ക്ലിനിക്കിലെ മറ്റു മലയാളി പെൺകുട്ടികളുമായി എനിക്ക് നല്ല അടുപ്പമായിരുന്നു,സംസാരിക്കുന്നതും ചിരിക്കുന്നതുമെല്ലാം ആന്റി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.ഒന്നാമത് അവിവാഹിതനായി അവിടെ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ, പിന്നെ അവർക്കെല്ലാവർക്കും എപ്പോഴും എന്റെ സഹായവും ആവശ്യമുണ്ടായിരുന്നു.
പക്ഷെ ഒരിക്കൽപോലും തെറ്റായ ഒരു സംസാരമോ പ്രവർത്തിയോ എന്നിൽനിന്നും ആർക്കും ഉണ്ടായിരുന്നില്ല, ഒരു മിസ്റ്റർ ക്ളീൻ ഇമേജ് ഞാൻ സ്വയം സൂക്ഷിച്ചിരുന്നു…
ഒരിക്കൽ റിസപ്‌ഷനിൽ ഏതോ ഡോക്യുമെന്റ് സംബന്ധമായ ഒരു പ്രശനമുണ്ടായി, ആരോ അത് മാനേജരോട് കംപ്ലൈന്റ്റ് ചെയ്തു, ആന്റിക്ക് വഴക്കുകിട്ടിയെന്നു തോന്നുന്നു, പിന്നീട് എന്നെ കാണുമ്പോഴൊക്കെ ഒരുതരം വെറുപ്പോടെ നോക്കാൻ തുടങ്ങി. പിന്നീട് എന്തോ ഒരു ആവശ്യത്തിന് റിസപ്‌ഷനിൽ പോയപ്പോൾ ഞാൻ ആന്റിയെ വിളിച്ചു, അപ്പോൾ ആന്റി എന്നെ മാറ്റിനിറുത്തി പറഞ്ഞു,
“നിനക്ക് ഈ ആന്റി വിളി ഒന്നൊഴിവാക്കാമോ?”
ആന്റി നല്ല ദേഷ്യത്തിലായിരുന്നു,
പിന്നെയും എന്തൊക്കെയോ പറഞ്ഞു, എനിക്കൊന്നും മനസ്സിലായില്ല.
ചിലരൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ഞാൻ പതിയെ മാറിപ്പോയി, കണ്ണുകളെല്ലാം നിറഞ്ഞു..
രോഗികളുടെ തിരക്കൊഴിഞ്ഞപ്പോൾ റിസപ്‌ഷനിന്റെ പിറകിലൂടെ പോയി ആരും കാണാതെ ഞാൻ വിളിച്ചു, അപ്പോഴും ദേഷ്യത്തോടെതന്നെ ആന്റി വന്നു.
എന്റെ കണ്ണുകളെല്ലാം ചുവന്നിരുന്നു. ഞാൻ നന്നായി കരഞ്ഞിട്ടുണ്ടെന്ന് ആന്റിക്ക് മനസ്സിലായി.
“ചേച്ചീ” (ആന്റിയെന്ന വിളി ഇഷ്‌ടമല്ലായെന്ന് മനസ്സിലാക്കിയതിൽ പിന്നെ അങ്ങനെ ഞാൻ വിളിച്ചിട്ടില്ല)
“ഉം…എന്താ…?” (ചേച്ചിയെന്ന വിളി ഇഷ്‌ടമായി, പക്ഷെ ദേഷ്യത്തിനൊട്ടും കുറവില്ല)
നേരത്തേതിന്റെ ബാക്കി പിന്നെയും വയറുനിറച്ചു തന്നു.
“ഇത്രമാത്രം വഴക്കുപറയാൻ എന്ത് തെറ്റാ ഞാൻ ചെയ്തത്?”
