ഒരച്ഛന്റെ വിഷമം ആണെന്ന് കൂട്ടിക്കോളൂ… ഇന്നിനി യാത്ര വേണ്ട. ഇവിടെ തങ്ങാം. ഞങ്ങൾക്കൊരു ധൈര്യത്തിനാ. ബുദ്ധിമുട്ടാണെങ്കിൽ പൊയ്ക്കോളൂ ട്ടോ..”.
ഒന്നാലോചിച്ചപ്പോൾ അവർ പറയുന്നതും ശരിയാണ്. തന്റെ മകൾ രാത്രി വീണ്ടുമൊരു ബുദ്ധിമോശത്തിനു തുനിഞ്ഞാൽ ആരും തുണയില്ലെന്ന് നിസ്സഹായനായ ആ അച്ഛന് തോന്നിക്കാണും. ഞങ്ങൾ അന്നവിടെ താമസിക്കാൻ തീരുമാനിച്ചു.
ഇതിനിടയിൽ ഞാൻ എന്നെയും ഭാര്യയെയും അവർക്ക് പരിചയപ്പെടുത്തി. “ഞാൻ നിയാസ്. ഇതെന്റെ ഭാര്യ ഷഹന. വീട് ഇടപ്പള്ളിയിലാ…”.
അമ്മയും അച്ഛനും ഞങ്ങളെ നോക്കി കൈ കൂപ്പി. വീണയാവട്ടെ മുഖം കുനിച്ച് നിലത്തേയ്ക്കു നോക്കിക്കൊണ്ടിരുന്നു.
പെട്ടെന്ന് എന്തോ ഓർത്ത പോലെ ഷഹന എന്നോട് പറഞ്ഞു.
“ഉമ്മാനെ വിളിച്ചു പറയണ്ടേ.. ഇക്കാ….”
“ഉം…. ഞാൻ വിളിച്ചോളാം..”. ഞാൻ ഫോണെടുത്ത് എന്റെ ഉമ്മയുടെ നമ്പർ ഡയൽ ചെയ്തു.
അൽപ സമയം റിങ് ചെയ്തപ്പോഴേക്കും ഉമ്മ കോൾ എടുത്തു.
“ഹാലോ… നിങ്ങള് എത്താറായില്ലേ നിയാസേ….?”
“ഉമ്മാ ഞങ്ങള് നാളെ രാവിലെയേ വരോള്ളൂട്ടാ…. അത് പറയാനാ വിളിച്ചേ..”
“ങും…. എന്തു പറ്റീടാ….?”
“ചാവക്കാട്ന്ന് വരുമ്പോ ഒരു കൂട്ടുകാരനും ഉണ്ടാർന്നു കൂടെ. മൂത്തകുന്നത്താണ് അവന്റെ വീട്. ഇവിടെ എത്തിയപ്പോ അവൻ പറഞ്ഞു ഇന്ന് അവന്റെ വീട്ടിൽ തങ്ങാമെന്ന്. ഞാനും ഷഹനേം എന്നാ അങ്ങനെയാവട്ടേന്നു വച്ചു”
“ഉം.. അതേതായാലും നന്നായെടാ… മൂത്തകുന്നത്തു നിന്നും വീട്ടിലേക്ക് പത്തിരുപത്തഞ്ച് കിലോമീറ്റർ ഉള്ളതല്ലേ… ഇന്നവിടെ കിടന്നുറങ്ങിയിട്ട് നാളെ കാലത്തു തന്നെ വന്നാ മതീ…. പിന്നെ…. ഷഹന എന്ത്യേടാ.”
“അവള് ദേ അടുത്ത് തന്നെ ഉണ്ട്……. കുട്ടികള് ഉറങ്ങിയില്ലേ…. ഉമ്മാ”
“അവര് ഉറങ്ങി… രാത്രി എട്ടുമണി വരെ ടീവീടെ മുന്നിലായിരുന്നു. പിന്നെ ഞാൻ ചോറ് കൊടുത്ത് ഉറക്കി”
“അപ്പൊ ശരി ഉമ്മാ…. ഫോൺ വച്ചോ…”
“ശരി മോനേ….”. ഉമ്മ കോൾ കട്ട് ചെയ്തു.
ഞാൻ ഫോൺ പോക്കറ്റിൽ വച്ചു കൊണ്ട് വീണയുടെ അച്ഛനോടായി പറഞ്ഞു.
“ഉമ്മാനോട് അങ്ങനെ പറയാനേ പറ്റൂ…. ഉള്ള കാര്യമൊക്കെ തുറന്നു പറഞ്ഞാൽ ആള് വെറുതെ ഞങ്ങൾ ചെല്ലും വരെ ടെൻഷൻ അടിച്ചിരിക്കും”
