ഉറക്കം ഉണരുമ്പോൾ മറന്നു പോകുന്ന സ്വപ്‍നങ്ങളിലെ ആ ലോകങ്ങൾ ഒന്നും എനിക്ക് ഓർത്തെടുക്കാൻ കഴിയില്ല. ഓർമയിൽ വരുന്ന ഏതൊക്കെയോ കാലങ്ങളും മുഖങ്ങളും കടന്നു ഒടുവിൽ ഞാൻ ദക്ഷിണേന്ത്യയിലെ ഒരു ആശ്രമതീരത്തെ അശോകമരച്ചുവട്ടിൽ ആണ് എത്തിയത്. മുഖത്ത് ഇപ്പോൾ ഉള്ളതിലും വന്യമായി താടിയും കണ്ണുകളിൽ ഇപ്പോൾ ഉള്ളതിലും തീക്ഷ്‌ണമായി വിഷാദവും ഉണ്ടായിരുന്നു. എന്നാലും മുഖം ഇപ്പോളത്തെക്കാൾ ചെറുപ്പം. കഴുത്തിൽ ഒരു രുദ്രാക്ഷവും.. നാലഞ്ചു വർഷങ്ങൾക്ക് മുമ്പുള്ള ഏതോ സായാഹ്നത്തിൽ ആണ് തന്റെ സ്വപ്നപര്യടനത്തിലൂടെ അർജുൻ ചെന്നെത്തിയത്
ഈ സ്വപ്നത്തിന് മങ്ങലോ വിരാമമോ ഇല്ലായിരുന്നു. സംഭവിച്ചത് വീണ്ടുമൊരിക്കൽ കൂടി അർജുൻ സ്വപ്നത്തിൽ അനുഭവിക്കുകയായിരുന്നു. ഓർമ്മകളിൽ അത് തന്റെ ആശ്രമത്തിലെ അവസാന ദിവസം ആണെന്ന് അർജുന് തോന്നി. അശോകത്തിന്റെ ചെറു വേരിൽ ഇരിപ്പിടം കണ്ടെത്തി സ്വസ്‌ഥനായ അർജുന് എതിരായി മറ്റൊരാൾ കൂടി ഉപവിഷ്ഠനായിരുന്നു.. പൂർവാശ്രമത്തിലെ അയാളുടെ പേര് അർജുന് നിശ്ചയം ഇല്ലെങ്കിലും ഇപ്പോൾ അയാൾ ജീവാന്ദസ്വാമികൾ ആണ്. പ്രായം നാല്പത്കളിൽ എവിടെയോ എത്തി നിൽക്കുന്ന അയാളെ അങ്ങനെ വിളിക്കാൻ അർജുന് തോന്നിയില്ല. ആ സന്യാസികളുടെ കൂട്ടത്തിൽ അർജുന് കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള പ്രായവും മറ്റൊരു മലയാളി എന്ന സൗഹൃദവും ഒക്കെ കൊണ്ട് അർജുൻ അയാളെ ‘ജീവാ’ എന്ന് ചുരുക്കി വിളിച്ചു. അർജുന്റെ കഴുത്തിൽ കിടന്ന രുദ്രാക്ഷം ജീവ നൽകിയത് ആണ്..
‘താൻ ഇത്ര വേഗം ഇവിടുന്ന് യാത്ര ആകുമെന്ന് കരുതിയില്ല.. ഇവിടുത്തെ അറ്റ്മോസ്ഫിയർ ഒക്കെ തനിക്ക് ഇഷ്ടം ആകുമെന്നാണ് കരുതിയത്..’
ജീവാനന്ദൻ പറഞ്ഞു
‘ഇവിടം ഇഷ്ടം ആകാഞ്ഞത് കൊണ്ടല്ല. മൊത്തത്തിൽ ഒരു മടുപ്പാണ്. ഇവിടുത്തെ അറ്റ്മോസ്ഫിയർ കൊണ്ടും അത് മാറുമെന്ന് ഞാൻ കരുതിയിട്ടില്ല..’
ഞാൻ മറുപടി കൊടുത്തു
‘എവിടേക്കാണ് ഇനി..?
എന്റെ അടുത്ത യാത്രയെ പറ്റിയാണ് ജീവ തിരക്കിയത്. അതെവിടെക്കാണ് എന്ന് എനിക്ക് ഉത്തമബോധ്യം ഉണ്ടെങ്കിലും അതിനെ കുറിച്ച് ഞാൻ കൃത്യമായി മറുപടി കൊടുത്തില്ല..
‘തിരികെ പൊയ്ക്കൂടേ… വീട്ടിലേക്ക്..?
ഒരു ഉപദേശത്തിന്റെ ധ്വനിയിൽ ജീവ എന്നോട് ചോദിച്ചു. എന്റെ താല്പര്യം ഇല്ലായ്മ ഒരു മൌനത്തിൽ ഞാൻ ഒതുക്കി. മൗനത്തിനു അപ്പുറം മറ്റൊന്നും വരില്ല എന്ന് മനസിലാക്കിയപ്പോൾ ജീവാനന്ദൻ പിന്നെയും സംസാരിച്ചു
