എന്നാലും ഏട്ടന്റെ ഒരു ഭാഗ്യം നോക്കണേ…. ഗോപികമാർ ക്യു നിൽക്കുവല്ലേ…
: ഇനിയും നിന്നാൽ ലേറ്റ് ആവും… ബാക്കി വൈകുന്നേരം പറയാം ട്ടോ….
_______/________/_________/_________
കല്യാണ ചെറുക്കനെ സ്വീകരിച്ച് വേദിയിലേക്ക് തിരുത്താനുള്ള ചുമതല ലാലുവിനാണ്. ഇനിമുതൽ വെറും ലാലു അല്ല, ലാലു അളിയൻ. മുറ്റത്തിന് ഒത്ത നടുവിൽ ഒരുക്കിയ കതിർമണ്ഡപത്തിന് ചുറ്റും ആളുകൾ കൂടിയിട്ടുണ്ട്. ഇരിപ്പിടങ്ങളിൽ മുന്നിലെ നിരയിൽ നടുവിലായി ഇരിക്കുന്ന എനിക്ക് രണ്ട് വശത്തും അളിയനും വിഷ്ണുവും സ്ഥാനം പിടിച്ചു. ഇന്നലെമുതൽ ചിരിച്ച് ചിരിച്ച് ചിറി കീറിപോയോ എന്നൊരു സംശയം ഉണ്ട്. ആരെയും പരിചയം ഇല്ലെങ്കിലും കാണുന്നവരോടൊക്കെ ചിരിച്ചുകൊണ്ടിരുന്നു. മുഹൂർത്തം അടുക്കാറായതോടെ വരനെ ആനയിച്ച് മണ്ഡപത്തിൽ ഇരുത്തി. ഇനി നമ്മുടെ മണവാട്ടി പെണ്ണിന്റെ കടന്ന് വരവാണ്. കൈയ്യിൽ താലവുമേന്തി ആഭരണവിഭൂഷിതയായി മുല്ലപ്പൂ ചൂടി കണ്ണെഴുതി പൊട്ടും തൊട്ട് സുന്ദരിയായി ഇറങ്ങി വന്നു തുഷാര. അവളുടെ നിർബന്ധമായിരുന്നു ഗോൾഡൻ കളർ കല്യാണ സാരിയും മെറൂൺ കളർ ബ്ലൗസും. അതിന് ഇത്രയും ഭംഗി ഉണ്ടാവുമെന്ന് ഞാൻ കരുതിയില്ല. വളരെ സന്തോഷത്തോടെ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് തുഷാര മണ്ഡപത്തിലേക്ക് കയറി വന്നു. ഉള്ളിലെ സങ്കടം എല്ലാം മറച്ചുവച്ചുകൊണ്ട് ഞാനും നന്നായി അവളെനോക്കി പുഞ്ചിരിച്ചു.
കൈ കൂപ്പി നിന്ന തുഷാരയുടെ കഴുത്തിൽ മുല്ലപ്പൂ മാലയിട്ട് താലി കെട്ടി ഞാൻ എന്റെ സഖിയാക്കി. നറുതിരിയിട്ട വിളക്കിന് ചുറ്റും അവളുടെ കൈകൾ പിടിച്ച് പ്രദക്ഷിണം ചെയ്ത്, പ്രിയപ്പെട്ടവരുടെ അനുഗ്രഹം ഏറ്റുവാങ്ങി ഞങ്ങൾ പുതിയൊരു ജീവിതത്തിലേക്ക് ചുവടുവച്ചു. ഫോട്ടോ പിടുത്തവും ഭക്ഷണവും എല്ലാം കഴിഞ്ഞ് അവിടെ നിന്നും ഇറങ്ങാനുള്ള സമയം ആയി. സ്വന്തം വീട് വിട്ട് മറ്റൊരു വീട്ടിലേക്ക് പറിച്ചു നേടുന്ന ഏതൊരു പെണ്ണിന്റെയും കണ്ണ് നിറയുന്ന നിമിഷമാണ് അത്. തന്റെ പ്രിയപ്പെട്ടവരെ വിട്ട് പുതിയൊരു വീട്ടിൽ, പുതിയൊരു അന്തരീക്ഷത്തിലേക്ക് ചേക്കേറാൻ പോകുന്ന പെണ്ണിന്റെ വിതുമ്പൽ. തന്റെ പ്രിയപ്പെട്ടവരെ കെട്ടിപിടിച്ച് കരഞ്ഞ് എന്റെ കൈകളിൽ കൈ കോർത്ത് എന്റെ കൂടെ ഇറങ്ങി വന്ന അവൾക്ക് ഇനി പുതിയ ലോകമാണ്. അവിടം സുന്ദരമാക്കുവാനുള്ള ചുമതല എന്റേതാണ്. ആശ്വാസ വാക്കുകൾ പറഞ്ഞ് ഞാൻ അവളെ ചേർത്തുനിർത്തി. കലങ്ങിയ കണ്ണുമായി വിതുമ്പികൊണ്ട് എന്റെ കൂടെ വരുന്ന അവളെ സന്തോഷിപ്പിക്കുവാനായി ഞാൻ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു..
: എന്റെ തുഷാരെ….. നീ ഇത്രയ്ക്ക് തൊട്ടാവാടി ആണോ…
നിന്റെ കരച്ചിൽ കണ്ടാൽ തോന്നും അറക്കാൻ കൊണ്ടുപോവുകയാണെന്ന്….
: അത് ഏട്ടന് പറഞ്ഞാൽ മനസിലാവൂല….. നമ്മൾ ആരെയെങ്കിലും വിട്ടുപോകുമ്പോൾ ഉള്ള വിഷമം അറിയണമെങ്കിൽ അത് അനുഭവിക്കുക തന്നെ ചെയ്യണം…
: ആഹ് അത് ശരിയാ….. എനിക്ക് ആരെയും പിരിയേണ്ടി വന്നിട്ടില്ല.
( എന്റെ മാനസിക സംഘർഷം ഇവളോട് പറയാൻ പറ്റില്ലല്ലോ…. പാവം എന്റെ അമ്മായി,, പിന്നെ എന്റെ ഷിക്കുട്ടി….. ഇതൊക്കെ ഞാൻ ആരോട് പറയാൻ. ഒന്ന് പൊട്ടിക്കരയാൻ പോലും പറ്റാത്ത എന്നോട് ആണല്ലോ ദൈവമേ ഇവൾ ഈ പറയുന്നത്….)
: അപ്പൊ ഏട്ടന് മനസിലാവില്ല…..
