ഇഷാനി ഇല്ലായിരുന്നു എങ്കിലും എന്റെ ഒപ്പം മിക്കപ്പോഴും കൃഷ്ണ കാണുമായിരുന്നു. സ്വന്തം അനിയത്തി ആണെങ്കിൽ കൂടി കൃഷ്ണയേ എന്റെയടുത്തു കാണുമ്പോൾ ഒക്കെ ലക്ഷ്മിയുടെ മുഖം ചുവക്കും. ഞങ്ങൾ ഉദ്ദേശിച്ചത് പോലെ സന്ധ്യക്ക് പറഞ്ഞ സമയത്തു കൂടാൻ ഞങ്ങൾക്ക് സാധിച്ചില്ല. കാരണം എന്നെ വിടാതെ കൂടെ എർത്തു പോലെ നടക്കുന്ന കൃഷ്ണ തന്നെ.. ലാസ്റ്റ് വേറെ വഴിയില്ലാതെ ലക്ഷ്മി എന്നെ ഫോണിൽ വിളിച്ചു..
‘നീ അവളുടെ അടുത്ത് കിന്നരിച്ചോണ്ട് നിക്കാതെ ഇങ്ങോട്ട് വാ..’
‘അവളെന്റെ അടുത്തൂന്ന് ഒന്ന് മാറണ്ടേ..’
‘എന്നാൽ നീ അവളുടെ അടുത്ത് നിന്നും മാറണ്ട. ഞാൻ പൊക്കോളാം ബൈ.’
ലച്ചു ദേഷ്യപ്പെട്ടു ഫോൺ കട്ട് ചെയ്യാനൊരുങ്ങി
‘ഫോൺ വെക്കല്ലേ.. ഒരു പത്തു മിനിറ്റ്. ഞാൻ അവളുടെ കണ്ണ് വെട്ടിച്ചു വരാം..’
കൃഷ്ണയുടെ മാത്രം അല്ല എല്ലാവരുടെയും കണ്ണ് വെട്ടിച്ചു വേണം മുങ്ങാൻ. അല്ലെങ്കിൽ ഞാൻ എത് വഴി പോയെന്ന് അവൾ തപ്പി വരും. രാഹുലിന്റെ അടുത്ത് ഞാൻ എവിടെ ഉണ്ടെന്ന് കള്ളത്തരം പറയാൻ ഏൽപ്പിച്ചിട്ട് അവളുടെ കണ്ണ് തെറ്റിയ നിമിഷം ഞാൻ സ്‌കൂട്ടായി. ലച്ചു എന്നെ നോക്കി കുറച്ചു നേരമായി മോളിലത്തെ ഫ്ലോറിൽ കാത്തിരിക്കുകയായിരുന്നു.
‘അവളോട് എന്ത് പറഞ്ഞു..?
‘ഒന്നും പറഞ്ഞില്ല. അവൾ കാണാതെ ഓടി വന്നതാ..’
‘ഇനി അവൾ തപ്പി വരുമോ നിന്നെ..?
‘വരാൻ ചാൻസ് ഉണ്ട്. ഞാൻ ഇങ്ങോട്ടാണ് വന്നതെന്ന് പക്ഷെ അവൾ അറിയാൻ ചാൻസില്ല. എന്നെ ഡിപ്പാർട്മെന്റ്ന്റെ അവിടെ വല്ലോം പോയി നോക്കും..’
‘എന്തൊരു ശല്യമാണ്.. മിക്കവാറും ഞാനവളുടെ തലക്കിട്ടു എന്തെങ്കിലും വച്ചു താങ്ങും..’
ലച്ചു പരിഭവത്തോടെ പറഞ്ഞു
‘അങ്ങനെ ഒന്നും പറയല്ലേ.. അവൾ നിന്റെ അനിയത്തി അല്ലേ..’
ഞാൻ അവളുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു. സമൃദ്ധമായ അവളുടെ കവിൾ ഞാൻ വലിച്ചപ്പോൾ തുളുമ്പിയത് പോലെ തോന്നി.
‘എന്നാലും എത്ര എന്ന് വച്ചാടാ ഇങ്ങനെ സഹിക്കുന്നേ.. ഏത് നേരവും നിന്റെ കൂടെ അവൾ. നിന്റെയടുത്തു എന്നേക്കാൾ അധികാരം അവൾക്ക് ആണെന്ന് തോന്നും. അപ്പൊ എനിക്ക് ദേഷ്യവും സങ്കടവും ഒക്കെ വരും..’
