“അതെ. അവന്‍ അവര്‍ക്കെതിരെ മൊഴി നല്‍കണം. ഡോണ, ഓരോ വ്യക്തികള്‍ നല്‍കുന്ന മൊഴികളും നീ വീഡിയോ ആയി വേണം സൂക്ഷിക്കാന്‍. അതിന്റെ ഓരോ കോപ്പികള്‍ നീയും ഞാനും പൌലോസും സൂക്ഷിക്കണം. വീഡിയോ മോഴികള്‍ക്ക് ഒപ്പം, അവര്‍ എഴുതി സ്വന്തം വിരലടയാളം പതിച്ച് നല്‍കുന്ന സ്റ്റേറ്റ്മെന്റും നമ്മള്‍ വാങ്ങണം. നാളെ അവര്‍ കാലുമാറിയാലും കോടതിയില്‍ നമ്മുടെ ഭാഗം തോല്‍ക്കാന്‍ പാടില്ല” ഇന്ദുലേഖ പറഞ്ഞു.
“എന്റെ പക്കല്‍ വീഡിയോകള്‍ തന്നെയാണ് ഉള്ളത്. എഴുതി വാങ്ങല്‍ ഞാന്‍ വിചാരിച്ചാല്‍ നടക്കില്ല..”
“എനിവേ..ആദ്യം നമുക്ക് ഷാജിയുടെ കാര്യം സംസാരിക്കാം. അവന്റെ അനുകൂല മൊഴി കിട്ടാന്‍ എന്താണ് വഴി?” ഇന്ദുലേഖ പൌലൊസിനെയും ഡോണയെയും നോക്കി.
“അത് വാസു ഏറ്റിട്ടുണ്ട്..” അവനെ നോക്കി ഡോണ പറഞ്ഞു.
“എങ്ങനെയാണ് വാസൂ നീ അത് പ്ലാന്‍ ചെയ്യുന്നത്?” ഇന്ദുലേഖ അവനോടു ചോദിച്ചു.
“അത് ഞാന്‍ ചെയ്തോളാം. പക്ഷെ പോലീസില്‍ പരാതി വന്നാല്‍ നിങ്ങള്‍ എനിക്കെതിരെ തിരിയരുത്…” വാസു പറഞ്ഞു.
“നീ ആരെയും കൊല്ലുകയൊന്നും ഇല്ലല്ലോ?” ഇന്ദുലേഖ ചെറുചിരിയോടെ ചോദിച്ചു.
“ഏയ്..പക്ഷെ പോലീസില്‍ പരാതി വരാനിടയുണ്ട്….”
“അക്കാര്യത്തില്‍ നീ പേടിക്കണ്ട. ഞങ്ങളത് വേണ്ടതുപോലെ കൈകാര്യം ചെയ്തോളാം. പക്ഷെ അവന്‍ മൊഴി നല്‍കണം..”
“നല്‍കിയിരിക്കും…”
“എന്നാല്‍ ശരി. ഷാജിയുടെ മൊഴിക്ക് ശേഷം നമുക്ക് അടുത്ത കാര്യം തീരുമാനിക്കാം. വാസൂ ആള്‍ ദ ബെസ്റ്റ്..സൂക്ഷിക്കണം” ഇന്ദുലേഖ പറഞ്ഞു. വാസു മറുപടി ഒന്നും നല്‍കിയില്ല.
————————
മാത്തന്‍ ജൂനിയറിനു പ്രായം പത്തൊമ്പത്. ഗള്‍ഫില്‍ നിന്നു പണംവാരുന്ന സീനിയര്‍ മാത്തന്‍ പുത്രന് വേണ്ടതെല്ലാം സാധിച്ചു കൊടുക്കാനാണ് താന്‍ മരുഭൂമി സ്വര്‍ഗ്ഗമായി കരുതുന്നത് എന്ന് ചിന്തിക്കുന്ന കൂട്ടത്തിലാണ്. ഏക മകന് വേണ്ടി വലിയ വീടും വന്‍ ബാങ്ക് ബാലന്‍സും സ്വരുക്കൂട്ടിയ അയാള്‍ അവന് മറ്റൊരു വീടുകൂടി പണിതുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷമാണ് വെറും ആറുമാസം മാത്രം പഴക്കമുള്ള ബൈക്ക് മാറ്റി പുതിയ ഡ്യൂക്ക് വാങ്ങി അയാള്‍ അവനു നല്‍കിയത്. മാര്‍ക്കറ്റില്‍ ഇറങ്ങുന്ന ഏറ്റവും വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകള്‍ ആദ്യമായി സ്വന്തമാക്കുന്നവരില്‍ ഒരാള്‍ ജൂനിയര്‍ മാത്തന്‍ ആയിരിക്കും. മൂന്നോ നാലോ മൊബൈലുകള്‍ ഉള്ള അവന്‍ അതുപയോഗിച്ചു പല പരിപാടികളും ചെയ്യാറുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ബസ് സ്റ്റോപ്പുകള്‍, കോളജുകള്‍ എന്നിവ കേന്ദ്രീകരിച്ച് അവന്‍ ഗ്ലാമര്‍ ഉള്ള സ്ത്രീകളുടെ ഫോട്ടോകളും വീഡിയോകളും അവരറിയാതെ എടുത്ത് നെറ്റില്‍ ഇടുന്ന ഒരു ഹോബി കുറെക്കാലമായി പിന്തുടരുന്നുണ്ട്.
