“വാസു..നീയാണ് എന്റെ ഊര്‍ജ്ജം. നീ ഇങ്ങനെ വിഷമിച്ചിരുന്നാല്‍ എനിക്ക് ഒന്നും ചെയ്യാനുള്ള ശക്തി ഉണ്ടാകില്ല. പ്ലീസ്..നീ ദിവ്യയുടെ കാര്യം മനസ്സില്‍ നിന്നും കളയൂ. അവള്‍ മോശമായി പെരുമാറിയത് നിന്റെ കുഴപ്പം കൊണ്ടല്ലല്ലോ…എടാ..എന്നെ നോക്ക്..നീ വിഷമിച്ചാല്‍ അത് നിന്നെക്കാള്‍ ഏറെ എന്നെ ആകും വേദനിപ്പിക്കുക..”
വാസു മിണ്ടിയില്ല.
“എന്താ..എന്ത് പറ്റി വാസൂ?’ പൌലോസും അവിടേക്ക് എത്തി.
“ഇച്ചായാ ഇവന്‍ മൂഡ് ഓഫ് ആണ്..ഒന്ന് വിളിച്ചോണ്ട് വാ..” ഡോണ എഴുന്നേറ്റ് ഉള്ളിലേക്ക് നടന്നുകൊണ്ട് പറഞ്ഞു.
പൌലോസ് വാസുവിന്റെ അരികില്‍ ഇരുന്ന് അവന്റെ കൈയില്‍ പിടിച്ചു.
“വാസൂ..നിന്നെപ്പോലെ ഒരാളുടെ മനസ് വിഷമിക്കണം എങ്കില്‍ എന്തോ കാര്യമായ പ്രശ്നമുണ്ട് എന്നെനിക്ക് ഊഹിക്കാന്‍ പറ്റും. ഞാന്‍ എന്താണ് കാര്യമെന്ന് ചോദിക്കുന്നില്ല. പക്ഷെ ആ പോയവള്‍ ഇല്ലേ..അവള്‍ക്ക് എന്നേക്കാള്‍ സ്നേഹം നിന്നോടാണ്..നിന്റെ മനസു വിഷമിച്ചാല്‍, അത് അവള്‍ക്ക് താങ്ങാന്‍ പറ്റില്ല. നീ ഒരു കരുത്തനായ യുവാവാണ്..മനസിനെ വരുതിയില്‍ നിര്‍ത്താന്‍ നീ ശീലിക്കണം..നമ്മള്‍ ജീവനോടെ ഇരിക്കുന്നതിനേക്കാള്‍ വലിയ ഭാഗ്യം വേറെ ഒന്നുമില്ല..ജീവനോടെ, ആരോഗ്യത്തോടെ ഇരിക്കുന്നതിന്റെ വില അറിയണമെങ്കില്‍ ഇടയ്ക്ക് ഏതെങ്കിലും ആശുപത്രികളില്‍ ഒന്ന് കയറിയാല്‍ മതി. നമ്മള്‍ വലിയ പ്രശ്നങ്ങള്‍ ആയി കരുതുന്ന പലതും ഒരു പുല്ലുമല്ല എന്ന് അപ്പോള്‍ ബോധ്യമാകും. ഞാന്‍ ആഴ്ചയില്‍ ഒരിക്കല്‍ ഏതെങ്കിലും ഒരു ആശുപത്രിയില്‍ പോകാറുണ്ട്…എന്നെത്തന്നെ എന്റെ സൌഭാഗ്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ വേണ്ടി. അതുകൊണ്ട് ഇപ്പോള്‍ നീ കരുതുന്നതൊന്നും ഒരു ചുക്കുമല്ല..കമോണ്‍ മാന്‍..”
പൌലോസ് അവന്റെ കൈയില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ചു. വാസു ഒന്നും മിണ്ടാതെ അയാളുടെ കൂടെ ഇന്ദുവിന്റെ വീടിന്റെ ഉള്ളിലേക്ക് കയറി.
“ഡോണ..എനിക്ക് ഇന്ന് നിന്റെ കേസില്‍ വളരെ അവിചാരിതമായി ഒരു താല്പര്യം ഉണ്ടായി. എന്റെ പ്രൊഫഷണല്‍ എത്തിക്സിനു എതിരായ കാര്യമാണ് എങ്കിലും നമ്മള്‍ നിയമം തോല്‍ക്കാന്‍ ആഗ്രഹിക്കുന്നവരല്ലല്ലോ? നിയമത്തിന്റെ കാവലാളുകള്‍ തന്നെ അതിനെ ദുര്‍ബ്ബലപ്പെടുത്തുമ്പോള്‍, അതിനെതിരെ ഇത്ര കഷ്ടപ്പെടുന്ന നിന്നെ മാതൃക ആക്കാനാണ് എന്റെ തീരുമാനം. ഈ കേസില്‍ ഞാന്‍ ഇടപെടുന്നത് നിന്നോടുള്ള എന്റെ താല്‍പര്യം കൊണ്ട് മാത്രമല്ല..നിന്റെ ആദര്‍ശം എന്റെയും തലയ്ക്ക് കുറെ പിടിച്ചു പോയത് കൊണ്ടുകൂടിയാണ്. ഒരു പെണ്‍കുട്ടിയുടെ ജീവിതം ഇല്ലാതാക്കിയ ചിലര്‍ യാതൊരു ശിക്ഷയും കിട്ടാതെ സുഖമായി ജീവിക്കുന്നത് എന്നെപ്പോലെ പോലീസില്‍ ജോലി ചെയ്യുന്നവര്‍ക്ക് നേരെയുള്ള കൊഞ്ഞനം കുത്തലാണ്. അതുകൊണ്ട് മുംതാസ് കേസ് അനൌദ്യോഗികമായി ഞാന്‍ ഏറ്റെടുക്കുന്നു. ഇതില്‍ നമുക്ക് വേണ്ട തെളിവുകള്‍ എല്ലാം ലഭിച്ചാല്‍, നിയമപരമായിത്തന്നെ നമുക്ക് മുന്‍പോട്ടു പോകാം. എന്നാല്‍ അതിനു മുന്‍പേ അങ്ങനെ നീങ്ങാനുള്ള ഒരു അന്തരീക്ഷം നമ്മള്‍ സൃഷ്ടിച്ചെടുക്കണം” ഇന്ദുലേഖ ആമുഖമായി പറഞ്ഞു.
