ലച്ചു എന്നോട് മിണ്ടിയിട്ട് ഇതിനകം ദിവസങ്ങൾ ആയിരുന്നു. സാധാരണ പിണക്കങ്ങൾ ഒരുപാട് ദിവസം നീളാറുള്ളത് അല്ല. ഇത് പക്ഷെ ഞാനും അങ്ങോട്ട് കേറി മിണ്ടാൻ പോയില്ല, അവളും ഇങ്ങോട്ടു വന്നില്ല. ഒരുപക്ഷെ ഇഷാനിയുടെ കാര്യം ആയത് കൊണ്ട് ആവാം അവളും വാശി പിടിച്ചു നിന്നത്. അവളുടെ വാശി എവിടെ വരെ പോകുമെന്ന് നോക്കാമെന്നു ഞാനും കരുതി. കോളേജ് കഴിഞ്ഞു വൈകുന്നേരം ജിമ്മിൽ വച്ചു ഞാൻ മിക്കപ്പോഴും പദ്മയേ കാണാറുണ്ടായിരുന്നു. പതിവിന് വിപരീതമായി അവളെന്നെ കണ്ടപ്പോ ചിരിച്ചില്ല. പകരം ഒരു സഹതാപത്തോടെ എന്നെ നോക്കുന്നത് പോലെ എനിക്ക് തോന്നി. രണ്ട് ദിവസം കഴിഞ്ഞു അവളുടെ വായിൽ നിന്നാണ് അതിന്റെ കാരണം ഞാൻ അറിഞ്ഞത്
‘അയാം സോറി ദാറ്റ് യൂ റ്റൂ ബ്രേക്ക് അപ്പ്..’
ഞങ്ങൾ രണ്ടും ബ്രേക്ക് അപ്പ് ആയെന്നാണ് പദ്മ കരുതിയിരിക്കുന്നത്. ഞങ്ങൾക്ക് ഇടയിലുള്ള പിണക്കത്തെ പറ്റി ഇവൾ എങ്ങനെ അറിഞ്ഞു എന്ന് എനിക്ക് മനസിലായില്ല
‘അങ്ങനെ ബ്രേക്ക് അപ്പ് ഒന്നും അല്ല. ചെറിയൊരു പിണക്കം.. അത്രേ ഉള്ളു..’
‘കള്ളം പറയണ്ട.. എനിക്ക് അറിയാം..’
പദ്മ എല്ലാം അറിയുന്നത് പോലെ സംസാരിച്ചു. ഞാൻ വീണ്ടും ഞങ്ങൾക്ക് ഇടയിൽ പിണക്കം ആണെന്ന് പറഞ്ഞപ്പോൾ അവളിൽ നിന്ന് സത്യം ഞാൻ അറിഞ്ഞു
‘അവൾ വീണ്ടും നവനീതുമായി സെറ്റ് ആയീല്ലോ.. അപ്പൊ ഞാൻ കരുതി നിങ്ങൾ തമ്മിൽ ബ്രേക്ക് ആയെന്ന്. നീ പറയുന്നു നിങ്ങൾ തമ്മിൽ ജസ്റ്റ് ഒരു പിണക്കം മാത്രമേ ഉള്ളെന്ന്.. എനിക്ക് ഒന്നും മനസിലാവുന്നില്ല..’
നവനീത് ലക്ഷ്മിയുടെ എക്സ് ലവർ ആണ്.. അവനായി വഴക്ക് ഉണ്ടാക്കി പിരിഞ്ഞതാണ് ലക്ഷ്മി. അതും അവൻ അവളെ ചീറ്റ് ചെയ്തതിന്. അവൾ പിന്നെയും അവനായി ഒന്നിക്കും എന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
‘അവൻ ഒരു ദിവസം രാവിലെ അവളെ വന്നു പിക്ക് ചെയ്യുന്നത് ഞാൻ കണ്ടു. അവളോട് ഞാൻ അതിനെ പറ്റി ചോദിച്ചില്ല. പക്ഷെ ഇൻസ്റ്റ ചെക്ക് ചെയ്തപ്പോ രണ്ട് പേരും പഴയ പോലെ ഫോളോ ചെയ്യുന്നുണ്ട്. അതാണ് ഞാൻ പറഞ്ഞത് രണ്ടാളും പിന്നെയും സെറ്റ് ആയി എന്ന്..’
