“എന്താടോ? യൂണിഫോം ഇടുന്ന പരിപാടി ഇല്ലേ?”
“അത് സാറേ എന്റെ ഒരു സുഹൃത്ത് ഗള്‍ഫീന്ന് അവധിക്ക് വന്നിട്ടുണ്ട്. അവന്‍ എന്നെ ഒന്ന് കാണാന്‍ വന്നാരുന്നു…” അയാള്‍ തല ചൊറിഞ്ഞു.
“ഒവ്വ..ഏത് ബാറില്‍ ആയിരുന്നു മീറ്റിംഗ്..”
“അയ്യോ..സാറെങ്ങനെ അറിഞ്ഞു? നൈറ്റ് ക്ലബ്ബില്‍ ആരുന്നു സാറെ..”
“ഉം..ഡ്യൂട്ടി ടൈമില്‍ കള്ളുകുടി..താന്‍ ആയതുകൊണ്ട് ഞാന്‍ ക്ഷമിക്കുന്നു. ങാ പിന്നെ അക്ബറെ തന്നെ ഞാന്‍ വിളിപ്പിച്ചത് ഒരു അത്യാവശ്യ കാര്യത്തിനാണ്.. കരണ്ടിയെ ഞാന്‍ പിടിച്ച് സെല്ലില്‍ ഇട്ടിട്ടുണ്ട്. അവനും കുറെ ഗുണ്ടകളും കൂടെ നാദിയ എന്ന പെണ്ണിനെ രക്ഷിക്കാന്‍ പോലീസ് വേഷത്തില്‍ ലേക്ക്ഷോര്‍ ഹോസ്പിറ്റലില്‍ ചെന്ന സമയത്ത് എന്റെ കൈയില്‍ നിന്നും രക്ഷപെട്ടുകളഞ്ഞിരുന്നു….ഇതെപ്പറ്റി ഞാന്‍ മുന്‍പ് നിങ്ങളോട് പറഞ്ഞിട്ടുണ്ടല്ലോ..ഈ നാദിയയും ഇവനും തമ്മില്‍ യാതൊരു പരിചയവുമില്ല. വേറെ ആര്‍ക്കോ വേണ്ടിയാണ് അവനത് ചെയ്തത് എന്ന് സ്പഷ്ടം. അതാരാണ് എന്നറിയണം. മനസ്സിലായോ? താനാകുമ്പോ അത് അതിന്റെ പരുവത്തില്‍ ചോദിച്ചു മനസിലാക്കും എന്നറിയാം. എനിക്ക് അര്‍ജ്നറ്റ് ആയി ഒരു മീറ്റിംഗ് ഉണ്ട്. ഒരു മണിക്കൂറിനകം ഞാന്‍ എത്തും. അപ്പോഴേക്കും അവന്‍ സംസാരിച്ചിരിക്കണം..”
“ഏറ്റു സാറേ..ങാ സാറെ ഞാന്‍ എടയ്ക്ക് വച്ചു സാറ് വിളിച്ചതുകൊണ്ട് ഓടിപ്പിടിച്ച് വന്നതാ. ഓള്‍ഡ് കാസ്കിന്റെ കുപ്പി അങ്ങോട്ട് തുറന്നതെ ഒള്ളാരുന്നു.. ഈ പണി കഴിഞ്ഞാ ഞാനങ്ങോട്ടു പൊക്കോട്ടോ” അക്ബര്‍ വീണ്ടും തല ചൊറിഞ്ഞു.
“അവന്‍ സത്യം പറഞ്ഞാല്‍ തനിക്ക് പോകാം……”
“ഓ..എന്നാ ഞാനവനെ ഒന്ന് കാണട്ട്”
“ങാ പിന്നെ ഏതാടോ തന്റെ ഈ ദരിദ്രവാസി ഗള്‍ഫുകാരന്‍?” പൌലോസ് ചോദിച്ചു.
“അയ്യോ എന്ത് പറ്റി സാറേ”
“അല്ല ഓള്‍ഡ് കാസ്ക് ആണ് അവന്‍ തനിക്ക് വാങ്ങിച്ചു തന്നതെന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാ..”
അക്ബര്‍ ഇളിഭ്യനെപ്പോലെ ചിരിച്ചു.
“ഉം..ചെല്ല്..പണി നടക്കട്ടെ” പൌലോസ് പറഞ്ഞു.
“ഓ ശരി സാറേ..”
അക്ബര്‍ ഉള്ളിലേക്ക് പോയപ്പോള്‍ പൌലോസ് തൊപ്പി ധരിച്ചിട്ടു പുറത്തേക്കിറങ്ങി.
കരണ്ടി സെല്ലിന്റെ മൂലയ്ക്ക് ചുരുണ്ട്കൂടി ഇരിക്കുകയായിരുന്നു. അക്ബര്‍ ഉള്ളിലേക്ക് ചെന്നു ഷര്‍ട്ട് ഊരി ഒരു ഹുക്കില്‍ ഇട്ടു.
“എന്താ അക്ബറെ..പൌലോസ് സാറ് പണി ഏല്‍പ്പിച്ചോ” ഒരു പോലീസുകാരന്‍ ചോദിച്ചു.
“റമ്മിന്റെ കുപ്പി അങ്ങോട്ട് തുറന്ന് വച്ചതെ ഉള്ളു..അപ്പഴാ സാറ് വിളിക്കുന്നെന്ന് ദാ ലവന്‍ വിളിച്ചു പറഞ്ഞത്. എന്തോ അത്യാവശ്യ പണി കാണും എന്നെനിക്ക് അന്നേരമേ തോന്നി. എന്തായാലും എന്റെ കള്ളുകുടി മുട്ടിച്ച ആ പരട്ടു റാസ്ക്കലിനെ ഞാനൊരു പണി പണിയും….”
