പൂമുഖത്തേക്ക് നടക്കുമ്പോൾ ശാലുവിനോട് അവർ പറഞ്ഞു. പൂമുഖത്തെ കസേരകളിൽ അവർ ഇരുന്നു.
“മോള് അകത്തേക്ക് ചെല്ല് .അമ്മൂമ്മ പാലെടുത്തു തരും. വഴക്കുണ്ടാക്കാതെ കുടിക്കണേ…”
കുട്ടി അകത്തേക്ക് തുള്ളിച്ചാടി കയറിപ്പോയി .
“മോളാണ്. രണ്ടു വയസ്സേ ആയിട്ടുള്ളൂ…എപ്പോഴും നിർബന്ധമാണ്..”
രേവതി അവരോടായി പറഞ്ഞു .
“ആരാ രേവൂട്ടീ അവിടെ ?”
ഉള്ളിൽ നിന്നു വിളിച്ചു ചോദിച്ചുകൊണ്ട് ഒരു യുവാവ് പുറത്തേക്കിറങ്ങിവന്നു. പത്തിരുപത് വയസോളം പ്രായമുണ്ടാകും.
“എന്റെ മോനാണ് വിശാൽ…”
യുവാവിനെ അവർക്ക് പരിചയപ്പെടുത്തിക്കൊണ്ട് മകനോടായി രേവതി തുടർന്നു…
“നമ്മുടെ മതിലിനപ്പുറത്തെ പുരയിടമില്ലേ… അത് വാങ്ങുന്നവരാണ്..”
ശാലു അപ്പോഴേക്കും രേവതിയുടെ കാതിൽ എന്തോ മന്ത്രിച്ചു.
“ഓ..അതിനെന്താ…വന്നാട്ടെ…”
അവർ ശാലുവിന്റെ കൈയിൽ പിടിച്ച് അകത്തേക്ക് നടക്കുമ്പോൾ തിരിഞ്ഞു നോക്കി മകനോടായി പറഞ്ഞു.
“മോനേ… അവരോട് മിണ്ടിയും പറഞ്ഞും ഇരിക്ക് കേട്ടോ….”
ശാലുവിനേയും കൂട്ടി തന്റെ മുറിക്കുള്ളിലേക്ക് കയറുമ്പോൾ അടുക്കളഭാഗത്തേക്ക് നോക്കി അവർ വിളിച്ചു പറഞ്ഞു.
