“അസീസ്..നിങ്ങളുടെ ഭാര്യ പറഞ്ഞത് കേട്ടില്ലേ? ഇനിയെങ്കിലും ചിന്തിക്കൂ..” ഡോണ അവന്റെ മനസ് മാറ്റാനായി പറഞ്ഞു.
“ഇല്ല കൊച്ചെ..ഇങ്ങേരുടെ മനസു മാറത്തില്ല. വല്ലോനും വേണ്ടി എന്നെ ഒറ്റയ്ക്ക് ആക്കിയിട്ടു ജയിലില്‍ പോയി കിടക്കുന്നതാ അങ്ങേര്‍ക്ക് ഇഷ്ടം. നിങ്ങളെപ്പോലെ ഉള്ള മനുഷ്യരുള്ള ഭൂമീലാണ് ജീവിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ മാത്രമേ ഉള്ളു മനസിനൊരു തണുപ്പ്. കെട്ടിയവന്‍ ഇല്ലാത്ത നേരം നോക്കി വന്ന് എന്റെ മാംസത്തിനു വില പറഞ്ഞ് എന്നെ ഒരു വെറും മാംസപിണ്ഡം ആക്കി മാറ്റിയ അവന്മാരെ സഹായിക്കാന്‍ നടക്കുന്ന ഇങ്ങേരോടുള്ള പക കൊണ്ടാണ് ഞാന്‍ ഇന്ന് ആ തൊഴില്‍ സന്തോഷത്തോടെ ചെയ്യുന്നത്. പക്ഷെ എനിക്കെന്ത് വന്നാലും ഞാന്‍ എന്ത് ചെയ്താലും ഇങ്ങേര്‍ക്ക് ഒരു ചുക്കുമില്ല..ഞാന്‍..ഞാന്‍…” ആ സ്ത്രീ കരഞ്ഞു കൊണ്ട് ഉള്ളിലേക്ക് ഓടി.
അസീസ് തല കുമ്പിട്ടിരിക്കുകയയിരുന്നു. അല്‍പനേരം ആരും സംസാരിച്ചില്ല. ഡോണയാണ് അവസാനം നിശബ്ദതയ്ക്ക് ഭംഗം വരുത്തിയത്.
“അസീസ്..നിങ്ങള്‍ ഒരു പുരുഷനല്ലേ? അതിലുപരി ഒരു മനുഷ്യനല്ലേ? ആ പോയത് നിങ്ങളുടെ ഭാര്യയാണ്. അവള്‍ പറഞ്ഞത് നിങ്ങള്‍ കേട്ടോ? സ്വന്തം ഭാര്യയ്ക്ക് പോലും ഗുണമില്ലാത്ത ഈ ജീവിതം എന്തിനാണ്? നിന്നെപ്പോലെ ഉള്ളവരെ ബലിയാടാക്കി അവന്മാര്‍ സുഖിക്കുകയാണ്. അത് ചിന്തിക്കാനോ മനസിലാക്കാനോ ഉള്ള കഴിവ് പോലും അന്ധമായി നേതാക്കന്മാരെ പിന്താങ്ങി നടക്കുന്ന ബുദ്ധി ഉപയോഗിക്കാത്ത നിന്നെപ്പോലെ ഉള്ളവര്‍ക്കില്ല. നേതാവ് പറഞ്ഞാല്‍ നീ കുത്തും കൊല്ലും ചാകും ജയിലിലും പോകും. നീ അവിടെക്കിടന്നു നരകിക്കുമ്പോള്‍ അവന്മാര്‍ എസി മുറിയില്‍ ഇരുന്നു സുഖിക്കും. ബോധമുണ്ടെങ്കില്‍ ചിന്തിച്ചു നോക്കടാ..അവരും നീയും മനുഷ്യരാണ്. അവരെപ്പോലെ സ്വാതന്ത്ര്യമായി ജീവിക്കാന്‍ നിനക്കുമുണ്ട് അവകാശം. ആ നീ, ചെയ്യാത്ത തെറ്റിന് അവരെ രക്ഷിക്കാന്‍ വേണ്ടി സ്വന്തം ജീവിതവും സ്വന്തം ഭാര്യയുടെ ജീവിതവും ഒപ്പം നിരപരാധിയായ ഒരു പാവം പെണ്‍കുട്ടിക്ക് ലഭിക്കേണ്ട നീതിയും ഇല്ലാതാക്കുകയാണ്. നിന്റെ ജന്മം വെറും പാഴ് ജന്മം ആണ് അസീസ്..വെറും പാഴ് ജന്മം. വാസൂ വാ, നമുക്ക് പോകാം”
ഡോണ മനസ്സ് മടുത്ത് പൊട്ടിത്തെറിച്ച ശേഷം പോകാനായി എഴുന്നേറ്റു. വാസു അസീസിനെ ഒന്ന് നോക്കിയ ശേഷം ബൈക്കില്‍ കയറി. ഡോണ നിരാശയോടെ ചെന്ന് അവന്റെ പിന്നില്‍ കയറിയിരുന്നു. വാസുവിന്റെ കാല്‍ കിക്കറില്‍ അമര്‍ന്നു.
“ഒന്ന് നിന്നെ..”
അവര്‍ പോകാന്‍ തുടങ്ങിയപ്പോള്‍ അസീസ് വിളിച്ചു. ഡോണയുടെ മുഖം വിടര്‍ന്നു. അവള്‍ മെല്ലെ വണ്ടിയില്‍ നിന്നും ഇറങ്ങി അവന്റെ അടുത്തേക്ക് ചെന്നു.
“പറ അസീസ്” അവള്‍ വീണ്ടും കസേരയില്‍ ഇരുന്നുകൊണ്ട് പറഞ്ഞു. അവന്റെ ഭാര്യയുടെ മുഖം അവള്‍ വാതിലിനു സമീപം കണ്ടു.
“ഞാന്‍..ഞാനെന്ത് ചെയ്യണം?” അസീസ് പതര്‍ച്ചയോടെ ചോദിച്ചു.
“പറയാം; അസീസിനെ ഈ കേസില്‍ നിന്നും ശിക്ഷയില്‍ നിന്നും രക്ഷിക്കുക മാത്രമല്ല, ഇനിയങ്ങോട്ട് മാന്യമായി ജീവിക്കാനുള്ള ഒരു തൊഴിലും ഞാന്‍ ശരിയാക്കി തരാം. പക്ഷെ എനിക്ക് അറേബ്യന്‍ ഡെവിള്‍സിനെതിരെ അസീസിന്റെ മൊഴി വേണം. ഒപ്പം അവര്‍ മുംതാസിനെതിരെ ചെയ്ത ഹീനതയ്ക്ക് എന്നെ സഹായിക്കാന്‍ പറ്റുന്ന തെളിവുകളും. അസീസ് ഒപ്പം നിന്നാല്‍, അവന്മാരെ എനിക്ക് നിസ്സാരമായി തകര്‍ക്കാന്‍ സാധിക്കും. എനിക്ക് അസീസിന്റെ വായില്‍ നിന്നും അന്ന് നടന്ന കാര്യങ്ങള്‍ കേള്‍ക്കണം. നമുക്ക് ഉള്ളിലേക്ക് ഇരുന്നാലോ?” ഡോണ ചോദിച്ചു.
അസീസിന്റെ കണ്ണുകളിലെ ഭയം അവള്‍ ശ്രദ്ധിച്ചു.
