“കരണ്ടിച്ചേട്ടോ ഓടിക്കോ..എസ് ഐ പുറകെ ഉണ്ട്”
ആരോ ഉറക്കെ പറയുന്നത് കേട്ടു തിരിഞ്ഞു നോക്കിയ കരണ്ടി തന്റെ പിന്നാലെ പാഞ്ഞടുക്കുന്ന പൌലോസിനെ കണ്ട് ഓട്ടത്തിന്റെ വേഗത കൂട്ടി. അവന്‍ നില്‍ക്കില്ല എന്നും ഓടിച്ചിട്ട് പിടിക്കുക മാത്രമാണ് പോംവഴി എന്നും പൌലോസിന് അറിയാമായിരുന്നു. കരണ്ടിക്ക് പക്ഷെ അധികനേരം പിടിച്ചു നില്ക്കാന്‍ കഴിഞ്ഞില്ല. കൃത്യം നാലു മിനിറ്റ് കൊണ്ട് പൌലോസ് അവനെ പിടികൂടി. കിട്ടിയ വഴിക്ക് തന്നെ അവന്റെ ചെകിട് തീര്‍ത്ത് ഒരെണ്ണം കൊടുക്കുകയും ചെയ്തു. അടികൊണ്ട കരണ്ടി നിലത്തേക്ക് വീണുപോയി.
“എഴുന്നേല്‍ക്കടാ..ഓടിയതിനുള്ള ബാക്കി പണി അങ്ങ് സ്റ്റേഷനില്‍ ചെന്നിട്ടു തരാം..”
കരണ്ടി ഉരുണ്ടുപിരണ്ടെഴുന്നേറ്റു പൌലോസിന്റെ മുന്‍പിലായി ജീപ്പിനരുകിലേക്ക് നടന്നു. പോലീസ് ജീപ്പ് അവരുമായി പൊടി പറത്തി പോകുന്നത് കോളനി വാസികള്‍ നോക്കി നിന്നു.
“എന്തായി പൌലോസ്..അവന്‍ പറഞ്ഞോ ആര്‍ക്ക് വേണ്ടിയാണ് നാദിയയെ രക്ഷിക്കാന്‍ ശ്രമിച്ചതെന്ന്?”
സ്റ്റേഷനില്‍ എത്തിയ പൌലോസ് ഇന്ദുലേഖയെ വിളിച്ചു കരണ്ടിയെ പിടികൂടിയ വിവരം പറഞ്ഞപ്പോള്‍ അവള്‍ ഫോണിലൂടെ ചോദിക്കുകയായിരുന്നു.
“അവന്‍ ഒന്നും വിട്ടു പറഞ്ഞിട്ടില്ല. നമ്മുടെ മുറപ്രകാരം ഉള്ള ചോദ്യം ചെയ്യല്‍ മാഡത്തിനോട് പറഞ്ഞ ശേഷമാകാം എന്ന് കരുതി വിളിച്ചതാണ്”
“ചോദിക്ക്…അവന്‍ സഹകരിക്കുന്നില്ലെങ്കില്‍ മര്യാദ കാണിക്കേണ്ട കാര്യമില്ല..ഇവനൊക്കെ ഗുണ്ടായിസം ജീവിതമാര്‍ഗ്ഗമാക്കിയവനാണ്..എങ്ങനെയും നമുക്കറിയണം ആരാണ് അവന്റെ പിന്നിലെന്ന്..പിന്നെ പൌലോസ്..നിങ്ങള്‍ എത്രയും വേഗം എന്റെ ഓഫീസില്‍ എത്തണം. ചിലത് സംസാരിക്കാനുണ്ട്..”
“ശരി മാഡം..”
പൌലോസ് ഫോണ്‍ വച്ച ശേഷം ബെല്ലില്‍ വിരലമര്‍ത്തി. ഒരു സിവില്‍ ഓഫീസര്‍ ഉള്ളിലെത്തി സല്യൂട്ട് നല്‍കി.
“അക്ബര്‍ ഡ്യൂട്ടിയില്‍ ഉണ്ടോടോ?”
“അവന്റെ ഏതോ കൂട്ടുകാര് വന്നു വിളിച്ചോണ്ട് പോകുന്നത് കണ്ടു..”
“അയാളുടെ ഒരു കാര്യം..എവിടായാലും ഉടന്‍ സ്റ്റേഷനില്‍ എത്താന്‍ പറ..”
“ശരി സര്‍”
അല്‍പ്പം കഴിഞ്ഞപ്പോള്‍ ഒരു ബൈക്ക് വെളിയില്‍ വന്നു നിന്നു. അതില്‍ നിന്നും നല്ല തടിയും തണ്ടുമുള്ള ഒരു മുപ്പത്തിയഞ്ച് വയസ് മതിക്കുന്ന യുവാവ് പൌലോസിന്റെ മുന്‍പിലെത്തി സല്യൂട്ട് നല്‍കി.
