” നിനക്കൊന്നും കണ്ണ് കാണില്ലെടാ….. രാവിലെ പെണ്ണുങ്ങളെ വായിനോക്കാൻ ഒരുങ്ങിക്കെട്ടി അമ്പലത്തിലേക്ക് വന്നോണം….”
അവൻ തിരിഞ്ഞു നോക്കിയപ്പോൾ ഏതോ ഒരു പെൺകുട്ടി അവന്റെ മുൻപിൽ ദേഷ്യത്തോടെ നിൽക്കുകയാണ്…. നിലത്തൊക്കെ പൂക്കളും പ്രസാദവും വീണു കിടക്കുന്നു…. കൂടെ സ്റ്റീലിന്റെ പൂക്കൂടയും….
” സോറി പെങ്ങളെ…. ഞാൻ ശ്രദ്ധിച്ചില്ല…. അറിയാതെ പറ്റിയതാണ്…. സോറി… ”
അവൻ നിലത്തിരുന്ന് പൂക്കൂട എടുത്ത് പൂക്കളും പ്രസാദവും അതിലേക്ക് എടുത്തു വയ്ക്കാൻ തുടങ്ങി…. ഒരു ബഹളം അവൻ പ്രതീക്ഷിച്ചെങ്കിലും ഒന്നും കേൾക്കാത്തതിനാൽ അവൻ നിലത്ത് മുട്ട് കുത്തിക്കൊണ്ട് തല ഉയർത്തി നോക്കി…. പന്തം കണ്ട പെരുച്ചാഴിയെപ്പോലെ ആ പെൺകുട്ടി അവനെ നോക്കി നിൽക്കുകയായിരുന്നു…. അവൻ എഴുന്നേറ്റ് പൂക്കൂട അവളെ ഏൽപ്പിച്ചു… ഒന്നുകൂടി സോറി പറഞ്ഞ് മുൻപോട്ട് നടന്നു….. ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ അവൾ അപ്പോളും അവനെ തന്നെ നോക്കി നിൽക്കുകയാണ്….
ഒന്ന് വലം വച്ച് ശ്രീകോവിലിനു മുൻപിൽ എത്തിയപ്പോളാണ് ഇന്ദു രസീത് പൂജാരിയെ ഏൽപ്പിച്ച് അവന്റടുത്തേക്ക് വന്നത്….
” എടി ഇന്ദു…. ”
പിന്നിൽ നിന്നും ഒരു അലർച്ച കേട്ട് അവർ മാത്രമല്ല അമ്പലത്തിലെ പൂജാരിയടക്കം എല്ലാവരും അങ്ങോട്ടേക്ക് നോക്കി… അമൽ നേരത്തെ തട്ടിയ പെൺകുട്ടിയായിരുന്നു അത്…. അവളെ കണ്ടപ്പോൾ ഇന്ദുവിന്റെ മുഖവും ഒന്ന് തെളിഞ്ഞു….
” എത്ര നാളായടി നിന്നെ കണ്ടിട്ട്… കഴിഞ്ഞ വട്ടം കണ്ടതിനേക്കാൾ തടിച്ചുട്ടോ….. സുന്ദരിയായല്ലോ…. ”
അവൾ ഓടി വന്ന് ഇന്ദുവിനെ കെട്ടിപിടിച്ചുകൊണ്ട് ഓരോന്ന് ചോദിക്കാൻ തുടങ്ങി….. അമ്പലത്തിലായത് കൊണ്ടും എല്ലാവരും ശ്രദ്ധിക്കുന്നത് കൊണ്ടും ഇന്ദു തിരിച്ചൊന്നും പറഞ്ഞില്ല…. എന്തായാലും വന്നയാൾ ഇന്ദുവിന്റെ കൂട്ടുകാരിയാണെന്ന് അവന് മനസ്സിലായി…
” നിങ്ങൾ കൂട്ടുകാരികളുടെ സ്നേഹപ്രകടനം എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്…. ക്ഷേത്രമാണ് അതുകൊണ്ട് ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് മുൻപ് പുറത്ത് ഇറങ്ങി സംസാരിക്കുന്നതല്ലേ നല്ലത്…. ”
ഇന്ദുവിന്റെ അവസ്ഥ കണ്ട് അമൽ അവരോടായി പറഞ്ഞു…..
” ഏഹ്…. ഇതാരാടി???…. ഇനി നിന്റെ കാമുകനോ ഭാവി വരനോ വല്ലതുമാണോ??… ”
അവളുടെ ചോദ്യത്തിൽ ആകാംഷയും ആശങ്കയും ഒരുപോലെ ഉള്ളതായി അവന് തോന്നി …. അവളുടെ ചോദ്യത്തിന്റെ പ്രീതിഫലനമെന്നോണം ഇന്ദുവിന്റെ മുഖത്ത് നാണത്തിന്റെ ചുവപ്പുരാശി വീണത് ഞെട്ടലിനിടയിലും അവന്റെയുള്ളിൽ ഒരു മഞ്ഞു മഴ പെയ്യിച്ചു…..
” ഏയ്…. ഇത്…. ഇത് അരവിന്ദേട്ടന്റെ കൂട്ടുകാരനാ…. ടൗണിൽ നിന്ന്…. ”
വിക്കിയും മൂളിയും ഇന്ദു ഒരു വിധം പറഞ്ഞൊപ്പിച്ചു….
” ഹോ… ആശ്വാസം… ഞാൻ അങ്ങ് പേടിച്ചു പോയി… ”
അവൾ ഒരു നെടുവീർപ്പോടെ പറഞ്ഞപ്പോൾ വീണ്ടും ഇന്ദുവും അമലും ഒരുമിച്ച് ഞെട്ടി….
” എന്താ… എന്താ നീ പറഞ്ഞെ???… ”
പെട്ടന്ന് ഇന്ദുവിന്റെ ശബ്ദം പുറത്ത് വന്നു…. അതിൽ എന്തൊക്കെയോ പ്രശ്നങ്ങൾ അവന് മണത്തു….
” നിങ്ങൾ രണ്ടും തൽക്കാലം പുറത്തേക്ക് ചെല്ല്…. ഇവിടെ നിന്ന് സംസാരിക്കാൻ പറ്റില്ലാന്ന് തോന്നുന്നു…. ”
