” ചിരിക്കാതെ എന്നെ ചേർത്ത് പിടിക്ക് കൊരങ്ങാ… മനുഷ്യൻ്റെ നല്ല ജീവൻ അങ്ങ് പോയി… ”
പെണ്ണെൻ്റെ നെഞ്ചിൽ കിടന്ന് ചിണുങ്ങിയതും ഞാൻ അവളെ നെഞ്ചോട് ചേർത്തു പിടിച്ചു…അങ്ങനെ പിന്നെ എന്നെ കെട്ടിപിടിച്ചു കൊണ്ടായിരുന്നു പടം കാണൽ…അങ്ങനെ ഇൻ്റർവെൽ ആയപ്പൊ പുറത്ത് പോയി പോപ്കോൺ ഒക്കെ വാങ്ങി തിരിച്ച് വരുമ്പൊ അംഗനവാടിയിൽ അമ്മ വരുന്നതും കാത്ത് നിൽക്കുന്ന കൊച്ചിനെ പോലെ അവളെന്നെ നോക്കി നിൽക്കുന്നു…ഇനി ഞാനെങ്ങാനും പടം തുടങ്ങുന്നതിനും മുന്നേ വന്നില്ലെങ്കിൽ അവൾ കാറി കൂവി ഇതിലെ ഓടും…
അങ്ങനെ പടം വീണ്ടും തുടങ്ങിയതും പെണ്ണ് വീണ്ടും എൻ്റെ നെഞ്ചത്തോട്ട്…ഇത് ഒരു കുരിശായല്ലോ…അങ്ങനെ പടം കണ്ടോണ്ട് നിൽക്കുമ്പോഴാണ് പാമ്പ് ഒച്ചയുണ്ടാക്കുമ്പോലെ ലവളെൻ്റെ ചെവിയുടെ അടുത്ത് വന്ന് സ്സ്…സ്സ്-ന്ന് ശബ്ദം ഉണ്ടാക്കിയത്…ഞാൻ എന്താണെന്നറിയാൻ പുരികം ഉയർത്തി…
” ഒരു സംഭവം കാണിച്ചു തരാം… അങ്ങോട്ട് പതുക്കെ നോക്കിയേ… ”
അവൾ ഫ്രണ്ടിലത്തെ റോയിലെ അങ്ങേ അറ്റത്ത് ചൂണ്ടി കാണിച്ച് പറഞ്ഞു… അതോടെ അങ്ങോട്ടേക്ക് നോക്കിയതും അവിടെ വേറെ പടം കളിക്കുന്നു…ഒന്നൂല്ല്യ രണ്ട് കമിതാക്കളുടെ ഫ്രീ കിസ്സടി ഷോ…
” ആഹാ ഇവിടെ ഇങ്ങനൊരു ഷോ കൂടെ ഉണ്ടായിരുന്നോ… ”
ഞാൻ പതുക്കെ അവരെ നോക്കി ആരോടെന്നില്ലാതെ പറഞ്ഞു…ആ ഭാഗത്തൊന്നും ആരും ഉണ്ടായിരുന്നില്ല… അതായിരിക്കും അവരുടെ ധൈര്യം…
” ഛി…മതി…ഇങ്ങോട്ട് നോക്കിയേ…അവരെന്തേലും ചെയ്യ്തോട്ടേ… ”
എൻ്റെ നോട്ടം കണ്ട് തല പിടിച്ച് നേരെയാക്കി കുഞ്ചൂസ് പറഞ്ഞു…
” ആഹാ ചുമ്മാ ഇരുന്ന എന്നെ വിളിച്ച് ഓരോന്ന് കാണിച്ച് തന്നിട്ട് ഇപ്പൊ നോക്കരുത് എന്നോ… ഇതൊരുമാതിരി ഇലയിട്ടിട്ട് ചോറില്ലാന്ന് പറയുമ്പോലാണല്ലോ… ”
ഞാൻ അവളെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞതും കിട്ടി നല്ലൊന്നാന്തരം നുള്ള്…ഈ പെണ്ണ് എൻ്റെ മൊത്തം ഇറച്ചിയും നുള്ളി എടുക്കും…നഖം ഒന്നും ജനിച്ചതിന് ശേഷം വെട്ടിയിട്ടിലാന്ന് തോന്നുന്നു സാധനം…
” അതിന് ഒന്ന് കാണിച്ച് തന്നെന്ന് കരുത്തി വല്ലലരുടേം കാര്യത്തിൽ അങ്ങനിപ്പൊ എത്തി നോക്കണ്ടാ… ”
അവളെന്റെ മുഖം നേരെ പിടിച്ചു കൊണ്ട് പറഞ്ഞു…
