” നീ കോളേജിൽ പോകാൻ റെഡിയായോ..? ”
” അഹ്.. എന്തേ…? ”
അവൾ സംശയത്തോടെ ചോദിച്ചു.
” ഞാൻ അങ്ങോട്ട് വരണുണ്ട്.. നീയിന്ന് കോളേജിൽ പോകേണ്ട. ”
” ഏട്ടാ അത്… ”
” കോളേജിലേക്കാണെന്ന് പറഞ്ഞ് നീ വീട്ടീന്ന് ഇറങ്ങ്.. എന്നിട്ട് ടൗണിലുള്ള ബീച്ചിലേക്ക് വാ.. എനിക്ക് നിന്നോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്. ഞാൻ വരുന്നുണ്ടെന്നുള്ള വിവരം ഒരിക്കലും മുത്തശ്ശനും, മുത്തശ്ശിയും അറിയരുത്. ”
” ഏട്ടാ… എനിക്ക് ഏട്ടനോടും ചില കാര്യങ്ങൾ പറയാനുണ്ടായിരുന്നു.. ”
വീണ ഒരല്പം അങ്കലാപ്പോടെ പറഞ്ഞു.
” എന്ത് കാര്യം..? ”
” അത്.. ഫോണിൽ പറയാൻ പറ്റത്തില്ല. ഇവിടെ വരുമ്പോൾ ഞാൻ നേരിട്ട് പറയാം… ”
” ഹം… ഞാൻ ഉടനെയെത്തും.. ”
അതും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു.
ഈ സമയം ടൗണിലേക്കുള്ള ബസ്സ് വന്നു. ഫോൺ പോക്കറ്റിലിട്ട് കിച്ചു അതിലേക്ക് കയറി.
ബീച്ചിൽ.
രാവിലെ ആയത് കൊണ്ട് അവിടെ അധികം ആളുകളൊന്നുമില്ല. കുറച്ച് വിദേശികളും, പിന്നെ കുറച്ച് കമിതാക്കളും. വീണയാണ് അവിടെ ആദ്യമെത്തിയത്. അവൾ ഏട്ടനെയും കാത്തു നിന്നു.
” വീണേ… ”
ഒരു വിളി കേട്ടു. അവൾ തിരിഞ്ഞു നോക്കി. കിച്ചുവാണ് വിളിച്ചത്.
