“എനിക്കുമുണ്ട് ആ സംശയം. എന്തായാലും ഇവനെ ഒന്ന് നിരീക്ഷിക്കണം. സേതുവിനെ വിളിച്ച് ഇവന്റെ വീട്ടില്‍ നടക്കുന്ന സംസാരം ശ്രദ്ധിക്കാന്‍ പറയണം. അതേപോലെ ഇവന്റെ മേല്‍ അവന്റെ കണ്ണും വേണം..പരോള്‍ തീരുന്നത് വരെ. നമ്മള്‍ കരുതുന്നത് പോലെ ഇവന്‍ പാലം വലിക്കാനുള്ള ശ്രമമാണ് എങ്കില്‍, പരോള്‍ തീര്‍ന്ന് ജയിലിലേക്ക് അവന്‍ തിരികെ പോകേണ്ട കാര്യമില്ല…” അര്‍ജ്ജുന്‍ കണക്കുകൂട്ടലുകളോടെ പറഞ്ഞു.
“അതെ..അവന്‍ നമ്മളെ ചതിക്കാനുള്ള ഭാവമാണ് എങ്കില്‍, ഇനി ഒരു ജയില്‍വാസം അവനാവശ്യമില്ല..നമുക്ക് അവനെ സ്വതന്ത്രനാക്കണം..ഞാന്‍ സേതുവിനെ ഒന്ന് വിളിക്കട്ടെ” മാലിക്ക് മോബൈല്‍ എടുത്ത് ഒരു നമ്പര്‍ ഡയല്‍ ചെയ്തുകൊണ്ട് പറഞ്ഞു.
————————
“ഇപ്പോഴാണ് മോളെ മനസ്സിനൊരു ആശ്വാസം കിട്ടിയത്. ഇക്കാലമത്രയും ഞാന്‍ ജീവിക്കുകയല്ലായിരുന്നു എന്ന് ആ പെണ്‍കൊച്ചാണ് എന്നെ മനസിലാക്കിയത്. ജയിലില്‍ നിന്നും തിരികെ വന്നാല്‍ പിന്നെ ഞാനൊരിക്കലും പഴയ ജീവിതം ആവര്‍ത്തിക്കില്ല”
നിലത്ത് വിരിച്ച പായയില്‍ മലര്‍ന്നു കിടന്നുകൊണ്ട് അസീസ് മീനയോട് പറയുകയായിരുന്നു. എന്നും സന്ധ്യയ്ക്ക് സ്വന്തം ശരീരം വില്‍ക്കാനായി പോകാറുള്ള മീന അന്ന് പോകാതെ ഭര്‍ത്താവിന്റെ അരികില്‍ തന്നെയായിരുന്നു. വിവാഹശേഷം ആദ്യമായി താന്‍ ഒരു ഭാര്യയാണ് എന്ന തോന്നല്‍ അവള്‍ക്കുണ്ടായത് അസീസിന്റെ മനംമാറ്റത്തോടെയാണ്.
“എന്റെ ഇക്കയെ ഞാന്‍ ചതിച്ചു..ഞാന്‍ ഇന്ന് അഴുക്കു പിരണ്ട, എത്ര കഴുകിയാലും കറ പോകാത്ത പഴന്തുണി ആണ്. എന്നോട് ക്ഷമിക്കാന്‍ ഇക്കയ്ക്ക് സാധിക്കുമോ..ഒരു ഭര്‍ത്താവിനും അത് സാധിക്കില്ല” മീന അവന്റെ കാല്‍പ്പാദങ്ങളില്‍ പിടിച്ചു വിലപിച്ചു.
“ഞാനും നീയും നല്ലവരായിരുന്നില്ല. നിന്നെക്കാള്‍ മോശക്കാരനാണ് ഞാന്‍. മുംതാസ് എന്ന പെണ്ണിനെ അവര്‍ക്ക് വേണ്ടി ഞാനും പ്രാപിച്ചവനാണ്. ഞാന്‍ അങ്ങനെ ചെയ്യുന്നതിന്റെ വീഡിയോ എടുത്താണ് അവര്‍ എനിക്കെതിരെ തെളിവുണ്ടാക്കിയത്. ഞാനത് മനസോടെ ചെയ്തതായിരുന്നു എങ്കിലും ഇന്ന് എനിക്കതില്‍ കടുത്ത കുറ്റബോധം ഉണ്ട്. ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ഞാനും കാരണക്കാരാണ്. അതുപോലെ എത്രയോ വൃത്തികേടുകള്‍ ഞാന്‍ അവന്മാര്‍ക്ക് വേണ്ടി ചെയ്തിരിക്കുന്നു. എന്റെ കുറ്റം കൊണ്ടല്ലേ നീയും ഈ അവസ്ഥയില്‍ എത്തിയത്. അതുകൊണ്ട് നമുക്ക് പഴയതൊക്കെ മറക്കാം. നീയും ഞാനും മനസുകൊണ്ട് ഇനിമേല്‍ ശുദ്ധരാണ്. ഇനി ഒരിക്കലും നമ്മള്‍ നമ്മുടെ പഴയ തൊഴിലിലേക്ക് പോകുന്നില്ല. ഡോണ പറഞ്ഞത് പോലെ നീ അവള്‍ തരാമെന്നു പറഞ്ഞ ജോലിയില്‍ കയറണം. ആ വരുമാനം മതി ഞാന്‍ വരുന്ന നാള്‍ വരെ നിനക്ക് ജീവിക്കാന്‍.”
അസീസ് ശാന്തനായി പറഞ്ഞു. മീന സന്തോഷാശ്രുക്കള്‍ പൊഴിക്കുകയായിരുന്നു അവന്റെ സംസാരം കേട്ടപ്പോള്‍.
