അനുവിന്റെ നാട്ടില്‍ എത്തുന്നതിനു കുറച്ചു മുന്‍പ് ഞാന്‍ എന്റെ കാര്‍ നിര്‍ത്തി അവര്‍ വരാന്‍ കാത്തിരുന്നു… അരമണിക്കൂറോളം കഴിഞ്ഞാണ് അവര്‍ വന്നത്… എന്റെ കാറിനടുത്ത് അവരെ ഇറക്കി സ്റ്റീഫന്‍ തിരിച്ചു പോയി… ഒന്നും മിണ്ടാതെ രണ്ടുപേരും വന്ന് കാറില്‍ കയറി… ആദിയുടെ കൂട്ടുകാരിയും നാട്ടുകാരിയും ഒക്കെയാണ് അനു എന്നറിയാമെങ്കിലും അവളുടെ വീട് എനിക്കറിയില്ലായിരുന്നു… അതുകൊണ്ടു മാത്രമാണ് അവരെ വഴിയില്‍ കാത്തു നിന്നത്.. അല്ലെങ്കില്‍ ഞാന്‍ നേരെ വീട്ടിലേയ്ക്ക് പോയേനെ… അതുകൊണ്ട് അമ്പലത്തിനടുത്തെത്തിയ ശേഷം ഞാന്‍ അനുവിനോട് തന്നെ വഴി ചോദിച്ചാണ് അവരുടെ വീട്ടിലേയ്ക്ക് കാറോടിച്ചത്…
ഞങ്ങള്‍ വരുന്ന കാര്യം മുന്‍കൂട്ടി അറിയാമായിരുന്നതിനാല്‍ ആദി ഞങ്ങളെ കാത്ത് അവിടെ ഉണ്ടായിരുന്നു… ഇവിടെയും എന്നോടധികം മിണ്ടാന്‍ നില്‍ക്കാതെ ആദി അനുവിനോടും അഞ്ചുവിനോടും സംസാരിച്ച ശേഷം എന്നെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തിട്ട് അവളുടെ ഡിയോയില്‍ കയറിപ്പോയി… ആ ചിരിപോലും അനുവിന്റെ വീട്ടുകാരെ കാണിക്കാനാണ്…
ഭാര്യ വീട്ടിലെ ആദ്യദിനം… എവടെ… ഒരു മാറ്റവും എനിക്ക് തോന്നിയില്ല… അഞ്ചു എപ്പോ നോക്കിയാലും പഠിത്തമാണ്.. അനു അടുക്കളയിലും മറ്റുമായി അമ്മയെ സഹായിക്കലും… രവിയങ്കിളിനു എന്നെ വലിയ കാര്യമാണെന്ന് ആദ്യ ദിവസം തന്നെ എനിക്ക് ബോധ്യപ്പെട്ടു… രണ്ടു പെണ്‍മക്കളുടെ അച്ഛനായ പുള്ളിക്ക് ഒരു മോനെ കിട്ടിയ സന്തോഷത്തോടെയാണ് എന്നോട് പെരുമാറിയതൊക്കെ…
രാത്രി ഒരു മുറിയില്‍ ഉറങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍.. എന്നോട് കട്ടിലില്‍ കിടന്നോളാന്‍ അനു പറഞ്ഞെങ്കിലും അവള്‍ക്ക് കിടക്കാനായി നിലത്ത് അവള്‍തന്നെ വിരിച്ച പായയില്‍ ഒന്നും മിണ്ടാതെ ഞാന്‍ കയറിക്കിടന്നു… അവള്‍ക്ക് പെരുത്ത് സന്തോഷം കട്ടിലില്‍ കിടക്കാല്ലോ.. ഭാര്യയ്ക്കൊപ്പം രണ്ടാം ദിവസമാണ് ഞാന്‍ ഒരു മുറിയില്‍ ഉറങ്ങുന്നത്… എന്നാല്‍ ഇതുവരെ അവളോടൊന്ന് മനസ്സ് തുറന്നു സംസാരിക്കാന്‍ കഴിയാത്തതിന്റെ വിഷമം എന്നെ വല്ലാതെ അലട്ടിയിരുന്നു… എന്നിട്ടും അനുവിന്റെ അമ്മയുണ്ടാക്കിയ രുചികരമായ നാടന്‍ ഭക്ഷണം മൂക്ക് മുട്ടെ തട്ടിയതിന്റെ ക്ഷീണത്തില്‍ ഞാന്‍ വേഗം ഉറങ്ങി… അന്നും പതിവ് സമയത്ത് ഞാന്‍ മൂത്രം ഒഴിക്കാന്‍ എഴുന്നേറ്റപ്പോള്‍ അനുവും ഉണര്‍ന്നിരുന്നു എന്നത് ഞാന്‍ ശ്രദ്ധിച്ചു… ഞാന്‍ ഇറങ്ങിയ പുറകേ അവളും ബാത്രൂമില്‍ പോയിട്ട് വന്നുകിടക്കുന്ന കണ്ടു…
രവിയങ്കിളിന് ടൌണില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റും, വീട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ ഒരു ഫാമും ഉണ്ട്… സൂപ്പര്‍മാര്‍ക്കറ്റ് ഒരു സുഹൃത്തിനൊപ്പം ഷെയറിലാണ് നടത്തുന്നത്… രാവിലെ ഫാമില്‍ പോയി അവിടത്തെ പശുക്കളുടെ പാല്‍ സൊസൈറ്റിയില്‍ കൊടുത്തിട്ട് വന്നാല്‍ പ്രാതലും കഴിഞ്ഞ് പുള്ളി സൂപ്പര്‍മാര്‍ക്കറ്റില്‍ പോകും.. പത്തു മണിവരെ അവിടെയിരുന്ന് അത്യാവശ്യം ബിസ്സിനസ്സൊക്കെ നോക്കിയശേഷം വീണ്ടും ഫാമിലേയ്ക്ക് പോകും… ഉച്ചഭക്ഷണം കൊണ്ടുപോകുന്നതാണ് പതിവ്… പിന്നെ വൈകുന്നേരം സൂപ്പര്‍മാര്‍ക്കറ്റ് അടച്ചശേഷം മാത്രമേ തിരിച്ചു വരികയുള്ളൂ… അപ്പോള്‍ സമയം ഏതാണ്ട് എട്ടു മണിയാകും…
ഇവിടെ വന്നപ്പോള്‍ മുതല്‍ അങ്കിളിന്റെ ഫാമില്‍ ഒന്ന് പോകണമെന്ന് എന്റെ ആഗ്രഹമായിരുന്നു… ജൈവപച്ചക്കറി കൃഷിയും കന്നുകാലികളും ഒക്കെയായി ഇവിടം സ്വര്‍ഗ്ഗമാണ് സിനിമയിലെ ലാലേട്ടന്റെ പുരയിടം പോലെയാണെന്ന് രാധമ്മ പറഞ്ഞു കേട്ടു… എന്നാല്‍ ഒന്ന് കണ്ടുകളയാം എന്നൊരു പൂതി… ഇവിടത്തെ എന്റെ ബോറടിയും മാറും.. ഫാമും കാണാം…
