മേല് കഴുകി വേഷം ധരിച്ച ശേഷം മോളി കൊണ്ടുവന്ന ചപ്പാത്തിയും മുട്ടക്കറിയും ഒരു പാത്രത്തിലേക്ക് വിളമ്പി അവൻ കഴിച്ചു. ശേഷം പാത്രങ്ങൾ എല്ലാം കഴുകി വച്ചിട്ട് അവൻ പോയി കിടന്നു.
മോളി ചേച്ചിയുമായി ഉണ്ടായ നിമിഷങ്ങൾ കാരണം അവൻ്റെ മനസ്സിൽ ഉണ്ടായിരുന്ന വിഷമം പൂർണമായും അല്ലെങ്കിലും കുറെയൊക്കെ മാറിയിരുന്നു. എന്തായാലും അതൊരു ആശ്വാസം ആയി എന്ന് വിചാരിച്ചുകൊണ്ട് അവൻ നാളെ രാവിലെ നേരത്തെ എഴുന്നേക്കണം എന്ന് മനസ്സിലുറപ്പിച്ച് ഒമ്പതര ആയപ്പോഴേക്കും ഉറങ്ങാനായി കിടന്നു.
പിറ്റേ ദിവസം രാവിലെ അഞ്ചര ആയപ്പോഴേക്കും ആര്യൻ ഉറക്കമുണർന്നു. പതിവുപോലെ കാപ്പി ഇട്ടു കുടിച്ച് ബാത്ത്റൂമിൽ പോയ ശേഷം ആറു മണിയോടുകൂടി ആര്യൻ കുളത്തിലേക്ക് പോകാനായി ഇറങ്ങി.
ശാലിനിയുടെ വീടിൻ്റെ വാതിലടഞ്ഞ് കിടക്കുകയാണെങ്കിലും പുറത്തെ ലൈറ്റ് ഇട്ടിട്ടുണ്ട്. ശാലിനി എഴുന്നേറ്റിട്ടുണ്ടാവും എന്ന് അവന് ഉറപ്പായി. കോളിംഗ് ബെൽ അടിക്കണ്ടാ എന്ന് കരുതി അവൻ തിണ്ണയിലേക്ക് കയറിയ ശേഷം വാതിലിൽ മെല്ലെ രണ്ട് കൊട്ട് കൊട്ടി.
ശാലിനി ഉടനെ തന്നെ വന്ന് വാതിൽ തുറന്നു. പുറത്തെ ലൈറ്റിൻ്റെ അരണ്ട വെളിച്ചത്തിൽ അവൾ അവനെ കണ്ടു. ആര്യൻ ആയിരിക്കണം എന്ന് ശാലിനി ഊഹിച്ചതുകൊണ്ട് തന്നെ അവളുടെ മുഖത്ത് വലിയ ഭാവ വത്യാസങ്ങൾ ഒന്നും ആര്യൻ കണ്ടില്ല. എന്നിരുന്നാൽ കൂടി അവൻ വന്നതിൻ്റെ ഒരു സന്തോഷം അവൾക്കുണ്ടായിരുന്നു.
“നേരത്തെ ആണല്ലോ?”
“ആണോ…എങ്കിൽ കുറച്ച് കഴിഞ്ഞ് പോകാം.”
“വേണ്ടാ പോയേക്കാം ഞാൻ ബക്കറ്റ് എടുത്തിട്ട് വരാം.”
“മ്മ് ശരി.”
ആര്യൻ മുറ്റത്തേക്ക് ഇറങ്ങി നിന്നുകൊണ്ട് ശാലിനി വരുന്നതും കാത്ത് നിന്നു. അധികം താമസിക്കാതെ തന്നെ അവള് വീട് പൂട്ടി ഇറങ്ങി താക്കോൽ അമ്മയുടെ മുറിയുടെ ജനൽപ്പടിയിൽ വച്ചുകൊണ്ട് ആര്യൻ്റെ അരികിലേക്ക് നടന്നു.
“ചേച്ചി എത്ര മണിക്കാ സാധാരണ ഇറങ്ങുന്നത്?”
“അങ്ങനെ ഒരു നിശ്ചിത സമയം ഒന്നുമില്ല. ആറേകാൽ അല്ലെങ്കിൽ ആറര.”
“അമ്മയും അമ്മുവും ഒന്നും എഴുന്നേറ്റില്ലേ?”
“ഇല്ലാ…അമ്മൂനെ ഞാൻ ചെന്നു കഴിഞ്ഞേ വിളിക്കൂ. അവൾ അമ്മയുടെ കൂടെയാണ് കിടക്കുന്നത്. അവളെ വിളിക്കുമ്പോൾ അമ്മയും അപ്പോൾ എഴുന്നേൽക്കും.”
