മുറി ചാരി വെച്ചോണ്ട് ഞാൻ ദേവന്റെ മുറിയിലേക്ക് നടന്നു, എന്റെ മനസ് നിറയെ എന്റെ അച്ഛനും അമ്മയും ആയിരുന്നു. 5 ആം വയസിൽ നഷ്ടപ്പെട്ടതാണ് എനിക്ക് രണ്ടാളെയും. ഓർക്കുമ്പോ എന്റെ കണ്ണിൽ നിന്നും വെള്ളം വരുന്നപോലെയൊക്കെ എനിക്ക് തോന്നി , ഇപ്പോൾ ചെറിയ രീതിയിൽ ആ സംഭവം മനസിലുണ്ട് അന്നൊരു ഞായറാഴ്ച ഞങ്ങൾ പുറത്തു പോവുകയായിരുന്നു …
അച്ഛൻ ഓടിച്ചിരുന്ന കാർ പാലത്തിൽ വെച്ച് ഒരു ടാങ്കർ ലോറിയുമായി ഇടിച്ചതു മാത്രം ഓർമയുണ്ട്. ഞാൻ തെറിച്ചു പുഴയിലേക്ക് വീണു. അച്ഛനും അമ്മയും ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നു. അവരോടൊപ്പം മരിച്ചെങ്കിൽ എന്ന് ഒത്തിരി തവണ ആലോചിട്ടുള്ളതാണ്.
ദേവൻ അവന്റെ മുറിയുടെ അകത്തേക്ക്കയറി സാധനങ്ങൾ വെച്ചിരിക്കുന്ന കൂട്ടത്തിലെ ഒരു കറുത്ത പെട്ടി എടുത്തു.
അത്യാവശ്യം വലിപ്പം ഉണ്ട്. എന്നോട് ഒന്ന് പൊക്കി നോക്കാൻ പറഞ്ഞപ്പോൾ ഞാൻ തൊട്ടു നോക്കി , അനങ്ങുന്ന ലക്ഷണമില്ല.
ദേവൻ അതെടുത്തു, കൈയിലെ വാച്ചു രണ്ടു മൂന്നു വട്ടം തട്ടിയപ്പോൾ ഒരു പെണ്ണിന്റെ ശബ്ദത്തിൽ ഒരു 7 അക്ക നമ്പർ അത് പറഞ്ഞു.
ഞാൻ പെട്ടിയുടെ പുറത്തു Protected with Crypto Wallet Version 12.2 എന്ന് കണ്ടു.
ദേവൻ അത് പെട്ടിയുടെ പുറത്തെ സ്‌ക്രീനിൽ നമ്പർ വേറെ ഒരു ഓർഡർ ഇല് കൈകൊണ്ട് എഴുതി.
“ടിക്ക്” ആ പെട്ടി തുറന്നു. എന്തൊക്കെയോ കറങ്ങുന്ന കുറെ ചക്രങ്ങൾ അതിന്റെ അകത്തുണ്ടായിരുന്നു.
ഒരു ക്ലോക്ക് !
ഒരു മാപ്പ് !
ഒരു ടൈമർ!
ഇത്രേം സാധനം മാത്രം എനിക്ക് ഇംഗ്‌ളീഷ് ആയോണ്ട് വായിക്കാൻ പറ്റി, ബാക്കിയൊക്കെ ചൈനീസ് ആണ് തോനുന്നു.
എന്റെ കണ്ണിൽ കുര്യോസിറ്റി കടലായി ഇരമ്പുകയായിന്നു. ദേവൻ ഈ പെട്ടി വെച്ച് എന്താണ് ചെയ്യാൻ പോണത്. അച്ഛനും അമ്മയെയും എങ്ങനെയാണു കാണിക്കാൻ പോണത്. അതോ ഇനി സ്വപ്നം പോലെ വല്ലതും കാണിക്കാൻ ആണോ, അവരെയൊന്നു തൊടാൻ കഴിയുമോ …ഒന്ന് കെട്ടിപ്പിടിക്കാൻ കഴിയുമോ …എന്റെ മനസ്സിൽ ആഗ്രഹങ്ങൾ കൂടി …..
എന്റെ കണ്ണിലേക്ക് ദേവൻ നോക്കിയപ്പോൾ, ഞാൻ സ്വല്പം പേടിച്ചു.
