്തുപോയി വന്ന ഞാൻ കോലായിലും ഹാളിലും ഒന്നും ആരെയും കണ്ടില്ല, അകത്തേക്ക് നീങ്ങിയപ്പോളാണ് മീനുന്റെ മുറിയിൽ നിന്ന് ചിരിയും കളിയും ഒക്കെ കേൾക്കുന്നത്. വാതിൽ തുറന്നു കേറിയപ്പോൾ ദേ എല്ലാം അവിടെ ഉണ്ട്. ഗംഗ ഫോണിൽ നോക്കി ആരോടോ സംസാരിക്കുന്നുണ്ട് കൂടെ തന്നെ അപ്പുറവും ഇപ്പുറവും മീനുട്ടിയും വസുവും ഗംഗയുടെ കാൽ മടിയിൽ വെച്ച് ഹേമേടത്തിയുമുണ്ട്. ഞാൻ വന്നത് കണ്ട വസൂ എഴുന്നേറ്റു വന്നു, ഗംഗ പിന്നെ തല ഫോണിൽ കുഴിച്ചിട്ടിരിക്കുവാണ്.
