“മോന്‍ എങ്ങോട്ട് പോവാ? വാ നമുക്ക് ഉണ്ട പെറുക്കാം..ബാടാ”
അവന്റെ ഇടതുകൈ പിന്നിലേക്ക് തിരിച്ചുപിടിച്ച് വാസു അവനെ മുന്‍പോട്ടു തള്ളിക്കൊണ്ട് പറഞ്ഞു
പോലീസ് ഡ്രൈവര്‍ ഇറങ്ങി വന്ന് സുഹൈലിനെ വലിച്ചു പൊക്കി വണ്ടിയില്‍ കയറ്റി. വാസു നിലത്ത് കിടന്ന വെടിയുണ്ടകള്‍ കബീറിനെക്കൊണ്ട് പെറുക്കിയെടുപ്പിച്ച് പൌലോസിന്റെ മുന്‍പില്‍ എത്തിച്ചു.
“ദാണ്ട് സാറെ ഇവന്റെ തോക്കിലെ ഉണ്ട” വാസു പറഞ്ഞു.
“നന്നായി..അപ്പോള്‍ മോന്റെ പോക്ക് തല്ക്കാലം സ്വാഹ..ഉം കേറ്” അയാള്‍ അവന്റെ കൈയില്‍ പിടിച്ച് വണ്ടിയിലേക്ക് തള്ളി.
“നീ ബൈക്കില്‍ പിന്നാലെ പോര്” പൌലോസ് വാസുവിനോട് പറഞ്ഞു.
“ശരി സാര്‍..പക്ഷെ എന്നെ ആശുപത്രിയില്‍ കയറ്റുന്നില്ലേ? എന്റെ കൈ മുറിഞ്ഞു..” അവന്‍ പറഞ്ഞു.
“കയറ്റുമെടാ..ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണമല്ലോ..നീ വണ്ടി എട്”
“ശരി ശരി..”
പോലീസ് വാഹനത്തിനു പിന്നാലെ വാസുവിന്റെ ബൈക്ക് കുതിച്ചു. അംജദും ഫൈസലും അണ്ടി കളഞ്ഞ അണ്ണാന്മാരെപ്പോലെ ആ പോക്ക് നോക്കി നിന്ന ശേഷം വേഗം മൊബൈല്‍ എടുത്തു.
———————–
“ബുള്‍ ഷിറ്റ്..”
സ്റ്റാന്‍ലി കോപാക്രാന്തനായി അലറി. അവന്‍ മുറിയില്‍ തലങ്ങും വിലങ്ങും അസ്വസ്ഥനായി വെരുകിനെപ്പോലെ ഉലാത്തുകയായിരുന്നു. സമാന മാനസികാവസ്ഥയില്‍ത്തന്നെ ആയിരുന്നു മറ്റു രണ്ടുപേരും. ഭേരുവിനെയും കബീറിനെയും പൌലോസ് പിടികൂടിയത് അവരെ ശക്തമായി ഉലച്ചിരുന്നു.
“അര്‍ജ്ജുന്‍..എന്ത് ചെയ്യും? പൌലോസ് അവനെതിരെ പെറ്റിക്കേസ് ഉണ്ടാക്കി പോക്ക് മുടക്കാനാണ് നോക്കിയത്. പക്ഷെ ആ നായിന്റെ മോന്‍ തോക്ക് കൂടി കൈവശം വച്ചതോടെ കേസ് ആകെ മാറി..ഒപ്പം വാസുവിനെ അവന്‍ കുത്തി എന്നതിന്റെ തെളിവും പൌലോസിനു കിട്ടിക്കഴിഞ്ഞു..എല്ലാം കുളമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ….എന്ത് ചെയ്യണം എന്നൊരു പിടിയുമില്ല..ആ വക്കീലിനെയും കാണുന്നില്ലല്ലോ..” സ്റ്റാന്‍ലി തല കുമ്പിട്ടിരിക്കുന്ന അര്‍ജ്ജുനെ നോക്കി പറഞ്ഞു.
