“……..മമ്മീ…. സ്കൂൾ പൂട്ടീ….
എപ്പളാ പോണേ… മാമൻ വരുവോ ഇന്ന്???”
ഓടിവന്ന് എന്റെ അരയിലൂടെ കൈചുറ്റി കൊഞ്ചിയ അവന്റെ മുടിയിഴകളിലൂടെ ഒന്ന് കയ്യോടിച്ച് ഞാൻ പുഞ്ചിരിച്ചു…
“……..മാമൻ ബാംഗ്ലൂർ പോയേക്കുവാടാ പുങ്കാ… മമ്മി കൊണ്ട് വിടാം നിങ്ങളെ..
ഓട്… ഓടിപ്പോയി ഡ്രെസ്സൊക്കെ എടുത്തുവെയ്ക്ക്…
പിന്നേയ്… ”
ഞാൻ അവനരികിൽ കുന്തിച്ചിരുന്ന് ഒരു രഹസ്യം പോലെ പറഞ്ഞു…
“……..നിന്റെ ചേട്ടൻ അവിടെപോയാൽ ഏതു നേരോം ടാബ്ലെറ്റ് നോക്കി ഇരിക്കുവാണോന്ന് ശ്രദ്ധിച്ചോണം..
അപ്പാപ്പനും അമ്മാമ്മേം ഒന്നും പറയില്ല…..
നീ വേണം അവനെ നോക്കാൻ.. കേട്ടല്ലോ…”
പറഞ്ഞു തീരുമ്പോഴേക്ക് മൂത്തവനും വാതിൽക്കലെത്തിയിരുന്നു…..
ഒരു സി ഐ ഡി യുടെ കരുതലോടെ അവനെയൊന്ന് നോക്കിക്കൊണ്ട്, ഇളയവൻ, രഹസ്യമായി എന്നോട് “ഓക്കേ” എന്ന് ആംഗ്യം കാണിച്ചു…..
വളരെ സീരിയസായ കണ്ണുകളോടെ…
“……..ആ ഓട് ഓട്… ഓടിപ്പോയി മേൽ കഴുകി ഡ്രസ്സ് പാക്ക് ചെയ്തോ…”
അവന്റെ ചന്തിയിൽ മെല്ലെയൊന്ന് തല്ലി റൂമിലേക്കോടിപ്പിച്ച് മൂത്ത സന്താനത്തെ പിടിച്ച് സോഫയിൽ ഇരുത്തി..
“……..എങ്ങനുണ്ടായിരുന്നെടാ ചിങ്കാ എക്സാം…”
മൂത്തവൻ ഇളയതിനെപ്പോലെ അല്ല… ഇത്തിരി ഇന്റലെക്ച്വൽ ആണ്..
“……..സിംപിളായിരുന്നു മമ്മീ…
ഇവര് പേപ്പറൊന്നും മാറ്റുന്നില്ലെന്നു തോന്നുന്നു.. ലാസ്റ്റ് എക്സാമിന്റെ ഓൾമോസ്റ്റ് സെയിം പേപ്പർ ആയിരുന്നു…
പ്രത്യേകിച്ച് ഒന്നും ആലോചിക്കാൻ കൂടി ഉണ്ടായിരുന്നില്ല….”
ചിങ്കൻ എല്ലായ്പ്പോഴും സ്കൂൾ ഫസ്റ്റാണ്…
യു എസ്സിലും അങ്ങനെ തന്നെ ആയിരുന്നു..
“……..പുങ്കനോ?? വല്ലതും എഴുതിയോ അവൻ??”
ഇളയതിന്റെ പഠനകാര്യങ്ങളെല്ലാം ചിങ്കൻ തന്നെയാണ് നോക്കാറുള്ളത്…
ഞാൻ, പണ്ടും അതൊന്നും ശ്രദ്ധിക്കാറില്ല…
രണ്ടെണ്ണത്തിനും ഞാൻ അതിൽ ഇടപെടുന്നത് ഇഷ്ടവുമല്ല…
“……..രണ്ടെണ്ണം തെറ്റീട്ടുണ്ട്.. ഞാൻ ചോദ്യം ചോദിച്ചിരുന്നു ബസിൽ വെച്ച്..
എന്നാലും സാരമില്ല… ഇത്തവണ ഫസ്റ്റ് കിട്ടുമായിരിക്കും…”
ബാഗും സാധനങ്ങളുമെടുത്ത് അവൻ അകത്തേക്ക് നടന്നപ്പോൾ, മുൻവാതിലടച്ച് ഞാനും കിച്ചണിലേക്ക് കയറി..
ചായ തിളപ്പിച്ച്, രണ്ടുപേര്ക്കുമുള്ള ബിസ്ക്കറ്റും ചായയും ടേബിളിലേക്ക് നിരത്തുമ്പോഴേക്കും, രണ്ടും മേൽ കഴുകി കഴിഞ്ഞിരുന്നു…
