ഞാൻ കാറിൽ കയറി പോകുന്നവരെയും ഒരു പുഞ്ചിരിയോടെ അവൾ അവിടെ തന്നെ നിന്നു.
അവൾ നാട്ടിൽ ഉണ്ടായിരുന്ന ഒരുമാസം വളരെ പെട്ടെന്നാണ് കടന്ന് പോയത്. തിരികെ ചെന്നൈയിലേക്ക് പോകാനായി അവളെയും കൊണ്ട് റെയിൽവേ സ്റ്റേഷനിലേക്ക് ഉള്ള യാത്രയിലായിരുന്നു ഞാൻ.
“ഡാ.. എനിക്കൊരു ആലോചന വന്നതിനെ പറ്റി ‘അമ്മ പറഞ്ഞോ?”
ഞാനും അപ്പോഴാണ് അതിനെ കുറിച്ച് ഓർത്തത്.
“ഒരു ആലോചന വന്നു, അത് വേണ്ടെന്നും പറഞ്ഞ് വിട്ടെന്ന് ‘അമ്മ പറഞ്ഞിരുന്നു, അതാ ഞാൻ പിന്നെ തിരക്കാഞ്ഞത്.”
“ഈ ഇടക്ക് ഞാൻ ഒരു കല്യാണത്തിന് പോയിരുന്നു. അവിടെ വച്ച് എന്നെ കണ്ടിഷ്ട്ടമായതാണ്.”
“ഒറ്റ നോട്ടത്തിൽ നിന്നെ കണ്ടിഷ്ടപ്പെടാനും ആൾക്കാരുണ്ടോടി?”
അവൾ മുഖം ചുളിച്ച് കൊണ്ട് ചോദിച്ചു.
“അതെന്താടാ എന്നെ കാണാൻ അത്രക്ക് മോശമാണോ?”
“അതിപ്പോൾ ഞാൻ എങ്ങനടി നിന്റെ മുഖത്ത് നോക്കി തുറന്ന് പറയുന്നത്.”
“നിനക്ക് മാത്രേ എന്നെ ഈ പുച്ഛമുള്ളു, ചെന്നൈയിൽ എത്രപേരാണ് എന്റെ പിറകെ നടന്നതെന്നറിയാമോ?’
എനിക്കവളെ ദേഷ്യം പിടിപ്പിക്കുന്നത് എപ്പോഴും ഒരു രസമായിരുന്നു. അത് അവൾക്കും നന്നായിട്ടറിയാം. പലപ്പോഴും ഞാൻ അവളെ കളിയാക്കിയിരുന്നത് അവളുടെ മുടിക്ക് നീളമില്ല എന്നും പറഞ്ഞായിരുന്നു.
“ആ ആലോചന എന്താ വേണ്ടെന്ന് വച്ചത്?”
“അമ്മയ്ക്ക് അടുത്തറിയാവുന്ന കുടുംബമാണ് അവരുടേത്. സാമ്പത്തികമായി വലിയ നിലയിലൊന്നും അല്ല. പിന്നെ അവൻ നാട്ടിൽ തന്നെ എന്തോ ജോലി ചെയ്യുവാ.”
ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
“അവനെ കെട്ടിയാൽ നിന്റെ ട്രാവലിംഗ് സ്വപ്നം നടക്കില്ലല്ലേ.”
ഒരു ചിരിയായിരുന്നു അവളുടെ മറുപടി.
“എന്താ അവന്റെ പേര്?”
“രാജീവ്.. ”
ഞാൻ മനസ്സിൽ ചെറുതായി ആ പേര് ഉരുവിട്ടു.
.
.
ദേവിക ചെന്നൈയിലേക്ക് പോയിക്കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കകം തന്നെ ഞാനും ബാംഗ്ളൂരിലേക്ക് ബസ് കയറി.
രണ്ടുമാസത്തിനകം തന്നെ ഞാൻ ബാംഗളൂർ ലൈഫ് മടുത്ത് തുടങ്ങിയിരുന്നു. ദിവസേന ഒരേ കാര്യങ്ങൾ തന്നെയാണ് അവിടെ ആവർത്തിച്ചിരുന്നത്. രാവിലെ എഴുന്നേൽക്കുന്നു, ഓഫീസിൽ പോകുന്നു, തിരിച്ച് വരുന്നു, കിടന്നുറങ്ങുന്നു. ഇതിനിടയിൽ ദേവികയുടെയും മായയുടെയും ഫോൺ കാളുകൾ മാത്രമായിരുന്നു ആശ്വാസമായി ഉണ്ടായിരുന്നത്. പക്ഷെ ഈ ഇടയായി ദേവികയ്ക്ക് ഒരു മാറ്റം പോലെ. വിളിച്ചാൽ അധികം സംസാരിക്കാറില്ല, മിക്കപ്പോഴും തിരക്ക്. ജോലിയുടെ തിരക്കിലായിരിക്കുമെന്നാണ് ആദ്യം കരുതിയത്.
