പുകയും സ്മെൽലും എന്നെ ചെറുതായി അസ്വസ്ഥനാക്കിയപ്പോൾ ഞാൻ റെയിൽവേ സ്റ്റേഷന് അകത്തേക്ക് നടന്നു. ഞാൻ കോളേജിൽ ലാസ്റ്റ് ഇയർ പഠിക്കുന്ന സമയം സിഗരറ്റ് ചെറുതായി പരീക്ഷിച്ച് തുടങ്ങിയതായിരുന്നു. അതറിഞ്ഞുടൻ മായ ദേവികയെ വിളിച്ച് പറഞ്ഞുകൊടുത്തു. പിന്നെ അതിന്റെ പേരിൽ വഴക്ക് പിണക്കം മിണ്ടാതിരിക്കാൻ ഒക്കെ ആയപ്പോൾ ഇനി സിഗരറ്റ് കൈ കൊണ്ട് തൊടില്ലെന്ന് രണ്ടുപേർക്കും സത്യം ചെയ്തു കൊടുത്തു. ഇടക്കൊക്കെ ബിയർ കുടിക്കാറുണ്ട് വല്ലപ്പോഴും മദ്യവും.. പക്ഷെ കുടിക്കുന്നതിന് മുൻപായി രണ്ടുപേരോടും പറയും. ആദ്യം കുടിക്കണ്ടെന്ന് പറഞ്ഞ് രണ്ടുപേരും ബലം പിടിക്കുമെങ്കിലും അവസാനം സമ്മതിക്കും. പറഞ്ഞു വരുകയാണെങ്കിൽ ഈ രണ്ടുപേരുടെയും ഒരു നിയന്ത്രണത്തിൽ ആയിരുന്നു ഞാൻ ജീവിച്ചിരുന്നത്. പക്ഷെ എനിക്കതിൽ യാതൊരു വിഷമവും ഇല്ലായിരുന്നു.
കുറച്ച് നേരത്തെ കാത്തിരിപ്പിനുള്ളിൽ ചെറിയൊരു കൂകി വിളിയുമായി ട്രെയിൻ വന്ന് നിന്നു. ഞാൻ അവളുടെ ബോഗി ലക്ഷ്യമാക്കി നടന്നെത്തുമ്പോഴേക്കും അവൾ ട്രെയിനിൽ നിന്നും ഇറങ്ങി കഴിഞ്ഞിരുന്നു. രണ്ട് കൈയിലുമായി ഓരോ ബാഗും ഉണ്ട്. അവളുടെ മുഖം കാണുമ്പോൾ അറിയാം യാത്ര അവളെ നന്നായി ക്ഷീണിപ്പിച്ചിട്ടുണ്ടെന്ന്. എന്നെ കണ്ടതും ഒരു ചിരിയോടെ അവൾ അടുത്തേക്ക് നടന്നു വന്നു.
സ്വതസിദ്ധമായ ചിരിയോടെ അവൾ പറഞ്ഞു.
“ആകെ വിയർത്തു നാറി ഇരിക്കുന്നതുകൊണ്ട് കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിക്കുന്നില്ല.”
“അല്ലെങ്കിൽ തന്നെ നീ എന്നാണ് എന്നെ കെട്ടിപിടിച്ചിട്ടുള്ളത്.”
കണ്ണിറുക്കി കാണിച്ച്കൊണ്ടു അവൾ പറഞ്ഞു.
“എന്റെ കെട്ടിയോനെ മാത്രേ ഞാൻ കെട്ടിപ്പിടിക്കുള്ളു.. അതുകൊണ്ടല്ലേ നിന്റടുത്ത് നിന്നും ഓരോ പ്രവിശ്യവും ഞാൻ ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞ് മാറുന്നത്.”
“അവളുടെ ഒരു കെട്ടിയോൻ.. എന്നെ കെട്ടിപ്പിടിക്കാൻ നല്ല അടിപൊളി പെൺപിള്ളേർ വന്നോള്ളും”
അവൾ ബാഗ് താഴെ വച്ച് കൈ നീട്ടികൊണ്ട് ചോദിച്ചു.
“എവിടെ എനിക്കുള്ള സാധനം?”
“എന്ത് സാധനം? വന്ന് കാറിൽ കയറടി.. ‘അമ്മ കാത്തിരിക്കയായിരിക്കും.”
ഞാൻ ബാഗ് എടുക്കാനായി തുനിഞ്ഞപ്പോൾ എന്റെ കൈ തട്ടിമാറ്റികൊണ്ട് അവൾ സ്വരം കടിപ്പിച്ച് പറഞ്ഞു.
“എന്റെ ബാഗെടുക്കാൻ എനിക്കറിയാം.”
ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല.. അവൾ ബാഗും ചുമന്നു എന്റെ പിറകെ വന്ന് കാറിൽ കയറി. ഞാൻ ഡ്രൈവർ സീറ്റിലേക്ക് കയറി ഇരിക്കുമ്പോൾ അവളുടെ മുഖം ശ്രദ്ധിച്ചു. കടന്നൽ കുത്തിയത് പോലെ വീർപ്പിച്ച് വച്ചിട്ടുണ്ട്. എനിക്ക് അത് കണ്ടപ്പോൾ ചിരിയാണ് വന്നത്.
കാറിന്റെ ഡാഷ് തുറന്ന് അതിൽ നിന്നും ഡയറിമിൽക് എടുത്ത് കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു.
“ആ എയർ പിടുത്തം ഒന്ന് കളഞ്ഞേക്ക്.”
അവളെ കാണുമ്പോഴൊക്കെ ചോക്ലേറ്റ് കൊടുക്കുന്നത് എന്റെ പതിവാണ്. എന്റെയിൽ നിന്ന് കിട്ടുന്ന ചോക്കലേറ്റ് മുഴുവൻ അവൾ കഴിക്കാറില്ല. അതിൽ അറുപതു ശതമാനം അവൾക്ക് നാൽപ്പത് ശതമാനം എനിക്ക് എന്നതാണ് അവളുടെ കണക്ക്.
എന്റെ കൈയിൽ നിന്നും ചോക്ലേറ്റ് പിടിച്ച് വാങ്ങിക്കൊണ്ട് അവൾ പറഞ്ഞു.
“ഇത് കാറിൽ ഉണ്ടെന്ന് അറിഞ്ഞിരുന്നേൽ നിന്നെ കൊണ്ട് തന്നെ ഞാൻ ബാഗ് ചുമപ്പിച്ചേനെ.”
