വീട്ടില്‍ മറ്റാരും കേള്‍ക്കാതിരിക്കാന്‍ പുറത്ത് നിന്നാണ് ഞങ്ങള്‍ സംസാരിച്ചത്… അച്ഛന്‍ ആ ചെക്ക് എന്നെ ഏല്‍പ്പിച്ചിട്ട് പോയപ്പോള്‍ ഞാനത് എന്റെ കാറിന്റെ ഡാഷിനകത്ത് വച്ചിരുന്നു… ബന്ധുവീടുകളില്‍ എവിടെയോ വിരുന്നിനു പോയ സമയത്ത് കാറിലിരുന്നു മുടി ഒതുക്കിയ അനു അവളുടെ ഹെയര്‍ക്ലിപ്പ് ഡാഷിനകത്ത് വച്ചിരുന്നത് എടുക്കാന്‍ കാര്‍ തുറന്നപ്പോഴാണ് ഇന്നലെ വൈകിട്ട് ആ ചെക്ക് കണ്ടത്… അപ്പോള്‍ തന്നെ എന്നോട് വന്ന് ചോദിച്ചു..
അതിന്റെ പേരില്‍ ഞങ്ങള്‍ തമ്മില്‍ നടന്ന തര്‍ക്കത്തിനൊടുവില്‍ അച്ഛന്‍ ഇന്നലെ രാത്രി വന്ന സമയത്ത് അവളീക്കാര്യം ചോദിച്ചു… ആ സമയത്ത് അഞ്ചു വീട്ടില്‍ ഉണ്ടായിരുന്നില്ല, അടുത്ത വീട്ടിലെ അവളുടെ കൂട്ടുകാരിയെ കാണാന്‍ പോയിരിക്കുകയായിരുന്നു… ഭാര്യയും മക്കളും അറിയാതിരുന്ന കാര്യം പറയാതിരിക്കാന്‍ അദ്ദേഹം ശ്രമിച്ചു നോക്കിയെങ്കിലും അവര്‍ തമ്മിലുള്ള സംസാരം കേട്ടുകൊണ്ട് വന്ന അമ്മയും അനുവിനോപ്പം കൂടിയാതോടെ അച്ഛന്‍ പ്രതിരോധത്തിലായി… അപ്‌സ്റ്റെയറില്‍ അനുവിന്റെ മുറിയിലായിരുന്ന എനിക്ക് താഴെ ഹാളിലിരുന്നുള്ള അവരുടെ സംസാരം വ്യക്തമായി കേള്‍ക്കാമായിരുന്നു…
“…അച്ഛനെന്തൊക്കെ പറഞ്ഞാലും ഈ കാശ് അയാള്‍ക്ക് കൊടുക്കാന്‍ ഞാന്‍ സമ്മതിക്കില്ല… അഞ്ചൂനും കല്യാണപ്രായായി വരുവാ… അതോണ്ട് എന്റെ കല്യാണം നടത്തിയപ്പോഴേ ഇത്രയും വലിയ ബാധ്യതയുണ്ടാവാന്‍ ഞാന്‍ സമ്മതിക്കില്ല…”
“…അനൂ ഒന്ന് പതുക്കെ… ദേവന്‍ നിന്റെ ഭര്‍ത്താവാ… നീയെന്താ അവനെ അയാളെന്നൊക്കെ വിളിക്കുന്നേ…??” ശബ്ദം താഴത്തി എന്നാല്‍ ദേഷ്യത്തോടെ അച്ഛന്‍ ചോദിച്ചു…
“…അച്ഛനെന്നോട് അതൊന്നും ചോദിക്കരുത്… അയാള്‍ടെ ഭാര്യയാവേണ്ടി വന്നത് എന്റെ വിധിയാന്നു ഞാന്‍ കരുതിക്കോളാം… പക്ഷേ ഈ കാശ് അയാക്ക് കൊടുക്കാന്‍ പറ്റില്ല…”
“…വിധിയോ… ഇങ്ങനൊക്കെ പറയാന്‍ മാത്രം ഇവിടിപ്പോ എന്താ ഉണ്ടായേ… ഈ കാശ് അവന്‍ ചോദിച്ചതാണേത്തന്നെ അതിലെന്താ തെറ്റ്… അവന്‍ വല്യ വീട്ടിലെ കൊച്ചാ… വല്യ സ്ത്രീധനം വാങ്ങിച്ചു ഒരു പണക്കാരി പെണ്ണിനെ കെട്ടാന്‍ അവനു പറ്റുവാരുന്നു… എന്നിട്ടും നമ്മടെ അവസ്ഥ കണ്ട് അവനീ കല്യാണത്തിനു സമ്മതിച്ചത് തന്നെ നിന്റെ ഭാഗ്യാന്നു കരുതിയാ മതി… എന്നിട്ട് അവള്‍ടെ വര്‍ത്താനം കേട്ടില്ലേ…??” രാധമ്മ അനുവിനെ ശാസിച്ചു..
“..രാധേ… നീ വേണ്ടാത്തതൊന്നും പറയണ്ട… ദേവന്‍ എന്നോട് സ്ത്രീധനമൊന്നും ചോദിച്ചിട്ടില്ല… ഇത് വേറെ കാശാ…”
“…വേറെ കാശോ… അപ്പോ കല്യാണച്ചെലവാരിക്കൂല്ലേ… വല്യ ശ്രീമംഗലംകാരാന്നും പറഞ്ഞ് സമൂഹവിവാഹം നടത്തീട്ട്… ഇപ്പോ അതിന്റെ കാശ് ചോദിക്കുന്നോ… നാണമുണ്ടോ അവര്‍ക്ക്…” അമ്മ വീണ്ടും ദേഷ്യപ്പെട്ടു..
“..രാധേ… പതുക്കെ… ദേവന്‍ മോളിലുണ്ട്… അവനിത് കേട്ടാ കുറച്ചിലാ… ഇതതൊന്നുമല്ല…” അമ്മ പറയുന്നതിനെ എതിര്‍ക്കുമ്പോഴും സത്യമെന്താണെന്ന് പറയാന്‍ അച്ഛനു മടിയായിരുന്നു..
“…പിന്നെന്താ അച്ഛാ… അച്ഛനെന്താ ഞങ്ങടെ അടുത്തൂന്ന് ഒളിക്കുന്നെ…??”
