“അതെ സര്‍..എന്താ സര്‍ പ്രശ്നം?” ശങ്കരന്‍ സ്കൂട്ടര്‍ തിരികെ സ്റ്റാന്റില്‍ വച്ചിട്ട് ചോദിച്ചു.
“പ്രശ്നമല്ല, പ്രശ്നങ്ങള്‍..അത് പലതാണ്…ടൌണിലെ ഇറച്ചിക്കടയില്‍ കയറി അതിന്റെ ഉടമയെ തല്ലിയിട്ട് പണം പിടിച്ചു പറിച്ചു എന്നതാണ് ഒന്നാമത്തെ പ്രശ്നം..രണ്ട് അയാളുടെ ചേട്ടനെ ആക്രമിച്ച് അയാളുടെ പല്ലുകള്‍ കൊഴിക്കുകയും പണം പിടിച്ചു പറിക്കുകയും ചെയ്തു എന്നത്….മൂന്നാമത്തേത് എന്റെ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന രവീന്ദ്രന്‍ എന്ന പോലീസുകാരനെ വീട്ടില്‍ കയറി തല്ലിയതാണ്….മൂന്നും നടന്നത് ഒരേ ദിവസം…വാസു മോനാണ് അല്ലെ?” പൌലോസ് വാസു ചെയ്ത കുറ്റങ്ങള്‍ എണ്ണി പറഞ്ഞുകൊണ്ട് വികൃതമായ ഒരു ചിരിയോടെ ശങ്കരനോട് ചോദിച്ചു.
“അതെ സര്‍..പക്ഷെ സര്‍ അവന്‍ മുസ്തഫയുടെയോ മൊയ്തീന്റെയോ പണം പിടിച്ചു പറിച്ചിട്ടില്ല..വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ അവര്‍ക്ക് കൊടുത്ത പണം തിരികെ കിട്ടാതെ വന്നപ്പോള്‍ അല്പം ബലപ്രയോഗം നടത്തി വാങ്ങിയെന്നെ ഉള്ളു..”
“ഭ..പോക്രിത്തരം പറയുന്നോടാ റാസ്‌ക്കല്‍? പണം നല്‍കിയാല്‍ നീ ബലം പിടിച്ചു വാങ്ങും അല്ലെ? പിന്നെന്തിനാടാ ഞങ്ങള്‍ ഈ കോപ്പും ഇട്ട് അവിടെ ഇരിക്കുന്നത്? ചെരയ്ക്കാനോ? ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പരാതി എഴുതി തരണം..അതല്ലാതെ ഗുണ്ടായിസം കാണിക്കാന്‍ ഇറങ്ങിയാല്‍ ചവിട്ടി എല്ലൊടിക്കും ഞാന്‍..എവിടവന്‍..വിളിക്ക്..” പൌലോസ് ആക്രോശിച്ചു. ദിവ്യ ഭയന്നു വിറച്ചു. ഇയാള്‍ ക്രൂരനാണ്. വാസുവേട്ടനെ കൈയില്‍ കിട്ടിയാല്‍ ഇയാള്‍ ഇടിച്ചു ചതയ്ക്കും.
“അവനിവിടില്ല സാറേ..രാവിലെ എങ്ങോട്ടോ പോയി..”
“എവിടെ?”
“അറിയില്ല..”
“കള്ളക്കഴുവേറി സര്‍വീസില്‍ ഇരിക്കുന്ന പോലീസുകാരനെ ആണ് കൈ വച്ചത്..അവന്റെ പരിപ്പ് ഞാന്‍ എടുക്കും..വന്നാലുടന്‍ അവനോടു സ്റ്റേഷനില്‍ വരാന്‍ പറയണം…ഇനി ഒരിക്കല്‍ക്കൂടി അവനെ തേടി ഞാനിവിടെ വരാന്‍ ഇടയായാല്‍..മോന്റെ ചാവടിയന്തിരം നടത്താനുള്ള ഏര്‍പ്പാട് നിനക്ക് ചെയ്യേണ്ടി വരും കേട്ടോടാ…..”
ശങ്കരന്‍ ഭീതിയോടെ തലയാട്ടി. ഭയന്നു വിറച്ചു പോയിരുന്ന അയാള്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. മൂവരെയും രൂക്ഷമായി ഒന്ന് നോക്കിയിട്ട് പൌലോസ് ജീപ്പില്‍ കയറി അതിവേഗം പിന്നിലേക്ക് എടുത്ത് തിരിച്ചിട്ടു തിരികെപ്പോയി. ശങ്കരന്‍ തലയ്ക്ക് കൈയും കൊടുത്ത് വരാന്തയില്‍ കുന്തിച്ചിരുന്നുപോയി. ദിവ്യ അയാളുടെ അടുത്തേക്ക് ഓടിവന്നിരുന്നു.
“അച്ഛാ ഇനി എന്ത് ചെയ്യും? അയാളുടെ കൈയില്‍ വാസുവേട്ടനെ കിട്ടിയാല്‍ അയാള്‍ കൊല്ലും..എങ്ങനെയെങ്കിലും വാസുവേട്ടനെ രക്ഷിക്ക് അച്ഛാ….” ദിവ്യ കരച്ചിലിന്റെ വക്കില്‍ എത്തിയിരുന്നു.
